X
    Categories: gulfNews

റിയാദിലെ അല്‍യസ്മിന്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഡോ . കെ എച്ച് . റഹ്മത്തുല്ലാഹ് കോവിഡ് ബാധിച്ച് മരിച്ചു

 

അഷ്റഫ് വേങ്ങാട്ട്

റിയാദ് : റിയാദിലെ പ്രമുഖ ഇന്ത്യന്‍ വിദ്യാലയങ്ങളിലൊന്നായ അല്‍യാസ്മിന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ പ്രിന്‍സിപ്പാള്‍ ഡോ . കെ എച്ച് . റഹ്മത്തുല്ലാഹ് കോവിഡ് ബാധിച്ച് ചെന്നൈയില്‍ വെച്ച് മരണപെട്ടു. കഴിഞ്ഞ ഒരാഴ്ച്ചയോളമായി കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലായിരുന്നു. രണ്ട് ദിവസം മുമ്പാണ് രോഗം ഗുരുതരമായത്. ജിദ്ദയിലെ അല്‍ വുറൂദ് ഇന്റര്‍നാഷണല്‍ സ്‌കൂളിലും പ്രിന്‍സിപ്പാളായി സേവനമനുഷ്ഠിച്ചിരുന്നു. നേരത്തെ അല്‍ യാസ്മിന്‍ ഗ്രൂപ്പ് ഓഫ് സ്‌കൂളിന്റെ മേധാവിയുമായിരുന്നു. അബുദാബിയിലെ ഇസ്ലാമിയ ഇംഗ്ലീഷ് സ്‌കൂളിലും സേവനമനുഷ്ഠിച്ചിരിക്കെയാണ് സഊദിയിലെത്തിയത്. ഭാര്യയും മക്കളും നാട്ടിലാണുള്ളത് . ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് അദ്ദേഹം നാട്ടിലേക്ക് പോയത് .

ജിദ്ദയിലെയും റിയാദിലെയും സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ രംഗങ്ങളില്‍ നിറസാന്നിധ്യമായിരുന്നു ഡോ. റഹ്മത്തുല്ലാഹ്. നാടിനെ അപേക്ഷിച്ച് പ്രവാസ ലോകത്തെ വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രതിസന്ധികള്‍ മുന്നില്‍ കണ്ടുകൊണ്ട് തന്റെ സ്‌കൂളുകളില്‍ മാത്രമല്ല വിവിധ ഇന്ത്യന്‍ സ്‌കൂളുകളിലും വിദ്യാര്‍ത്ഥികളുടെ വ്യക്തിപ്രഭാവം വളര്‍ത്തിയെടുക്കാനുള്ള ശാസ്ത്രീയമായ നടപടികള്‍ക്ക് അദ്ദേഹം മുന്‍കൈയെടുത്തിരുന്നു. തന്റേതായ ശൈലിയിലൂടെ പ്രവാസി സമൂഹവുമായി സംവദിച്ച അദ്ദേഹം പ്രവാസി കുടുംബങ്ങള്‍ക്കിടയില്‍ ശ്രദ്ധേയമായ വ്യക്തിത്വത്തിന് ഉടമായിരുന്നു . ഇന്ത്യന്‍ സമൂഹത്തിലെ എല്ലാ ചടങ്ങുകളിലും സ്ഥിരസാന്നിധ്യമായിരുന്നു റഹ്മത്തുല്ലാഹ് . വിദ്യാര്‍ത്ഥികളുടെ കഴിവുകള്‍ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കുന്നതിലും ഉയരങ്ങളിലേക്ക് കൈപിടിച്ചുയര്‍ത്തുന്നതിലും പ്രിന്‍സിപ്പാളിന്റെ പങ്കിനെ കുറിച്ച് അദ്ദേഹത്തിന്റെ ശിക്ഷണം ലഭിച്ച വിദ്യാര്‍ത്ഥികള്‍ വാചാലരാണ് . തങ്ങളുടെ വഴികാട്ടിയായിരുന്ന സ്വന്തം സാറിന്റെ വിയോഗം വിശ്വസിക്കാനാവാതെ കണ്ണീരോടെ വിടചൊല്ലുകയാണ് അല്‍യാസ്മിന്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍. സോഷ്യല്‍ മീഡിയ വഴി വിരഹവേദന പങ്ക് വെക്കുകയാണവര്‍.

കെ എച്ച് റഹ്മത്തുല്ലയുടെ അപ്രതീക്ഷിത വിയോഗത്തില്‍ റിയാദിലെയും ജിദ്ദയിലെയും വിവിധ സാംസ്‌കാരിക വിദ്യാഭ്യാസ സംഘടനകളും രക്ഷാകര്‍ത്താക്കളും വിദ്യാര്‍ത്ഥികളും സ്‌കൂള്‍ മാനേജ്മെന്റും അധ്യാപകരും ജീവനക്കാരും അഗാധമായ അനുശോചനം രേഖപ്പെടുത്തി. സഊദി കെഎംസിസി നാഷണല്‍ കമ്മിറ്റി. കെഎംസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി , കെഎംസിസി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി. റിയാദ് മീഡിയ ഫോറം , ഒഐസിസി സഊദി നാഷണല്‍ കമ്മിറ്റി, ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി തുടങ്ങി ഒട്ടേറെ പേര്‍ അനുശോചനം രേഖപ്പെടുത്തി.

 

Test User: