ന്യൂഡല്‍ഹി: ത്രിപുരയില്‍ സമാധാനവും ജനാധിപത്യവും പുനഃസ്ഥാപിക്കാന്‍ ബി.ജെ.പിയെ ഭരണത്തില്‍ നിന്ന് പുറത്താക്കണമെന്ന് മുന്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍.കഴിഞ്ഞ അഞ്ചുവര്‍ഷമായി ബി.ജെ.പി ഭീകരവാഴ്ച അഴിച്ചുവിടുകയും ജനാധിപത്യത്തെ നശിപ്പിക്കുകയുമാണെന്ന് അദ്ദേഹം ആരോപിച്ചു. ധന്‍പൂരിലെ കതാലിയയില്‍ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് മണിക് സര്‍ക്കാറിന്‍റെ പരാമര്‍ശം.
‘മാറ്റത്തിന്റെ വാഗ്ദാനവുമായി അധികാരത്തിലെത്തിയ ശേഷം ബി.ജെ.പി ഭീകര വാഴ്ചയാണ് അഴിച്ചുവിട്ടത്. സമാധാനം പുനഃസ്ഥാപിക്കാനും ജനാധിപത്യം നിലനില്‍ക്കാനും നിങ്ങള്‍ ആഗ്രഹിക്കുന്നെങ്കില്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തണം.’- മണിക് സര്‍ക്കാര്‍ പറഞ്ഞു.യുവാക്കള്‍ക്ക് ജോലിനല്‍കുന്നതില്‍ ബി.ജെ.പി പരാജയപ്പെട്ടു. ബി.ജെ.പി വര്‍ഗീയ രാഷ്ട്രീയത്തിന്‍റെ പാത പിന്തുടരുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.