കൃഷ്ണഗിരി: തമിഴ്നാട്ടിലെ കൃഷ്ണഗിരിയില്‍ വാട്ടര്‍ ടാങ്കിന് സമീപം വസ്ത്രങ്ങള്‍ അലക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സൈനികനെ തല്ലിക്കൊന്നു.ഡിഎംകെ കൗണ്‍സിലറും മറ്റുള്ളവരും ചേര്‍ന്നാണ് പ്രഭാകരനെ ( 33 ) ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയത്.
ഫെബ്രുവരി എട്ടിന് പോച്ചംപള്ളി പ്രദേശത്തെ ടാങ്കിന് സമീപം വസ്ത്രങ്ങള്‍ അലക്കുന്നതിനെ ചൊല്ലി പ്രഭാകരനും ഡിഎംകെ അംഗം ചിന്നസാമിയും തമ്മില്‍ വാക്കേറ്റം നടന്നിരുന്നു. കുടിക്കാന്‍ ഉപയോഗിക്കുന്ന വെള്ളം അലക്കാന്‍ ഉപയോഗിക്കുന്നത് ശരിയാണോ എന്ന് ചോദിച്ചതിനെ ചൊല്ലിയായിരുന്നു തര്‍ക്കം.അന്ന് രാത്രി കൗണ്‍സിലറായ ചിന്നസാമിയും ഒമ്ബത് പേരും പ്രഭാകരനെയും സഹോദരന്‍ പ്രഭുവിനെയും ആക്രമിക്കുകയായിരുന്നെന്നാണ് പരാതി.
ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ പ്രഭാകരന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെയാണ് മരിച്ചത്. സഹോദരന്‍ പ്രഭുവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ചിന്നസാമിയുടെ മകന്‍ രാജപാണ്ടി ഉള്‍പ്പെടെ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ മുഖ്യപ്രതിയും കൗണ്‍സിലറുമായ ചിന്നസ്വാമി ഒളിവിലാണ്. ഇവര്‍ക്കെതിരെ കൊലപാതകക്കുറ്റമാണ് ചുമത്തിയത്. ചിന്നസാമിക്കായി തിരച്ചില്‍ തുടരുകയാണ്.