X

യുദ്ധവിമാന അപകടം; സൈനികൻ മരണപ്പെട്ടു

പരിശീലനപ്പറക്കലിനിടെ മധ്യപ്രദേശില്‍ വ്യോമസേനയുടെ രണ്ട് യുദ്ധവിമാനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രാജ്യത്തിന് നഷ്ടമായത് കര്‍ണാടക സ്വദേശിയായ ധീരസൈനികനെ.
മിറാഷ് വിമാനം പറത്തിയ പൈലറ്റ് വിങ് കമാന്‍ഡര്‍ ഹനുമന്ത് റാവു സാരഥിയാണ് ശനിയാഴ്ച അപകടത്തില്‍ മരിച്ചത്.

കര്‍ണാടകയിലെ ബെളഗാവി ഗണേഷ് പുര്‍ സ്വദേശിയാണ് 35കാരനായ ഇദ്ദേഹം. സുഖോയ് 30 എം.കെ.ഐ, മിറാഷ് 2000 യുദ്ധവിമാനങ്ങളാണ് മധ്യപ്രദേശിലെ മൊറീന ജില്ലയില്‍ കൂട്ടിയിടിച്ചത്. ഗ്വാളിയോറില്‍ വ്യോമസേനയുടെ ടാക്റ്റിക്സ് ആന്‍ഡ് എയര്‍ കോമ്ബാറ്റ് ഡെവലപ്മെന്‍റ് എസ്റ്റാബ്ലിഷ്മെന്‍റില്‍ ഫൈറ്റര്‍ പൈലറ്റ് പരിശീലകനായിരുന്നു ഹനുമന്ത് റാവു.2009ലാണ് സൈന്യത്തില്‍ ചേര്‍ന്നത്. ഭാര്യ മിമാന്‍ഷക്കും മക്കള്‍ക്കുമൊപ്പം ഗ്വാളിയോറിലായിരുന്നു താമസം. മൂന്നുവയസ്സുള്ള പെണ്‍കുട്ടിയുടെയും ഒരു വയസ്സുള്ള ആണ്‍കുട്ടിയുടെയും പിതാവാണ്. മരണവിവരം അറിഞ്ഞതോടെ നാട് ദുഃഖത്തിലാഴ്ന്നു.കുടുംബത്തെ ആശ്വസിപ്പിക്കാന്‍ നിരവധി പേരാണ് വീട്ടിലേക്കെത്തിയത്. പിതാവ് രേവണ്‍ സിദ്ദപ്പ സാരഥി സൈന്യത്തില്‍ നിന്ന് വിരമിച്ച ക്യാപ്റ്റനാണ്. സഹോദരന്‍ പ്രവീണ്‍ സാരഥി നിലവില്‍ സൈന്യത്തില്‍ ഗ്രൂപ് ക്യാപ്റ്റനാണ്. ഭൗതികശരീരം ഞായറാഴ്ച ഉച്ചക്ക് ശേഷമാണ് വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ ബംഗളൂരുവില്‍ എത്തിച്ചത്. തുടര്‍ന്ന് ബെളഗാവിയിലെ വസതിയിലെത്തിച്ച്‌ വൈകീട്ടോടെ പൂര്‍ണ സൈനിക ബഹുമതികളോടെ സംസ്കരിച്ചു. ധീരനായ സൈനികനെയാണ് നഷ്ടമായതെന്ന് കര്‍ണാടക മുഖ്യമന്ത്രി അനുശോചിച്ചു. മുന്‍മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയടക്കമുള്ളവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.

webdesk12: