മൂന്നാര്‍; കന്യാസ്ത്രീമഠത്തില്‍ എത്തി മോഷണം നടത്തിയ ആള് പൊലീസ് പിടിയില്‍.
ഇടുക്കി പാറത്തോട് ഇരുമലക്കാപ്പ് വെട്ടിക്കാപ്പ് ജോണ്സണ് തോമസാണ് അറസ്റ്റിലായത്. ഉടുമ്ബന്ചോലക്കടുത്ത് ചെമ്മണ്ണാറില്‍ കന്യാസ്ത്രീ മഠത്തില്‍ സഹായം ചോദിച്ചെത്തിയ ശേഷം മോഷണം നടത്തുകയായിരുന്നു.
ചെമ്മണ്ണാര്‍ എസ് എച്ച് കോണ്‍വെന്റില്‍ എത്തിയ ജോണ്സന് ചികിത്സക്കായി പണം ആവശ്യപ്പെട്ടു. അടുത്ത ദിവസം പണം തരാമെന്നു പറഞ്ഞ് കന്യാസ്ത്രീകള്‍ ഇയാളെ മടക്കി അയച്ചു. എന്നാല്‍ ജോണ്സന് മടങ്ങി പോകാതെ സമീപത്തു നിന്നും സ്ഥിതിഗതികള്‍ നിരീക്ഷിച്ചു. കന്യാസ്ത്രീകള്‍ പുറത്തേക്ക് പോയ സമയത്ത് കോണ്‍വെന്റിനുള്ളില്‍ കടന്ന് പണം മോഷ്ടിക്കുകയായിരുന്നു.
പുറത്തു പോയ കന്യാസ്ത്രീകള്‍ തിരികെ എത്തിയപ്പോഴാണ് മോഷണം നടന്നത് മനസ്സിലായി. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഉടുമ്ബന്‍ഞ്ചോല പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. മഠത്തില്‍ നിന്നും മോഷ്ടിച്ചതില്‍ 31,500 രൂപ കണ്ടെടുത്തിട്ടുണ്ട്. ബാക്കി തുക ചെലവാക്കിയതായി ജോണ്സന് പൊലീസിനോട് പറഞ്ഞു. നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.