X

എട്ടു വയസ്സുകാരിയെക്കൊണ്ട് സ്‌കൂളിന്റെ വരാന്തയും ക്ലാസ് മുറികളും വൃത്തിയാക്കിച്ചു; കഠിനമായ ജോലിയില്‍ തളര്‍ന്ന കുട്ടിക്ക് ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചു; ജോലി ചെയ്യിപ്പിച്ച ടീച്ചർക്കെതിരെ അന്വേഷണം

എട്ടുവയസ്സുള്ള മൂന്നാംക്ലാസുകാരിയെകൊണ്ടു നിര്‍ബ്ബന്ധപൂര്‍വ്വം ജോലിചെയ്യിപ്പിച്ച അദ്ധ്യാപികക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മലപ്പുറം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി. കാരക്കുന്ന് പഴേടം എ എല്‍ പി സ്‌കൂള്‍ അദ്ധ്യാപികക്കെതിരെ അന്വേഷണം നടത്താന്‍ ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, മഞ്ചേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, സ്‌കൂള്‍ മാനേജര്‍ എന്നിവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.

ഇക്കഴിഞ്ഞ മൂന്നിനാണ് സംഭവം. മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയോട് എച്ച്‌ എം ഇന്‍ചാര്‍ജ്ജ് കൂടിയായിരുന്ന അദ്ധ്യാപിക സ്‌കൂള്‍ വരാന്തയും ക്ലാസ് മുറികളും വൃത്തിയാക്കാന്‍ ആവശ്യപ്പെട്ടു. കഠിനമായ ജോലിയില്‍ തളര്‍ന്ന കുട്ടി വീട്ടിലെത്തിയതോടെ ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചു. രക്ഷിതാക്കള്‍ കുട്ടിയെ ആശുപത്രിയില്‍ കാണിച്ചതോടെ സംഭവം പുറംലോകമറിഞ്ഞു. അവശയായ കുട്ടിക്ക് പിറ്റേന്ന് സ്‌കൂളില്‍ ഹാജരാകാനുമായില്ല.

ഇതോടെ പിതാവ് സ്‌കൂള്‍ മാനേജര്‍ക്കും പിടിഎ കമ്മറ്റിക്കും പരാതി നല്‍കി. പിതാവിന്റെ പരാതിയടക്കം സ്‌കൂള്‍ മാനേജരാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിക്ക് അപേക്ഷ നല്‍കിയത്. സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങളില്‍ കൃത്യമായി ഇടപെടാന്‍ അധികാരമുള്ള സ്‌കൂള്‍ മാനേജര്‍ നല്‍കിയ പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ ഏറെ ഗൗരവതരമെന്ന് വിലയിരുത്തിയ കമ്മറ്റി അന്വേഷണം നടത്തി ഉചിതമായ നടപടിയെടുക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയത്.

webdesk12: