X
    Categories: indiaNews

യു.പിയില്‍ മാംസ വില്‍പ്പനക്കാരന് നേരേ ആക്രമണം: നാലുപേര്‍ പിടിയില്‍

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ ഇറച്ചിവില്‍പ്പനക്കാരനെ ആക്രമിച്ച സംഭവത്തില്‍ നാലു പേര്‍ അറസ്റ്റില്‍. മൊറാദാബാദ് പൊലീസാണ് പ്രതികളെ പിടികൂടിയത്. കേസിലെ മുഖ്യപ്രതിയായ മനോജ് ഠാക്കൂറിനെ ഇതുവരെ പിടികൂടാനായിട്ടില്ല. ഇയാള്‍ക്ക് പുറമേ മറ്റു ചില പ്രതികള്‍ കൂടി ഒളിവിലാണെന്നും കേസില്‍ അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഇറച്ചിവില്‍പ്പനക്കാരനായ മുഹമ്മദ് ഷാക്കിര്‍ എന്നയാളെ മനോജ് ഠാക്കൂറും സംഘവും ആക്രമിച്ചത്. ഗോസംരക്ഷകരെന്ന് അവകാശപ്പെട്ട ഇവര്‍ ഇറച്ചിയുമായി സ്‌കൂട്ടറില്‍ പോവുകയായിരുന്ന ഷാക്കിറിനെ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. 50,000 രൂപ ആവശ്യപ്പെട്ട പ്രതികള്‍ പിന്നീട് ഷാക്കിറിനെ മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് പൊലീസ് സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയത്. അതേസമയം, ആക്രമണത്തിനിരയായ ഷാക്കറിനെതിരേ മൊറാദാബാദ് പൊലീസ് മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ലോക്ഡൗണ്‍ ലംഘിച്ച് യാത്ര ചെയ്തതിനും രേഖകളില്ലാതെ ഇറച്ചി കൊണ്ടുപോയതിനുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഈ കേസുകളില്‍ ഷാക്കിറിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍വിട്ടു. അതിനിടെ, ഒളിവിലുള്ള മനോജ് ഠാക്കൂര്‍ സംഭവത്തില്‍ വിശദീകരണവുമായി രംഗത്തെത്തി.

വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ ഷാക്കിര്‍ തങ്ങളെ ഇടിച്ചിടാന്‍ ശ്രമിച്ചെന്നും ഗോവധം തടയാനാണ് തങ്ങള്‍ ശ്രമിച്ചതെന്നും മനോജ് ഠാക്കൂര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. താന്‍ ഗോവധം തടയാന്‍ ശ്രമിക്കുമ്പോള്‍ പൊലീസ് ഭീഷണിപ്പെടുത്തുകയാണെന്നുമാണ് ഇയാളുടെ വാദം. ഗോ മാംസം സൂക്ഷിച്ചുവെന്നാരോപിച്ച് നേരത്തെ മുഹമ്മദ് അഖ്‌ലാഖിനെ യു.പിയില്‍ സംഘ്പരിവാറിന്റെ ഗോരക്ഷാ ഗുണ്ടകള്‍ തല്ലിക്കൊന്നിരുന്നു.

Test User: