ന്യൂഡല്‍ഹി: കാലിക്കടത്ത് ആരോപിച്ച് ഹരിയാനയിലെ മുസ്‍ലിം യുവാക്കളെ കൊന്ന അഞ്ച് ഗോരക്ഷാ ഗുണ്ടകളില്‍ മൂന്നുപേര്‍ പൊലീസിന് വിവരം നല്‍കുന്നവരാണെന്ന് റിപ്പോര്‍ട്ട്.കാലിക്കടത്ത് സംബന്ധിച്ച് പൊലീസിന് വിവരം നല്‍കുന്നവരാണ് മൂവരുമെന്നാണ് മുന്‍ കേസുകളിലുള്ള എഫ്.ഐ.ആര്‍ വ്യക്തമാക്കുന്നത്.
അനില്‍, ശ്രീകാന്ത്, റിങ്കു സൈനി, ലോകേഷ് സിങ്കള, മോഹിത് യാദവ് എന്ന മോനു മനേസര്‍ എന്നിവരാണ് കേസില്‍ പ്രതികള്‍. ഇതില്‍ റിങ്കു സൈനി, ലോഷേക് സിങ്കള, ശ്രീകാന്ത് എന്നിവര്‍ കാലിക്കടത്ത് പിടിക്കാന്‍ ഹരിയാന പൊലീസിനൊപ്പം പോകാറുണ്ടെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. ഹരിയാനയിലെ ഭിവാനിയിലാണ് നസിര്‍, ജുനൈദ് എന്ന രണ്ടുപേരെ മഹിന്ദ്ര ബെലേറൊ എസ്.യു.വിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. കാലിക്കടത്ത് ആരോപിച്ച് ഗോരക്ഷാ ഗുണ്ടകള്‍ ഇവരെ മര്‍ദിക്കുകയും മര്‍ദനത്തില്‍ മരിച്ചതോടെ കാറിലിട്ട് കത്തിക്കുകയുമായിരുന്നു.
അതേസമയം, ജുനൈദിനെതിരെ കാലിക്കടത്തുമായി ബന്ധപ്പെട്ട് അഞ്ചുകേസുകളുണ്ടെന്ന് പൊലീസ് ആരോപിച്ചു. നസിറിനെതിരെ കേസുകളൊന്നുമില്ലെന്നും പെലീസ് പറഞ്ഞു.