കണ്ണൂര്‍: രോഗത്തില്‍ നിന്ന് രക്ഷനേടാനാണ് മാസ്‌ക് ഉപയോഗിക്കുന്നതെങ്കിലും അത് രോഗബാധക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. മാസ്‌ക് ശരിയായി ഉപയോഗിച്ചില്ലെങ്കില്‍ വിവിധതരം പൂപ്പലില്‍ നിന്ന് ഫംഗസ് രോഗങ്ങള്‍ ശരീരത്തിനുള്ളില്‍ എത്താന്‍ സാധ്യത ഏറെയാണെന്ന് ആരോഗ്യവിദഗ്ധന്‍ പറയുന്നു. ബ്ലാക്ക് ഫംഗസ് വഴി മ്യൂക്കോര്‍ മൈക്കോസിസ് രോഗം പടരുന്ന സാഹചര്യത്തിലാണ് മാസ്‌കുകളുടെ ഉപയോഗത്തില്‍ ജാഗ്രതാ കാണിക്കണമെന്ന നിര്‍ദേശം.
തണുത്ത പ്രതലത്തിലാണ് പൂപ്പലുകള്‍ വളരുന്നത്. നിരന്തരം ഉപയോഗിക്കുന്ന തുണി മാസ്‌കുകളും മറ്റും കഴുകാതെയും അശ്രദ്ധയോടെയും തണുത്ത പ്രതലത്തില്‍ സൂക്ഷിച്ചാല്‍ അവയില്‍ അണുബാധക്കുള്ള സാധ്യത ഏറെയാണ്. വെളുത്തതും കറുത്തതുമായ പാടകളും കറുത്ത പുള്ളികളും ഇത്തരം മാസ്‌കില്‍ കാണപ്പെടുന്നു. ഇത് നേരിട്ട് ഉപയോഗിക്കുന്നതോടെ അണുക്കള്‍ മൂക്കിലൂടെ ശരീരത്തിനകത്ത് നേരിട്ട് എത്തുകയും രോഗകാരണമാവുകയും ചെയ്യും.
മഴക്കാലത്തും മറ്റും ഇത്തരം സാധ്യത ഏറെയാണ്. അതിനാല്‍ ഒരു മാസ്‌ക് തന്നെ പല തവണ ഉപയോഗിക്കാതിരിക്കുക. ഒന്നിലധികം മാസ്‌കുകള്‍ ശീലിക്കുക. ഉപയോഗിക്കുന്ന തുണിമാസ്‌കുകള്‍ നന്നായി സോപ്പ് വെള്ളത്തില്‍ കഴുകി വെയിലത്ത് ഉണക്കുക. ഉണങ്ങിയില്ലെങ്കില്‍ ഇസ്തിരി ഇട്ട ശേഷം ഉപയോഗിക്കുക.
രണ്ടു മാസ്‌കുകള്‍ നിര്‍ബന്ധമാക്കുകയും അധിക സുരക്ഷ ആവശ്യമായതിനാലും നാലോ അഞ്ചോ മാസ്‌കുകള്‍ വാങ്ങി അത് മാറി മാറി ഉപയോഗിക്കുകയാണ് പ്രായോഗിക രീതി. ഒന്നാമത്തെ ദിവസം ഉപയോഗിച്ച മാസ്‌ക്, കഴുകിയിട്ടോ അല്ലാതെയോ എടുത്തു വെക്കുക. അടുത്ത ദിവസം പുതിയത് ഉപയോഗിക്കുക. അഞ്ചാമത്തെ ദിവസം വീണ്ടും ആദ്യത്തേത് ഉപയോഗിക്കുക. ഇങ്ങനെ മാസ്‌കുകള്‍ മാറ്റി വെക്കുമ്പോള്‍ ഈര്‍പ്പം ഇല്ലാത്ത സ്ഥലത്തായിരിക്കണം സൂക്ഷിക്കേണ്ടത്. ചൂടും വെളിച്ചവും തട്ടുന്ന രീതിയില്‍ മാറ്റി വെക്കുക. ഏറ്റവും കുറഞ്ഞത് 72 മണിക്കൂര്‍ (മൂന്ന് ദിവസം)ന് ശേഷം മാത്രമേ ആദ്യത്തേത് വീണ്ടും ഉപയോഗിക്കാവൂ.
എന്‍ 95 മാസ്‌കുകളാണ് മികച്ച സുരക്ഷ നല്‍കുന്നത്. 95 ശതമാനം കണികകളെയും തടഞ്ഞുവെക്കാന്‍ ശേഷിയുള്ളത് എന്ന നിലക്കാണ് 95 എന്ന പേരുവന്നത്. 99, 100 ശതമാനം സുരക്ഷ തരുന്ന എന്‍ 99, എന്‍ 100 മാസ്‌കുകളും ലഭ്യമാണ്. ഇവ കഴുകാനോ വെയിലത്ത് ഉണക്കാനോ പാടില്ല. കുറഞ്ഞ സമയം ഉപയോഗിക്കുന്നവര്‍ക്ക് ഇവ ശ്രദ്ധയോടെ പേപ്പര്‍ കവറില്‍ എടുത്ത് വെച്ച് അഞ്ചു ദിവസത്തിനുശേഷം ആദ്യത്തേത് എന്ന നിലക്ക് ഉപയോഗിക്കാം.
പരമാവധി അഞ്ചു തവണ മാത്രമാണ് എന്‍ 95 മാസ്‌ക് ഉപയോഗിക്കാന്‍ പറ്റുക. മാസ്‌കിന് മുന്‍വശം വൈറസ് സാന്നിധ്യം ഉണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ കൈകള്‍ സോപ്പിട്ട് കഴുകി സുരക്ഷ ഉറപ്പാക്കണം. എന്നാല്‍ രോഗികളുമായി ഇടപഴകുന്നവര്‍ ആ മാസ്‌ക് പിന്നെ ഉപയോഗിക്കരുത്. വീട്ടിനു പുറത്തുവച്ച് മാസ്‌ക് നശിപ്പിച്ച് സാനിറ്റൈസര്‍ ചെയ്ത ശേഷം മാത്രമേ വീട്ടിനകത്ത് കയറാവൂ.
ഓരോ മാസ്‌കും ഒന്നിലധികം തവണ ഉപയോഗിക്കുമ്പോള്‍ അതിന്റെ ഗുണം കുറയും. ആദ്യ ഉപയോഗത്തിനെക്കാള്‍ 30 ശതമാനം സുരക്ഷ കുറവായിരിക്കും പിന്നെ ഉപയോഗിക്കുമ്പോഴെന്നാണ് പഠനം പറയുന്നത്. സര്‍ജിക്കല്‍ മാസ്‌കുകള്‍ ഒരു ഉപയോഗത്തിന് ശേഷം ഒഴിവാക്കുന്നതാണ് ഉത്തമം. ഡബിള്‍ മാസ്‌ക് ഉപയോഗിക്കുമ്പോള്‍ ഒന്ന് സര്‍ജിക്കല്‍ മാസ്‌ക് ആവാന്‍ ശ്രദ്ധിക്കുക. എന്‍ 95 മാസ്‌കാണെങ്കില്‍ ഒന്ന് മതി. അതിനു മുകളിലോ താഴെയോ മറ്റൊരു മാസ്‌ക് പാടില്ലെന്നാണ് വിദഗ്ധരുടെ നിര്‍ദേശം.