X

കോവിഡ്: സൂക്ഷ്മ കണികകള്‍ക്ക് 10 മീറ്റര്‍വരെ അന്തരീക്ഷത്തിലൂടെ സഞ്ചരിക്കാനാകുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: കോവിഡ് രോഗിയില്‍ നിന്ന് രണ്ടുമീറ്റര്‍ ദൂരത്തേക്ക് ഡ്രോപ്പ്ലെറ്റുകള്‍ പതിക്കാന്‍ സാധ്യതയുണ്ടെങ്കില്‍ എയ്റോസോളുകള്‍ക്ക് 10 മീറ്റര്‍ ദൂരം വരെ അന്തരീക്ഷത്തിലൂടെ സഞ്ചരിക്കാനാവുമെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യശാസ്ത്ര ഉപദേഷ്ടാവ് കെ.വിജയരാഘവന്റെ ഓഫീസ് പുറത്തിറക്കിയ കോവിഡുമായി ബന്ധപ്പെട്ട പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
മാസ്‌ക് ധരിക്കുകയും സാമൂഹികാകലം പാലിക്കുകയും ശുചിത്വവും വായുസഞ്ചാരവും ഉറപ്പുവരുത്തുകയും ചെയ്യുന്നതിലൂടെ കോവിഡ് വൈറസിന്റെ വ്യാപനം തടയാനാകും. രോഗബാധിതനായ ആളുടെ ഉമിനീര്‍, വായില്‍ നിന്നോ മൂക്കില്‍ നിന്നോ തുമ്മമ്പോഴോ ചുമയ്ക്കുമ്പോഴോ സംസാരിക്കുമ്പോഴോ പുറത്തെത്തുന്ന ഡ്രോപ്ലെറ്റുകള്‍, എയ്റോസോളുകള്‍ എന്നിവയിലൂടെയാണ് വൈറസ് പ്രധാനമായും പകരുന്നത്.

രോഗലക്ഷണങ്ങള്‍ ഇല്ലാത്ത വ്യക്തിയില്‍ നിന്നും രോഗം പകരാം. രോഗബാധിതനായ വ്യക്തിയില്‍ നിന്നുളള ഡ്രോപ്പ്ലെറ്റുകള്‍ പതിച്ച പ്രതലങ്ങളിലൂടെ വൈറസ് പകരും. അതിനാല്‍ വാതിലിന്റെ കൈപ്പിടികള്‍, സ്വിച്ചുകള്‍, മേശ, കസേര, തറ മുതലായവ ബ്ലീച്ചോ ഫിനൈലോ ഉപയോഗിച്ച് തുടയ്ക്കണം.

ഇരട്ട പാളികളുളള മാസ്‌കോ എന്‍95 മാസ്‌കോ ധരിക്കണം. അത് കഴിയാവുന്നത്ര സുരക്ഷിതത്വം വാദ്ഗാനം ചെയ്യുന്നുണ്ട്. ഇരട്ടമാസ്‌ക് ധരിക്കുന്നവര്‍ സര്‍ജിക്കല്‍ മാസ്‌ക് ധരിച്ച് അതിനുമുകളിലായി തുണികൊണ്ടുളള മാസ്‌ക് ധരിക്കണം. അതല്ലെങ്കില്‍ രണ്ടുകോട്ടണ്‍ മാസ്‌കുകള്‍ ധരിക്കാം. സാധാരണഗതിയില്‍ ഒറ്റത്തവണ മാത്രമാണ് സര്‍ജിക്കല്‍ മാസ്‌ക് ഉപയോഗിക്കാനാവുക. എന്നാല്‍ ഇരട്ട മാസ്‌കായി ഉപയോഗിക്കുമ്പോള്‍ ഒരു തവണ ഉപയോഗിച്ചതിന് ശേഷം വെയില്‍കൊള്ളിച്ച് ഏഴുദിവസത്തിന് ശേഷം വീണ്ടും ഉപയോഗിക്കാം. വൈറസ് പകരുന്നത് തടയുന്നതിനായി വീടുകളിലും ഓഫീസുകളിലും വായുസഞ്ചാരം ഉറപ്പുവരുത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

വാതിലുകള്‍ തുറന്നിടുകയും ഫാനുകള്‍ പ്രവര്‍ത്തിക്കുകയും വേണം. കമ്യൂണിറ്റി അടിസ്ഥാനത്തില്‍ പരിശോധന നടത്തേണ്ടതിന്റെയും ഐസൊലേഷന്‍ നടത്തേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ചും ‘സ്റ്റോപ്പ് ട്രാന്‍സ്മിഷന്‍, ക്രഷ് ദ പാന്‍ഡമിക്’ എന്ന പേരിലുളള റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നുണ്ട്.

Test User: