നെയ്‌റോബി: കോവിഡ് വാക്‌സിന്‍ വിതരണത്തില്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ കടുത്ത വിവേചനം നേരിടുന്നതായി ആരോപണം. ആഫ്രിക്കയിപ്പോള്‍ വാക്‌സിന്‍ അപ്പാര്‍ത്തീഡിനെയാണ് നേരിടുന്നതെന്ന് ലാന്‍സെറ്റ് കെനിയ സ്ഥാപകനും ആരോഗ്യ വിദഗ്ധനുമായ അഹ്മദ് കലെബി പറഞ്ഞു. ആഫ്രിക്കന്‍ ജനസംഖ്യയില്‍ രണ്ട് ശതമാനത്തോളം പേര്‍ക്ക് മാത്രമാണ് രണ്ട് ഡോസ് വാക്‌സിന്‍ ലഭിച്ചത്.
സമ്പന്ന രാജ്യങ്ങള്‍ ബൂസ്റ്റര്‍ ഡോസെന്ന നിലയില്‍ മൂന്നാമത്തേതിനെക്കുറിച്ച് ആലോചിക്കുമ്പോള്‍ ആഫ്രിക്കയില്‍ ആദ്യ ഡോസ് വിതരണം തന്നെ വേണ്ടത്ര നടന്നിട്ടില്ല. വാക്‌സിന്‍ ക്ഷാമം കാരണം ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കോവിഡ് വ്യാപനവും മരണവും വര്‍ദ്ധിച്ചിട്ടുണ്ടെന്ന് അഹ്മദ് കലെബി ചൂണ്ടിക്കാട്ടി. ആഫ്രിക്കയില്‍ ദക്ഷിണാഫ്രിക്കക്കും സെനഗലിനും മാത്രമാണ് വാക്‌സിന്‍ ഉല്‍പാദിപ്പിക്കാന്‍ സൗകര്യമുള്ളത്. പക്ഷെ, സാങ്കേതിക ശേഷി ഏറെയുണ്ടായിട്ടും ഈജിപ്തിനെയും കെനിയയേയും പോലുള്ള രാജ്യങ്ങളില്‍ വാക്‌സിന്‍ നിര്‍മാണ കമ്പനികള്‍ നിക്ഷേപമിറക്കാന്‍ തയാറാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ദരിദ്ര രാജ്യങ്ങള്‍ക്കുകൂടി അര്‍ഹതപ്പെട്ട കോവിഡ് വാക്‌സിനുകള്‍ പാശ്ചാത്യ രാജ്യങ്ങള്‍ പൂഴത്തിവെക്കുകയാണെന്ന് ലോകാരോഗ്യ സംഘടന ആരോപിച്ചു. കഴിഞ്ഞയാഴ്ച ഭൂഖണ്ഡത്തില്‍ രണ്ടര ലക്ഷത്തോളം പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത്. 28 രാജ്യങ്ങളില്‍ ഡെല്‍റ്റ വകഭേദം അതിവേഗം വ്യാപിക്കുകയാണ്.