കോഴിക്കോട്: കോവിഡ് വാക്‌സിന്‍ക്ഷാമം രൂക്ഷമായതോടെ സ്വകാര്യ ആസ്പത്രികളിലെ വാക്‌സിന്‍ കേന്ദ്രങ്ങളെ ആശ്രയിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്നു. വാക്‌സിനായി ബുക്ക് ചെയ്ത് ആസ്പത്രിയിലെത്തിയിട്ടും പലര്‍ക്കും തിരക്കുകാരണം കിട്ടാത്തസ്ഥിതിയാണിപ്പോള്‍. രണ്ടാം ഡോസ് എടുക്കുന്നതിനുവേണ്ടിയാണ് സ്വകാര്യ ആസ്പത്രികളെ ആശ്രയിക്കുന്നവരില്‍ ഏറെയും. ആദ്യവാക്‌സിന്‍ എടുത്തശേഷം നിശ്ചിതദിവസം പൂര്‍ത്തിയായവര്‍ക്ക് സര്‍ക്കാര്‍തലത്തില്‍ രണ്ടാംഡോസ് ലഭിക്കുന്നത് വൈകുന്നതോടെയാണ് പലരും സ്വകാര്യ ആസ്പത്രികളെ ആശ്രയിച്ചത്. നിശ്ചിത കാലാവധിക്കുള്ളില്‍ രണ്ടാം ഡോസ് എടുത്തില്ലെങ്കില്‍ ഗുണമുണ്ടാകില്ലെന്ന രീതിയിലുള്ള പ്രചാരണവും ഇതിന് കാരണമാക്കുന്നു.
കോവിന്‍ ആപ്പ് വഴി ബുക്ക് ചെയ്ത് നിശ്ചിതസമയത്ത് ആസ്പത്രിയില്‍ എത്തുന്നവരും സ്‌പോട്ട് രജിസ്‌ട്രേഷന്‍ വഴിയെത്തുന്നവരും കൂടിയാകുമ്പോള്‍ ആസ്പത്രിയില്‍ എത്തുന്ന മറ്റ് രോഗികള്‍ തിരക്ക് കാരണം വലയുകയാണ്. കുത്തിവെപ്പിനായി മുന്‍ഗണനാ പട്ടിക തയ്യാറാക്കിയെങ്കിലും ആ പട്ടികയില്‍ ഉള്‍പ്പെട്ട മുഴുവന്‍ പേര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ സാധിച്ചിട്ടില്ല. 29 ലക്ഷത്തിലേറെ ഡോസ് വാക്‌സിന്‍ ലഭ്യമായെങ്കില്‍ മാത്രമേ ജില്ലയില്‍ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാനാകൂ.
കഴിഞ്ഞ ആഴ്ചത്തേക്കാള്‍ വര്‍ധനയാണ് പ്രതിദിന രോഗികളുടെ എണ്ണത്തില്‍ ഇപ്പോള്‍ ഉള്ളത്. ഇതു തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍രോഗികളുടെ എണ്ണം കുതിച്ചുയരും.18നും 45നും ഇടയിലുള്ളവരാണ് സ്‌ളോട്ട് കിട്ടാതെ ബുദ്ധിമുട്ടുന്നവരില്‍ ഏറെയും. വൈകുന്നേരം അഞ്ചിന് ശേഷം ശ്രമം നടത്തിയാല്‍ കൂടുതല്‍ സാധ്യതയുണ്ടെന്ന പ്രചാരണത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേര്‍ ഇ സമയം ശ്രമിക്കുന്നുണ്ട് എങ്കിലും നിരാശയാണ് ഫലം.