കോവിഡ് വ്യാപനത്തിന്റെ മറവില്‍ സംസ്ഥാന പൊലീസ് വ്യാപകമായി പൊതുജനങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നതായി ആക്ഷേപം. വിവിധ മൊബൈല്‍ ആപുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ നിര്‍ബന്ധിപ്പിക്കുന്നതിലൂടെയാണ് വിവര ശേഖരണം നടത്തുന്നത്. കഴിഞ്ഞ ഒരാഴ്ച്ചക്കിടെ കോവിഡ് പോസിറ്റീവ് ആവുകയും ക്വാറന്റീനില്‍ പോവുകയും ചെയ്ത നിരവധി പേരോട് പൊലീസ് സ്റ്റേഷനുകളില്‍ നിന്ന് വിളിച്ച് കോവിഡ് സേഫ്റ്റി എന്ന കേരള പൊലീസിന്റെ ആപ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ നിര്‍ദേശിക്കുന്നുണ്ട്. ഇത് നിര്‍ബന്ധമായും ചെയ്യണമെന്നാണ് ചില സ്റ്റേഷനുകളില്‍ നിന്നുള്ള നിര്‍ദേശം.
കേരളത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്നവരെയും നിര്‍ബന്ധിപ്പിച്ച് ആപ് ഇന്‍സ്റ്റാള്‍ ചെയ്യിപ്പിക്കുന്നതായി പരാതിയുണ്ട്. പൊലീസിന്റെ തന്നെ പോല്‍ ആപ്, ബി സേഫ് തുടങ്ങിയ ആപ്ലിക്കേഷനുകളും നിര്‍ബന്ധിപ്പിച്ച് ഇന്‍സ്റ്റാള്‍ ചെയ്യിക്കുന്നതായി നേരത്തെ തന്നെ ആക്ഷേപമുണ്ടായിരുന്നു.
ബ്ലൂടൂത്ത് അധിഷ്ഠിതമായ ജിപിഎസ് ട്രാക്കിങ് ആപാണ് കോവിഡ് സേഫ്റ്റി. ലോക്കല്‍ സ്‌റ്റേഷനുകളില്‍ നിന്ന് രോഗികളെ ബന്ധപ്പെട്ട് അവരോട് ഈ ആപ് ഇന്‍സ്റ്റാള്‍ ചെയ്യാനാണ് ആവശ്യപ്പെടുന്നത്. പലരും ഇത് അനുസരിക്കാന്‍ നിര്‍ബന്ധിതരാവുകയും ചെയ്യുന്നുണ്ട്. അധികാര പരിധിയില്‍ വരാത്ത വിഷയത്തിലുള്ള പൊലീസിന്റെ നടപടി സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണെന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു. കോവിഡ് രോഗികളോടോ, കേരളത്തിന് പുറത്തേയ്ക്ക് യാത്ര ചെയ്യുന്നവരോടെ ആപ് ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് നിര്‍ദേശിക്കാന്‍ കേരള പൊലീസിന് യാതൊരു അധികാരവുമില്ലെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ആപ് വഴി പൊതുജന വിവര ശേഖരണമാണ് പൊലീസ് ലക്ഷ്യമിടുന്നത്.
ബന്ധപ്പെട്ടവര്‍ ഈ ആപ് നിര്‍ത്തലാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഇതുവരെ ശേഖരിച്ച ഡാറ്റ ഡിലീറ്റ് ചെയ്യാനും നടപടി സ്വീകരിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. കോവിഡ് രോഗികളെയും ക്വാറന്റീനിലുള്ളവരെയും നിരീക്ഷിക്കേണ്ട ചുമതല ആരോഗ്യവകുപ്പിനാണെന്നിരിക്കെ ആപിലൂടെ ആളുകളെ നിരീക്ഷിക്കാന്‍ പൊലീസിന് അധികാരമില്ല. ഇത് പൊതുജനങ്ങളുടെ സുരക്ഷക്ക് തന്നെ ഭീഷണിയാണെന്നും ഇത്തരം ഹീനമായ നടപടികളില്‍ നിന്ന് പൊലീസ് ഉടനെ പിന്‍മാറണമെന്നും സമൂഹമാധ്യമങ്ങളിലും ആവശ്യമുയരുന്നുണ്ട്.