കൊല്‍ക്കത്ത: കോണ്‍ഗ്രസ് ഇല്ലാതെ ബി.ജെ.പിക്കെതിരായ പ്രതിപക്ഷ സഖ്യം സാധ്യമല്ലെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുല്ല. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി ഉമര്‍ അബ്ദുല്ല കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇത് പുതിയ പ്രതിപക്ഷ സഖ്യത്തിന്റെ തുടക്കമാണെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഉമര്‍ അബ്ദുല്ല വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.
പ്രാദേശിക പാര്‍ട്ടികള്‍ക്ക് അവരുടെ സംസ്ഥാനങ്ങളിലുള്ള ശക്തി കുറച്ച് കാണുന്നില്ല. എന്നാല്‍ പ്രതിപക്ഷ സഖ്യത്തിന്റെ നട്ടെല്ല് കോണ്‍ഗ്രസാണ്. രാഹുല്‍ ഗാന്ധിയായിരിക്കണം പ്രതിപക്ഷ സഖ്യത്തെ മുന്നില്‍ നിന്ന് നയിക്കേണ്ടത്. ഭൂരിഭാഗം സംസ്ഥാനങ്ങളിലും കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ നേരിട്ടുള്ള മത്സരമാണ് നടക്കുന്നത്.
ബി.ജെ.പിയെ പ്രതിരോധിക്കുന്നതില്‍ കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി വഹിച്ച പങ്ക് എല്ലാവര്‍ക്കും അറിയാവുന്നതാണ്. കോണ്‍ഗ്രസില്ലാതെ പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യം ഇതുവരെ ഉണ്ടായിട്ടില്ല. കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യം ഇതിന് ഉദാഹരണമാണ്-ഉമര്‍ അബ്ദുല്ല പറഞ്ഞു.
നിലവിലെ സാഹചര്യത്തില്‍ ജമ്മു കശ്മീരില്‍ തെരഞ്ഞെടുപ്പ് നടത്തേണ്ട സാഹചര്യമില്ല. തീവ്രവാദ സംഘടനകളില്‍ ചേരുന്നതില്‍ നിന്ന് യുവാക്കളെ പിന്തിരിപ്പിക്കുന്നതില്‍ ബി.ജെ.പി-പി.ഡി.പി സഖ്യസര്‍ക്കാര്‍ പരാജയമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.