X

സുപ്രീം കോടതി ജഡ്ജിമാര്‍ നടത്തിയ പത്ര സമ്മേളനം: അമ്പരപ്പ് പ്രകടിപ്പിച്ച് രാഷ്ട്രീയ നേതൃത്വം

 

ന്യൂഡല്‍ഹി: അസാധാരണമായ നടപടിയിലൂടെ സുപ്രീം കോടതി ചീഫ് ജസ്റ്റിസില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് നാല് മുതിര്‍ന്ന സുപ്രീം കോടതി ജഡ്ജിമാര്‍ നടത്തിയ പത്ര സമ്മേളനം ഡല്‍ഹിയിലെ കൊടും തണുപ്പിലും ദേശീയ രാഷ്ട്രീയത്തെ ചൂടുപിടിപ്പിക്കുന്നു.

കോണ്‍ഗ്രസ്
ജനാധിപത്യം അപകടത്തിലെന്നായിരുന്നു ചീഫ് ജസ്റ്റിസിനോടുള്ള ജഡ്ജിമാരുടെ വിയോജിപ്പ് പുറത്തു വന്നതിനെ കുറിച്ചുള്ള കോണ്‍ഗ്രസിന്റെ പ്രതികരണം.

സുപ്രീം കോടതിയുടെ പ്രവര്‍ത്തനത്തില്‍ ആശങ്ക രേഖപ്പെടുത്തി ജസ്റ്റിസുമാരായ ജെ ചെലമേശ്വര്‍, രഞ്ജന്‍ ഗഗോയി, എം.ബി ലോകൂര്‍, കുര്യന്‍ ജോസഫ് എന്നിവര്‍ രംഗത്തുവന്നത് ഏറെ ആശങ്കയുളവാക്കുന്നുവെന്നും ജനാധിപത്യം അപകടത്തിലാണെന്നും കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.

രാഹുല്‍ ഗാന്ധി
സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ ജഡ്ജിമാര്‍ ഉന്നയിച്ച ആരോപണം ഏറ്റവും ഉന്നതതലത്തില്‍ അന്വേഷിക്കപ്പെടേണ്ടതാണെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി.

ജഡ്ജിമാര്‍ ഉയര്‍ത്തിയത് അതീവ ഗൗരവമുള്ള വിഷയമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ ജനാധിപത്യത്തിന് ഭീഷണിയാവുമെന്ന് ജഡ്ജിമാര്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നു.
അവ പ്രധാന്യത്തോടെ പരിശോധിക്കപ്പെടേണം. ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട പ്രശ്‌നവും ജഡ്ജിമാര്‍ ഉയര്‍ത്തിയിട്ടുണ്ട്. ലോയയുടെ മരണവും അന്വേഷിക്കണം- രാഹുല്‍ ആവശ്യപ്പെട്ടു.

മമതാ ബാനര്‍ജി
പൗരന്‍മാരെന്ന നിലയില്‍ നമ്മളെ ശരിക്കും ദുഖിപ്പിക്കുന്നതെന്നായിരുന്നു സംഭവ വികാസങ്ങളെ കുറിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ നേതാവുമായ മമത ബാനര്‍ജിയുടെ പ്രതികരണം.
നീതിന്യായ വ്യവസ്ഥയും മാധ്യമങ്ങളും ജനാധിപത്യത്തിന്റെ തൂണുകളാണ്. നീതിന്യായ വ്യവസ്ഥയില്‍ കേന്ദ്ര സര്‍ക്കാറിന്റെ അമിതമായ ഇടപെടല്‍ ജനാധിപത്യത്തിന് ഭീഷണിയാണെന്നും മമത കൂട്ടിച്ചേര്‍ത്തു.

കുഞ്ഞാലിക്കുട്ടി
സുപ്രീംകോടതി ജഡ്ജിമാരുടെ പ്രതിഷേധം ഗൗരവതരമെന്ന് മുസ്‌ലിംലീഗ് ദേശീയ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. വാര്‍ത്താമാധ്യമങ്ങളില്‍ വരുന്നതുപോലെ ചില കേസുകളും അതുസംബന്ധിച്ച നടപടികളുമാണ് പ്രതിഷേധത്തിന് കാരണമെങ്കില്‍ ഈ പ്രശ്‌നം ഇവിടെയൊന്നും അവസാനിക്കില്ല. പാര്‍ലമെന്റിനകത്തും പുറത്തും വലിയ രാഷ്ട്രീയ വിഷയമായി ഇതു ഉയര്‍ന്നുവരും.

ജുഡീഷ്യറിയെ അങ്ങേയറ്റം ബഹുമാനിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന ജനങ്ങളാണ് ഇന്ത്യയിലേത്. ഏത് സംവിധാനത്തില്‍ എന്ത് തകരാറുണ്ടായാലും നീതിന്യായ വ്യവസ്ഥയെ, പ്രത്യേകിച്ച് സുപ്രീംകോടതിക്ക് ജനം കല്‍പിച്ചുകൊടുത്തിരിക്കുന്ന ബഹുമാനമുണ്ട്.
ഗൗരവമായതെന്തോ സംഭവിച്ചുവെന്ന ഒരു പ്രതീതി ഈ സംഭവത്തിലൂടെ ഉണ്ടായി. ജഡ്ജിമാര്‍ പത്രസമ്മേളനം നടത്തിയതിനെ മാത്രമെടുത്ത് വിമര്‍ശിക്കുന്നതില്‍ അര്‍ത്ഥമില്ല. അതിനെക്കാള്‍ ഗൗരവമുള്ള വിഷയം പിന്നണിയിലുണ്ടാകാമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

യശ്വന്ത് സിന്‍ഹ
ചീഫ് ജസ്റ്റിസില്‍ വിയോജിപ്പ് രേഖപ്പെടുത്തിയ നാല് ജഡ്ജിമാരില്‍ വിശ്വാസം പ്രകടിപ്പിച്ച് മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ ധനകാര്യ മന്ത്രിയുമായ യശ്വന്ത് സിന്‍ഹയും രംഗത്തെത്തി.
മുതിര്‍ന്ന ജഡ്ജിമാരെ കുറ്റപ്പെടുത്തുന്നതിന് പകരം അവര്‍ ഉന്നയിച്ച വിഷയങ്ങളില്‍ ജനങ്ങള്‍ ശ്രദ്ധചെലുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സുബ്രഹ്മണ്യന്‍ സ്വാമി
വിഷയത്തില്‍ പ്രധാനമന്ത്രി മോദി ഇടപെടണമെന്നായിരുന്നു ബി.ജെ.പി എം.പി സുബ്രഹ്മണ്യന്‍ സ്വാമിയുടെ പ്രതികരണം.
നാല് ജഡ്ജിമാരെയും നമ്മള്‍ക്ക് കുറ്റപ്പെടുത്താനാവില്ല. അവര്‍ നിയമ കരിയറിനു വേണ്ടി ഏറെ സമര്‍പ്പിച്ചവരും ആര്‍ജ്ജവമുള്ളവരുമാണെന്നും അദ്ദേഹം പറഞ്ഞു.
അസാധാരണ സംഭവങ്ങളാണിപ്പോള്‍ ഉണ്ടായിരിക്കുന്നത്. ജഡ്ജിമാര്‍ ഉന്നയിച്ചിരിക്കുന്നത് വന്‍ ആഘാതമുണ്ടാക്കുന്ന ആരോപണങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

സീതാറാം യെച്ചൂരി
നാല് ജഡ്ജിമാരും ഉന്നയിച്ചിരിക്കുന്നത് വന്‍ ആഘാതമുണ്ടാക്കുന്ന ആരോപണങ്ങളാണെന്നും ശക്തമായ അന്വേഷണം വേണമെന്നും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.

ജസ്റ്റിസ് സോധി
അത സമയം ചീഫ് ജസ്റ്റിസില്‍ വിയോജിപ്പ് രേഖപ്പെടുത്തിയ നാല് ജഡ്ജിമാര്‍ക്കും ഇനി കേസില്‍ വിധി പറയാന്‍ അര്‍ഹതയില്ലെന്നും ഇവരെ ഇംപീച്ച് ചെയ്യണമെന്നുമായിരുന്നു മുന്‍ ഡല്‍ഹി ഹൈക്കോടതി ജഡ്ജി ആര്‍.എസ് സോധിയുടെ അഭിപ്രായം.

സോളി സൊറാബ്ജി

സുപ്രീം കോടതി ജഡ്ജിമാര്‍ ഇത് ചെയ്യരുതായിരുന്നെന്നും ഏറെ അലോസരപ്പെടുത്തുന്നതാണ് ഇതെന്നുമായിരുന്നു മുന്‍ അറ്റോര്‍ണി ജനറല്‍ സോളി സൊറാബ്ജിയുടെ പ്രതികരണം. നിയമ സംവിധാനത്തില്‍ ഇത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കെ.ടി.എസ് തുളസി
നിര്‍ബന്ധിത സാഹചര്യത്തിലാണ് ജഡ്ജിമാര്‍ അഭിപ്രായം തുറന്ന് പറയാന്‍ ഇടയായതെന്നും, അവര്‍ സംസാരിക്കുമ്പോള്‍ ആ വേദന മുഖത്ത് കാണാമായിരുന്നെന്നും സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ കെ.ടി.എസ് തുളസി പറഞ്ഞു.

പ്രശാന്ത് ഭൂഷണ്‍
അസംതപ്തമെങ്കിലും അസാധാരണമായ ഈ നടപടി ധീരമെന്നായിരുന്നു മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ വിശേഷിപ്പിച്ചത്.

ഇന്ദിരാ ജയ്‌സിങ്
ജഡ്ജിമാരുടെ നീക്കത്തെ പിന്തുണക്കുന്നതായി മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജയ്‌സിങ് പറഞ്ഞു. കോളീജിയത്തിനകത്ത് എന്താണ് നടക്കുന്നതെന്ന് രാജ്യത്തെ ജനങ്ങള്‍ അറിയട്ടെയെന്നും അവര്‍ പറഞ്ഞു.

chandrika: