X
    Categories: CultureMoreViews

മുസ്‌ലിം തടവുകാരെ പീഡിപ്പിക്കാന്‍ ലിത്വാനിയയും റൂമാനിയയും സി.ഐ.എക്ക് സൗകര്യം നല്‍കി

സ്ട്രാസ്ബര്‍ഗ്: അല്‍ഖാഇദ തീവ്രവാദികളെന്ന സംശയിക്കുന്ന രണ്ടുപേരെ ക്രൂരമായി പീഡിപ്പിക്കാന്‍ ലിത്വാനിയയും റുമാനിയയും അമേരിക്കക്ക് സൗകര്യം നല്‍കിയതായി യൂറോപ്യന്‍ മനുഷ്യാവകാശ കോടതി.

തടവുകാരെ പീഡിപ്പിക്കാന്‍ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സി.ഐ.എയെ സഹായിച്ചതിലൂടെ കടുത്ത മനുഷ്യാവകാശ ലംഘനമാണ് ഇരുരാജ്യങ്ങളും നടത്തിയതെന്ന് കോടതി ചൂണ്ടിക്കാട്ടി. 2001ല്‍ ലോകവ്യാപാര കേന്ദ്രത്തിനുനേരെയുണ്ടായ ഭീകരാക്രമണത്തിനുശേഷം അമേരിക്ക പിടികൂടിയ അബൂ സുബൈദയേയും അബ്ദുറഹ്മാന്‍ അല്‍ നാഷിരിയേയും യൂറോപ്പില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. രണ്ടുപേരും ഇപ്പോള്‍ ഗ്വാണ്ടനാമോ തടവറയിലാണുള്ളത്.

2001 സെപ്തംബര്‍ 11ലെ ഭീകരാക്രമണത്തിനുശേഷം ലിത്വാനിയയിലും റുമാനിയയിലും അടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സി.ഐ.എക്ക് രഹസ്യ തടങ്കല്‍ പാളയമുണ്ടായിരുന്നു.

തീവ്രവാദികളെന്ന് ആരോപിച്ച് ലോകത്തിന്റെ പല ഭാഗങ്ങളില്‍നിന്ന് പിടികൂടിയിരുന്നവരെ പാര്‍പ്പിച്ച് ചോദ്യംചെയ്യുന്നതിന് ഉപയോഗിച്ചിരുന്ന തടങ്കല്‍ പാളയങ്ങള്‍ അമേരിക്ക വര്‍ഷങ്ങളോളം രഹസ്യമാക്കിവെച്ചിരിക്കുകയായിരുന്നു.

ഫലസ്തീന്‍ വംശജനായ അബൂ സുബൈദ അല്‍ഖാഇദയുടെ ചീഫ് റിക്രൂട്ടറും സംഘടനയുടെ മറ്റു സെല്ലുകളെ ഉസാമ ബിന്‍ ലാദനുമായി ബന്ധിപ്പിച്ചിരുന്ന മുഖ്യ സംഘാടകനുമാണെന്നാണ് അമേരിക്കയുടെ ആരോപണം.

ഗള്‍ഫ് മേഖലയില്‍ അല്‍ഖാഇദയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്നത് സഊദി പൗരനായ അബ്ദുറഹ്മാന്‍ അല്‍ നാഷിരിയാണെന്നും യു.എസ് ഇന്റലിജന്‍സ് വാദിക്കുന്നു. ഗ്വാണ്ടനാമോ തടവറ അടച്ചുപൂട്ടാന്‍ മുന്‍ യു.എസ് പ്രസിഡന്റ് ബറാക് ഒബാമ ശ്രമം നടത്തിയിരുന്നെങ്കിലും പുതു തായി വന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അത് റദ്ദാക്കുകയായിരുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: