വാഷിങ്ടണ്‍: ആണവായുധ ശേഖരം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി ചൈന 250 ഭൂഗര്‍ഭ അറകള്‍ കൂടി നിര്‍മിക്കുന്നുണ്ടെന്ന് അമേരിക്കന്‍ ഗവേഷണ സംഘടനയായ ഫെഡറേഷന്‍ ഓഫ് അമേരിക്കന്‍ സയന്റിസ്റ്റ്‌സ്. ആണവ മിസൈലുകള്‍ സൂക്ഷിക്കുന്നതിനും വിക്ഷേപിക്കുന്നതിനുമുള്ള സംവിധാനങ്ങളാണ് ചൈന ഒരുക്കുന്നത്.
ഷിന്‍ജിയാങ് പ്രവിശ്യയിലെ ഹാമി നഗരത്തിന് സമീപമാണ് പുതിയ ആണവായുധ കേന്ദ്രം നിര്‍മിക്കുന്നതെന്ന് സാറ്റലൈറ്റ് ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ സംഘടന പറയുന്നു. ഇന്നര്‍ മംഗോളിയയിലെ ജിലന്തായ് നഗരത്തിന് സമീപം ഒരു പരിശീലന നിലയവും ഒരുങ്ങുന്നുണ്ട്. നിലവില്‍ ചൈനക്ക് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകള്‍ സൂക്ഷിക്കാനുള്ള 20 ഭൂഗര്‍ഭ അറകളാണുള്ളത്. എന്നാല്‍ പുതിയ ഭൂഗര്‍ഭ അറകള്‍ എങ്ങനെയാണ് ചൈന ഉപയോഗിക്കുകയെന്ന് വ്യക്തമല്ല. ചില ഭാഗങ്ങള്‍ മാത്രം മിസൈലുകള്‍ കൊണ്ട് നിറച്ച് ബാക്കി ഒഴിച്ചിട്ടേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.