X
    Categories: indiaNews

‘ഭാഷകള്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം സംസ്ഥാനം അനുവദിക്കില്ല’- എം.കെ സ്റ്റാലിന്‍

ചെന്നൈ: കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുകയാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ ആരോപിച്ചു. എത്രഭാഷ വേണമെങ്കിലും ഒരാള്‍ക്ക് പഠിക്കാം.തമിഴിനേക്കാള്‍ പ്രാധാന്യം മറ്റൊരു ഭാഷക്ക് നല്‍കില്ലെന്ന് പറയുന്നത് മറ്റ് ഭാഷകളോടുള്ള വെറുപ്പിനെയല്ല സൂചിപ്പിക്കുന്നത്.

പക്ഷെ ഏതെങ്കിലുമൊന്നിനെ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ സംസ്ഥാനം അത് അംഗീകരിക്കില്ലെന്നും അതാണ് തങ്ങളുടെ ഭാഷാ നയമെന്നും അദ്ദേഹം വ്യക്തമാക്കി.ഭാഷ ഒരു വംശത്തിന്റെ രക്തത്തിലലിഞ്ഞതാണെന്നും അത് നശിച്ചാല്‍ വംശവും ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു.തമിഴ് ഭാഷ അവഗണിക്കപ്പെടുന്നുണ്ടെന്നും തമിഴ് പാട്ടുകള്‍ പാടുന്നതിനെ ചിലര്‍ വിലക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ‘നൂറ്റാണ്ടുകളായി തമിഴ്നാട് നിരവധി സാംസ്‌കാരിക അധിനിവേശങ്ങള്‍ നേരിട്ടിട്ടുണ്ട്.

വിദേശ അധിനിവേശം കാരണം സംസ്ഥാനം ഒരുപാട് കഷ്ടപ്പെടുകയും നാടിന്റെ അവകാശങ്ങള്‍ നഷ്ടപ്പെടുകയും ചെയ്തു. വിദേശ ഭാഷ സംസാരിക്കുന്നവരുടെ നിര്‍ദ്ദേശം കാരണം സംസ്ഥാനം അവഗണിക്കപ്പെട്ടു’- സ്റ്റാലിന്‍ പറഞ്ഞു. ചെന്നൈയില്‍ നടന്ന തമിഴ് ഇസൈ സംഘത്തിന്റെ 80-ാമത് വാര്‍ഷിക ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

webdesk12: