X

സംസ്ഥാനത്ത് 16 വരെ അതിശക്തമായ കാറ്റിനും മഴക്കും സാദ്ധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ള സാഹചര്യത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സ്റ്റേറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തി. കേന്ദ്ര രക്ഷാസേനകളുടെയും മറ്റ് ബന്ധപ്പെട്ട വകുപ്പുകളുടെയും യോഗം വിളിച്ച് മഴക്കാലപൂര്‍വ തയ്യാറെടുപ്പ് അവലോകനം ചെയ്തു.
കേന്ദ്ര കാലാവസ്ഥാ വകുപ്പ്, ദേശീയ ദുരന്ത പ്രതികരണ സേന, കരസേന, വായുസേന, നാവിക സേന, കോസ്റ്റ് ഗാര്‍ഡ്, ബിഎസ്എഫ്, സിആര്‍പിഎഫ്, അഗ്നി രക്ഷാ സേന, പോലീസ്, ആരോഗ്യ വകുപ്പ്, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവയെല്ലാം പങ്കെടുത്തു. വായു സേന ഒരു ഹെലികോപ്റ്റര്‍ തിരുവനന്തപുരത്ത് സ്റ്റേഷന്‍ ചെയ്യാമെന്ന് അറിയിച്ചിട്ടുണ്ട്.സര്‍ക്കാര്‍ സംവിധാനങ്ങളോട് പൂര്‍ണ്ണ സജ്ജരാവാന്‍ നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോവിഡ് ചികിത്സ ലഭ്യമാക്കുന്ന മുഴുവന്‍ ആശുപത്രികളിലും ഓക്സിജന്‍ പ്ലാന്റുകളിലും വൈദ്യുതി വിതരണം തടസ്സമില്ലാതെ ലഭ്യമാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പിനും വൈദ്യുതി വകുപ്പിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റികള്‍ ഇത് ഉറപ്പാക്കും. അടിയന്തര സാഹചര്യങ്ങളില്‍ പ്രവര്‍ത്തിപ്പിക്കാന്‍ മുഴുവന്‍ ആശുപത്രികളിലും ജനറേറ്ററുകള്‍ സ്ഥാപിക്കാനും നിര്‍ദേശിച്ചു.ജില്ലാ ദുരന്ത നിവാരണ അതോറിറ്റികളുടെ കണ്‍ട്രോള്‍ റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്. 1077 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ഇ.ഒ.സിയുമായി ബന്ധപ്പെടാം.

വിവിധയിടങ്ങളില്‍ അതിശക്തമായ കാറ്റിനും മഴക്കും സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.തെക്ക് കിഴക്കന്‍ അറബിക്കടലില്‍  ന്യൂനമര്‍ദം രൂപപ്പെട്ടിട്ടുണ്ട്‌. ഈ മാസം 14 മുതല്‍ 16 വരെ കേരള തീരത്ത് മണിക്കൂറില്‍ 45 മുതല്‍ 55 കി.മീ.വേഗത്തില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിന്റെ സാഹചര്യം കണക്കിലെടുത്ത് കേരള, കര്‍ണാടക,ലക്ഷദ്വീപ് തീരങ്ങളില്‍ മല്‍ത്സ്യബന്ധനത്തിനും വിലക്കേര്‍പെടുത്തി.വിവിധ ജില്ലകളില്‍ വരുന്ന ദിവസങ്ങളില്‍ യെല്ലോ, ഓറഞ്ച് അലര്‍ട്ടുകളും പ്രഖ്യാപിച്ചു. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 115.6 എംഎം മുതല്‍ 204.4 എംഎം വരെ മഴ ലഭിക്കാനുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 എംഎം മുതല്‍ 115 എംഎം വരെ മഴ പ്രതീക്ഷിക്കണം.

കഴിഞ്ഞ രണ്ടു ദിവസമായി തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. കടലില്‍ പോയ മത്സ്യത്തൊഴിലാളികള്‍ ഇന്ന് രാത്രിയോടെ തിരിച്ചെത്തേണ്ടതാണെന്നും നിര്‍ദേശമുണ്ട്. അതിശക്തമായ മഴക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നതിനാല്‍ പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കേണ്ടതാണെന്ന് ദുരന്തനിവാരണ അതോറിട്ടിയും മുന്നറിയിപ്പ് നല്‍കി. ഓറഞ്ച്, മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ജില്ലകളില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം. ന്യൂനമര്‍ദ രൂപീകരണഘട്ടത്തില്‍ കടലാക്രമണം രൂക്ഷമാകാനും തീരപ്രദേശങ്ങളില്‍ ശക്തമായ കാറ്റടിക്കാനും സാധ്യതയുണ്ട്. തീരദേശവാസികള്‍ പ്രത്യേക ജാഗ്രത പാലിക്കണം.

 

 

ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള തിയതിയും ജില്ലകളും:

മെയ് 14കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍

മെയ് 15പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍.

യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള തിയതിയും ജില്ലകളും:

മെയ് 13 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി

മെയ് 14 : തിരുവനന്തപുരം; മലപ്പുറം

മെയ് 15 : തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്

മെയ് 16 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി,തൃശൂര്‍

 

Test User: