ന്യൂഡല്‍ഹി: കോവിഡിന്റെ രണ്ടാം തരംഗത്തില്‍ രോഗ വ്യാപനം അതിരൂക്ഷമാണെങ്കിലും രാജ്യത്ത് ആകെ ജനസംഖ്യയുടെ രണ്ടു ശതമാനം പേര്‍ക്കു മാത്രമാണ് രോഗബാധയുണ്ടായതെന്നു കേന്ദ്ര സര്‍ക്കാര്‍.
98 ശതമാനം പേര്‍ ഇപ്പോഴും വൈറസ് ബാധക്ക് ഇരയാകാന്‍ സാധ്യതയുള്ളവരാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു. ആകെ ജനസംഖ്യയില്‍ 1.8 ശതമാനം പേരില്‍ മാത്രമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളതെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നത്.
കഴിഞ്ഞ 15 ദിവസമായി സജീവ കേസുകളില്‍ വന്‍ കുറവാണ് കാണുന്നത്. എട്ട് സംസ്ഥാനങ്ങളില്‍ ഒരു ലക്ഷത്തില്‍ കൂടുതല്‍ സജീവ കോവിഡ് ബാധിതര്‍ ഉണ്ട്. 22 സംസ്ഥാനങ്ങളില്‍ 15 ശതമാനത്തില്‍ കൂടുതലാണ് പോസിറ്റിവിറ്റി നിരക്ക്. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ബിഹാര്‍, മധ്യപ്രദേശ്, ചത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകളും പോസിറ്റിവിറ്റി നിരക്കും കുറഞ്ഞതായും സര്‍ക്കാര്‍ അറിയിച്ചു.
നിലവില്‍ ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 2.5 കോടിയിലധികമാണ്. എന്നാല്‍ കോവിഡ് ബാധിതരുടെ എണ്ണത്തെ ജനസംഖ്യാനുപാതവുമായി താരതമ്യം ചെയ്യുമ്പോള്‍ അമേരിക്ക, ഫ്രാന്‍സ്, ഇറ്റലി, ബ്രസീല്‍, റഷ്യ, ജര്‍മനി എന്നീ രാജ്യങ്ങളേക്കാള്‍ കുറവാണ്.