മോസ്‌കോയില്‍നിന്ന് കമാല്‍ വരദൂര്‍
സമാറ: വമ്പന്‍മാര്‍ക്ക് കൂട്ടത്തോടെ കാലിടറുന്ന റഷ്യന്‍ ലോകകപ്പില്‍ മഞ്ഞപ്പടയുടെ കുതിപ്പിന് തടയിടാന്‍ മെക്‌സിക്കോയ്ക്കുമായില്ല. മെക്‌സിക്കന്‍ വെല്ലുവിളി അതിജീവിച്ച ബ്രസീല്‍ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് വിജയം കണ്ടു. സൂപ്പര്‍ താരം നെയ്മര്‍, ഫിര്‍മീഞ്ഞോ എന്നിവരാണ് ബ്രസീലിന് വേണ്ടി ഗോളുകള്‍ നേടിയത്. തുടര്‍ച്ചയായ ഏഴാം തവണയാണ് ബ്രസീല്‍ ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ ഇടം നേടുന്നത്. മെക്‌സിക്കോയുടെ മുന്നേറ്റത്തോടെ ആരംഭിച്ച മത്സരത്തില്‍ ഗോള്‍ പിറക്കാന്‍ 51 മിനിറ്റ് കാത്തിരിക്കേണ്ടി വന്നു. ഗോള്‍ രഹിതമായ ആദ്യ പകുതിക്കു ശേഷം നെയ്മറിലൂടെയാണ് ബ്രസീല്‍ ഗോള്‍ പട്ടിക തുറന്നത്. വില്യന്റെ മനോഹരമായ ക്രോസ് ഗോള്‍കീപ്പറേയും പ്രതിരോധ നിരക്കാരേയും കീഴടക്കിയപ്പോള്‍ പന്തിനായി ജീസസും നെയ്മറും ചാടിവീണു. ജീസസിന് കണക്ട് ചെയ്യാന്‍ കഴിയാതിരുന്ന പന്ത് നെയ്മര്‍ അനായാസം വലയിലാക്കി.
ബ്രസീല്‍ 1 മെക്‌സിക്കോ 0. ഗോള്‍ നേടിയതോടെ മത്സരത്തിന്റെ നിയന്ത്രണവും ബ്രസീല്‍ ഏറ്റെടുത്തു. ഗില്ലര്‍മോ ഒച്ചാവോയുടെ മിന്നല്‍ നീക്കങ്ങളാണ് പലപ്പോഴും ബ്രസീലിന്റെ ഗോള്‍ ദാഹത്തിന് തടയിട്ടത്. കൃത്യമായ ഇടവേളകളില്‍ ബ്രസീലിയന്‍ ഗോള്‍ മുഖത്ത് പന്തെത്തിക്കാന്‍ മെക്‌സിക്കോയ്ക്ക് കഴിഞ്ഞെങ്കിലും ഫിനിഷിങിലെ അപാകത ഗോള്‍ വഴിമാറ്റി. പന്തടക്കത്തിലും പാസിലും ബ്രസീലിനൊപ്പമെത്താന്‍ മെക്‌സിക്കോയ്ക്കായെങ്കിലും ഗോള്‍ നേടാനായില്ല.