X

ദന്തേവാഡയില്‍ ബി.ജെ.പി പ്രാദേശിക നേതാവ് കൊല്ലപ്പെട്ടു; മാവോയിസ്റ്റ് ആക്രമണമെന്ന് ആരോപണം

ദന്തേവാഡയില്‍ ബി.ജെ.പി പ്രാദേശിക നേതാവ് കൊല്ലപ്പെട്ടു; മാവോയിസ്റ്റ് ആക്രമണമെന്ന് ആരോപണം

ഛത്തിസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ ഒരു ബി.ജെ.പി നേതാവുകൂടി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.പ്രശ്‌നബാധിത പ്രദേശമായ ദന്തേവാഡയിലാണ് സംഭവം. ബി.ജെ.പി നേതാവായ രാംധര്‍ അലാമിയാണ് കൊല്ലപ്പെട്ടത്. മാവോയിസ്റ്റ് സംഘമാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് ആരോപിച്ചു.

ഈ മാസം ഇത് മൂന്നാമത്തെ ബി.ജെ.പി നേതാവാണ് ഛത്തിസ്ഗഢില്‍ കൊല്ലപ്പെടുന്നത്. മൂന്നുപേരെയും മാവോയിസ്റ്റുകളാണ് കൊലപ്പെടുത്തിയതെന്നാണ് ബി.ജെ.പിയും പൊലീസും ആരോപിക്കുന്നത്. 43കാരനായ രാംധര്‍ 2015 മുതല്‍ 2020 വരെ ഹിതാമേട്ടയിലെ സര്‍പഞ്ചായിരുന്നു. ഒരു മതചടങ്ങില്‍ പങ്കെടുത്ത് വീട്ടിലേക്കു മടങ്ങുംവഴിയാണ് അദ്ദേഹം കൊല്ലപ്പെട്ടത്. വനത്തില്‍നിന്നാണ് അദ്ദേഹത്തിന്റെ മൃതദേഹം ലഭിക്കുന്നത്. സംഭവസ്ഥലത്തുനിന്ന് ലഘുലേഖയും ലഭിച്ചതായി പൊലീസ് ആരോപിച്ചു. രാംധര്‍ പൊലീസിനു വിവരം ചോര്‍ത്തിക്കൊടുക്കുന്നയാളാണെന്നും ബോധ്ഘട്ട് ഡാം പദ്ധതിയില്‍ അദ്ദേഹത്തിനു പങ്കുണ്ടെന്നും ലഘുലേഖയില്‍ ആരോപിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. 15 വര്‍ഷമായി സജീവ ബി.ജെ.പി പ്രവര്‍ത്തകനാണ് രാംധര്‍. 2018ല്‍ ബര്‍സര്‍ ഡിവിഷന്‍ ബി.ജെ.പിയുടെ അസിസ്റ്റന്റ് പ്രസിഡന്റായിരുന്നു.

ബി.ജെ.പി അവാപള്ളി ഡിവിഷന്‍ പ്രസിഡന്റായിരുന്ന നീലകാന്ത് കക്കം ഈ മാസം അഞ്ചിന് ബിജാപൂരില്‍ വെടിയേറ്റു മരിച്ചിരുന്നു. നാരായന്‍പൂര്‍ ജില്ലാ ബി.ജെ.പി ഉപാധ്യക്ഷനായിരുന്ന സാഗര്‍ സാഹു പത്തിന് വീട്ടില്‍വച്ചും കൊല്ലപ്പെട്ടു.

webdesk12: