X
    Categories: CultureMoreViews

ഗോവയില്‍ പറഞ്ഞ ന്യായം കര്‍ണാടകയില്‍ ബി.ജെ.പിയെ തിരിഞ്ഞു കുത്തുന്നു

ന്യൂഡല്‍ഹി: ഗോവയിലും മണിപ്പൂരിലും തൂക്കു നിയമസഭ വന്നപ്പോള്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി.ജെ.പി പറഞ്ഞ ന്യായം കര്‍ണാടകയില്‍ ബി.ജെ.പിയെ തിരിഞ്ഞു കുത്തുന്നു. തൂക്കു നിയമസഭയാണെങ്കില്‍ ഏറ്റവും വലിയ രാഷ്ട്രീയ സഖ്യത്തെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കാന്‍ ഗവര്‍ണര്‍ക്ക് ഭരണഘടനാപരമായി അധികാരമുണ്ടെന്നായിരുന്നു ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അന്ന് പറഞ്ഞത്. മണിപ്പൂരില്‍ കോണ്‍ഗ്രസിന് 28 സീറ്റും ബി.ജെ.പിക്ക് 21 സീറ്റുമാണ് ഉണ്ടായിരുന്നത്. ഗോവയില്‍ ബി.ജെ.പിക്ക് 13 സീറ്റുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. കോണ്‍ഗ്രസിന് 17 സീറ്റുകളുണ്ടായിരുന്നു. എന്നാല്‍ രണ്ടിടത്തും ബി.ജെ.പി സഖ്യമുണ്ടാക്കി സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു.

ഗോവയിലും മണിപ്പൂരിലും ബി.ജെ.പി പയറ്റിയത് കര്‍ണാടകയില്‍ കോണ്‍ഗ്രസ് തിരിച്ചു പയറ്റിയപ്പോള്‍ ബി.ജെ.പിക്ക് പഴയ നിലപാട് തിരിച്ചടിയാവുകയാണ്. ജെ.ഡി.എസിന് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കരുനീക്കങ്ങള്‍ തുടങ്ങിയതോടെ ബി.ജെ.പി നേതൃത്വം പ്രതിസന്ധിയിലായി. ഏറ്റവും വലിയ ഒറ്റ കക്ഷി തങ്ങളായതിനാല്‍ തങ്ങളെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്നാണ് ബി.ജെ.പി ഇപ്പോള്‍ പറയുന്നത്. എന്നാല്‍ ഗോവയിലും മണിപ്പൂരിലും നിങ്ങള്‍ ചെയ്തത് ഇങ്ങനെയല്ലായിരുന്നോ എന്ന ചോദ്യത്തിന് ബി.ജെ.പി നേതൃത്വത്തിന് മറുപടിയില്ല. അന്ന് പറഞ്ഞ ന്യായീകരണം കര്‍ണാടകയില്‍ തിരിഞ്ഞു കുത്തുമ്പോള്‍ ബി.ജെ.പി നേതൃത്വം ഇക്കാര്യത്തില്‍ നിശബ്ദമാണ്.

നാടകീയ നീക്കങ്ങളുമായി യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് തന്ത്രങ്ങള്‍ മെനഞ്ഞതോടെയാണ് കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തിലുള്ള സര്‍ക്കാര്‍ രൂപീകരണത്തിലേക്ക് വഴിതുറന്നത്. കോണ്‍ഗ്രസ് പിന്തുണയോടെ ജെ.ഡി.എസ് നേതാവ് എച്ച്.ഡി കുമാരസ്വാമി മുഖ്യമന്ത്രിയാകും. ഉപമുഖ്യമന്ത്രി പദവും 20 മന്ത്രിമാരും കോണ്‍ഗ്രസിന് നല്‍കും. ജെ.ഡി.എസിന് 14 മന്ത്രിമാരാണ് ഉണ്ടാവുക. സര്‍ക്കാറില്‍ ചേരാതെ പുറത്ത് നിന്ന് പിന്തുണ നല്‍കാമെന്നായിരുന്നു നേരത്തെ കോണ്‍ഗ്രസ് നിലപാടെടുത്തത്. എന്നാല്‍ കോണ്‍ഗ്രസ് സര്‍ക്കാറില്‍ ചേരണമെന്ന് ദേവഗൗഡ നിലപാടെടുക്കുകയായിരുന്നു.

എച്ച്.ഡി കുമാരസ്വാമിയും ബി.എസ് യെദിയൂരപ്പയും ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഗവര്‍ണറുടെ തീരുമാനമാണ് ഇനി നിര്‍ണായകമാകുന്നത്. ഉച്ചയോടെ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്താന്‍ പി.സി.സി അധ്യക്ഷന്‍ പരമേശ്വര്‍ ശ്രമിച്ചിരുന്നുവെങ്കിലും ഗവര്‍ണര്‍ കാണാന്‍ അനുമതി നല്‍കിയിരുന്നില്ല. എന്നാല്‍ ബി.എസ് യെദിയൂരപ്പക്ക് കാണാന്‍ അനുമതി നല്‍കുകയും ചെയ്തിട്ടുണ്ട്.

ഗുജറാത്തിലെ പ്രമുഖനായ ആര്‍.എസ്.എസ്ബി.ജെ.പി നേതാവായിരുന്നു ഗവര്‍ണര്‍ വാജുഭായ് വാല. 2002ല്‍ മോദിക്ക് മത്സരിക്കാനായി സ്വന്തം സീറ്റ് വിട്ടുകൊടുത്ത വ്യക്തിയാണ് അദ്ദേഹം. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ മന്ത്രിസഭയില്‍ ധനകാര്യമന്ത്രിയായിരുന്നു വാജുഭായ് വാല. ഇങ്ങനെയൊരു ചരിത്രം ഗവര്‍ണര്‍ക്ക് ഉള്ളതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ തീരുമാനം ബി.ജെ.പി അനുകൂലമായേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: