യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ പരിഹസിച്ച് ബി.എസ്.പി അധ്യക്ഷ മായാവതി.കാണ്‍പൂരില്‍ വീട് ഒഴിപ്പിക്കുന്നതിനിടെ അമ്മയും മകളും തീപൊള്ളലേറ്റ് മരിച്ച സംഭവത്തിലായിരുന്നു മായാവതിയുടെ പ്രതികരണം.
‘ബിജെപി സര്‍ക്കാരിന്റെ ബുള്‍ഡോസര്‍ രാഷ്ട്രീയം നിരപരാധികളും പാവപ്പെട്ടവരുമായ മനുഷ്യരുടെ ജീവന്‍ അപഹരിക്കുന്നു, ഇത് വളരെ ദാരുണമാണ്. സര്‍ക്കാര്‍ ജനവിരുദ്ധ സമീപനം മാറ്റണം,’ അവര്‍ ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു. ഈയിടെ യുപി സര്‍ക്കാര്‍ സംഘടിപ്പിച്ച ആഗോള നിക്ഷേപക ഉച്ചകോടിയെക്കാളും ഈ സംഭവം വാര്‍ത്തകളില്‍ ഇടംനേടിയെന്നും മായാവതി പറഞ്ഞു.
ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ ദേഹത് ജില്ലയിലെ ഗ്രാമത്തില്‍ തിങ്കളാഴ്ചയാണ് 45 കാരിയായ സ്ത്രീയും 20 വയസ്സുള്ള മകളും പൊള്ളലേറ്റ് മരിച്ചത്. വീടിനുള്ളില്‍ ആളുണ്ടെന്ന് അറിഞ്ഞിട്ടും പൊലീസ് തീയിടുകയായിരുന്നെന്നാണ് കുടുംബത്തിന്റെ ആരോപണം. എന്നാല്‍ പൊലീസ് ഇക്കാര്യം നിഷേധിച്ച് രംഗത്തെത്തി. എന്നാല്‍ സംഭവത്തില്‍ കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്.
സംഭവത്തില്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ്, നാല് റവന്യൂ ഉദ്യോഗസ്ഥര്‍, ഒരു പൊലീസ് സ്റ്റേഷന്‍ മേധാവി, മറ്റ് പൊലീസുകാര്‍ എന്നിവരുള്‍പ്പെടെ 39 പേര്‍ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. മരണത്തെതുടര്‍ന്ന് പ്രദേശവാസികളും പൊലീസും തമ്മില്‍ സംഘര്‍ഷവും നടന്നിരുന്നു. പൊലീസിന് നേരെ നാട്ടുകാര്‍ കല്ലെറിയുകയും ചെയ്തു.