മാഡ്രിഡ്: റഷ്യന്‍ ലോകകപ്പിന് ശേഷം ഫുട്‌ബോള്‍ ലോകത്ത് നടന്ന പ്രധാന ചര്‍ച്ചകളിലൊന്ന് അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസിയെ ഇനി ദേശീയ ടീം ജഴ്‌സിയില്‍ കാണാനാവുമോ എന്നതായിരുന്നു. താരം സ്വയം ടീമില്‍ നിന്ന് വിട്ടുനില്‍ക്കുന്നതായി പ്രഖ്യാപിച്ചതോടെ ആരാധകര്‍ മാത്രമല്ല ഫുട്‌ബോള്‍ ലോകവും ആശങ്കയിലായി. മെസിയുടെ വിട്ടുനില്‍ക്കല്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നതിന്റെ മുന്നൊരുക്കമാണോ എന്നതാണ് പ്രധാന ചര്‍ച്ച. റഷ്യന്‍ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ തോറ്റ് അര്‍ജന്റീന പുറത്തായ ശേഷം മെസി ദേശീയ ടീമിന് വേണ്ടി കളിച്ചിട്ടില്ല. തന്റെ ക്ലബ്ബായ ബാഴ്‌സലോണക്ക് വേണ്ടി മാത്രമേ അദ്ദേഹം ഇപ്പോള്‍ കളിക്കുന്നുള്ളു.
ആഗസ്റ്റില്‍ നടന്ന രണ്ടു സൗഹൃദ മത്സരങ്ങളിലും അദ്ദേഹം അര്‍ജന്റീന ടീമില്‍ ഇല്ലായിരുന്നു. കൂടാതെ ഈ മാസം ചിരവൈരികളായ ബ്രസീലിനെതിരേയുള്ള ക്ലാസിക്കുള്‍പ്പെടെ രണ്ട് സൗഹൃദ മത്സങ്ങളിലും മെസിയില്ല. ദേശീയ ടീമിന്റെ കോച്ചായ ലയണല്‍ സ്‌കലോണിക്കും മുന്‍ ക്യാപ്റ്റന്റെ ഭാവി പരിപാടികളെക്കുറിച്ച് ബോധ്യമില്ല. അതിനിടെയാണ് മെസിയുടെ ഭാവിയെക്കുറിച്ച് ബാഴ്‌സ കോച്ച് ഏണസ്‌റ്റോ വാല്‍വെര്‍ഡെ വെളിപ്പെടുത്തിയത്.
അര്‍ജന്റീനയുടെ പ്രശസ്തമായ ജഴ്‌സിയില്‍ മെസിയെ വീണ്ടും കാണാനാവുമെന്നാണ് വാല്‍വെര്‍ഡെ ഉറപ്പിച്ചു പറയുന്നത്. മെസി ദേശീയ ടീമിലേക്ക് തിരിച്ചുപോവണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്ന് നമുക്കറിയാം. തീര്‍ച്ചയായും അത് തന്നെ സംഭവിക്കുമെന്നും വാല്‍വെര്‍ഡെ പറയുന്നു. മെസി അര്‍ജന്റീന്ക്ക് വേണ്ടി കളിക്കണമെന്ന് തന്നെയാണ് ബാഴ്‌സയും ആഗ്രഹിക്കുന്നത്. അര്‍ജന്റീനയുടെ ജെഴ്‌സിയില്‍ മെസിയെ വീണ്ടും കാണാനായാല്‍ അദ്ദേഹം ആഹ്ലാദവാനാണ് എന്നു തന്നെയാണ് അര്‍ഥമെന്നും വാല്‍വെര്‍ഡെ കൂട്ടിച്ചേര്‍ത്തു.
അര്‍ജന്റീനക്ക് വേണ്ടി ഇനിയും പലതും ചെയ്യാന്‍ മെസിക്ക് സാധിക്കും. ഇപ്പോഴുള്ള മാറിനില്‍ക്കല്‍ താല്‍ക്കാലികം മാത്രമാണ്. എവിടെ കളിച്ചാലും മെസി മികച്ച പ്രകടനം നടത്തണമെന്ന് മാത്രമാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്നും വാല്‍വെര്‍ഡെ പറഞ്ഞു.
നേരത്തേ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ക്ലോഡിയോ ടാപ്പിയയും മെസിയുടെ തിരിച്ചുവരവുമായി ബന്ധപ്പെട്ട് അനുകൂലമായാണ് സംസാരിച്ചത്. മെസി ടീമില്‍ തിരികെയെത്തുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു. 2005 ആഗസ്റ്റിലാണ് അര്‍ജന്റീനക്ക് വേണ്ടി മെസി അരങ്ങേറിയത്. ഇതുവരെ 128 മത്സരങ്ങില്‍ കളിച്ച താരം 65 ഗോളുകള്‍ നേടിയിട്ടുണ്ട്.
2016ലെ കോപ്പ അമേരിക്ക ഫൈനലിലെ പരാജയത്തില്‍ മനം നൊന്ത് വിരമിക്കല്‍ പ്രഖ്യാപിച്ച അദ്ദേഹം പിന്നീട് തീരുമാനം പിന്‍വലിച്ച് കളിക്കളത്തില്‍ തിരിച്ചെത്തുകയായിരുന്നു. അതുപോലൊരു ട്വിസ്റ്റ് തന്നെയാണ് 31കാരനില്‍ നിന്നും ഇത്തവണയും അസോസിയേഷനും ആരാധകരും ഫുട്‌ബോള്‍ പ്രേമികളുമെല്ലാം പ്രതീക്ഷിക്കുന്നത്.