കല്യാണവീടുകളിലെ ഒത്തുകൂടല്‍ കോവിഡ് വ്യാപനം വര്‍ധിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. നിലവില്‍ പരിമിതമായ ആളുകളേ വിവാഹചടങ്ങില്‍ പങ്കെടുക്കാമെന്ന് നിയന്ത്രണമുണ്ടെങ്കിലും അത് പാലിക്കാത്തതാണ് കോവിഡ് വ്യാപനത്തിന് പ്രാദേശിക കാരണമാവുന്നത്. പങ്കെടുക്കുന്ന ആളുകളുടെ എണ്ണം മറികടക്കാന്‍ രണ്ടും മൂന്നും ദിവസമാണ് ഇപ്പോള്‍ വിവാഹ ചടങ്ങുകള്‍ നടക്കുന്നത്.
ഇതില്‍ 100 മുതല്‍ 300 വരെ ആളുകള്‍ സംഗമിക്കുകയും ഒന്നിച്ച് ഭക്ഷണം കഴിക്കുകയും ചെയ്യുന്നുണ്ട്. വീടുകളില്‍ കുറഞ്ഞ സ്ഥലമാണ് ഉള്ളത്. എത്രയും ആളെ ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്ന് മാത്രമല്ല ബന്ധുക്കളടക്കമുള്ളവര്‍ കൂടുതല്‍ സമയം കല്യാണവീടുകളില്‍ ചെലവഴിക്കുകയും ചെയ്യുന്നുണ്ട്. ഇതിനെക്കാള്‍ പ്രശ്‌നമാവുന്നത് രണ്ടും മൂന്നും ദിവസം ഒരേ സ്ഥലത്ത് പല ആള്‍ക്കാര്‍ പെരുമാറുന്നു എന്നതാണ്. ആളുകള്‍ മാറുമ്പോഴുള്ള രോഗഭീഷണി ഗൗരവതരമാണ്. പലയിടത്തും പ്രാദേശികമായി കോവിഡ് വ്യാപിച്ചത് കല്യാണവീടുകളില്‍ നിന്നാണ്. പ്രദേശം ഒന്നാകെ അടച്ചിടേണ്ട അവസ്ഥയാണ് വന്നുചേരുന്നത്. മാത്രമല്ല ഇതിന് തടയിടേണ്ട പ്രാദേശിക അധികാരികള്‍ കണ്ണടക്കുകയാണ് പതിവ്. കല്യാണ വീടുകളില്‍ ദിവസങ്ങളോളം ആളുകള്‍ വന്നുപോകുന്നത് സമീപവാസികള്‍ക്കും ഭീഷണിയാണ്.
അതേസമയം കല്യാണച്ചടങ്ങുകള്‍ ഓഡിറ്റോറിയങ്ങളിലേക്ക് മാറ്റുന്നത് ഇടപഴകലിന് കൂടുതല്‍ അകലം പാലിക്കാന്‍ സൗകര്യമാവുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കൂടുതല്‍ സ്ഥലം ലഭിക്കുന്നതിനാലും കൂടുതല്‍ സമയം ചെലവഴിക്കേണ്ടതില്ല എന്നതിനാലും ആളുകള്‍ക്ക് വന്നുപോകാന്‍ സൗകര്യമാവും. മാത്രമല്ല ആളുകളുടെ ബാഹുല്യം നിയന്ത്രിക്കാനും നിരീക്ഷണം നടത്താനും ഓഡിറ്റോറിയങ്ങളില്‍ സംവിധാനമുണ്ട്. നിലവില്‍ പൊതുഇടങ്ങളുടെ പട്ടികയിലാണ് ഓഡിറ്റോറിയങ്ങള്‍ ഉള്ളത്. ഇവിടെ ഉള്ള വിശാലമായ സൗകര്യങ്ങള്‍ ഉപയോഗിച്ചാല്‍ സാമൂഹിക അകലം ഒരു പരിധി വരെ പാലിക്കാന്‍ കഴിയും.
മാത്രമല്ല ഹാളുകളുടെ വലിപ്പത്തിനനുസരിച്ച് പങ്കെടുക്കാവുന്നവരുടെ എണ്ണം നിജപ്പെടുത്തുകയും ചെയ്യാം. പൊതുസ്ഥലത്ത് നടത്തുന്ന ചടങ്ങ് ആയതിനാല്‍ മുന്‍കൂട്ടി അനുവാദം വാങ്ങണമെന്ന നിബന്ധനയും പാലിക്കാന്‍ കഴിയും. ഇക്കാര്യത്തില്‍ ഹാള്‍ ഉടമക്ക് കൂടുതല്‍ ഉത്തരവാദിത്തം ഉള്ളതിനാല്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ കഴിയും. ഓഡിറ്റോറിയം തുറക്കുന്നത് പന്തല്‍, കാറ്ററിങ് തൊഴിലാളികള്‍ക്കും ആശ്വാസമാകും.