ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി
ഇസ്രാഈല്‍ സര്‍ക്കാര്‍ എതിരാളികളുടെ രഹസ്യം ചോര്‍ത്താന്‍ ഉപയോഗിക്കുന്ന അനൗദ്യോഗിക ചാര ഏജന്‍സിയാണ് എന്‍.എസ്.ഒ ഗ്രൂപ്പിന്റെ പെഗാസസ് സ്‌പൈവെയര്‍. ഐഫോണ്‍ മുതല്‍ ആന്‍ഡ്രോയിഡ് ഉപകരണങ്ങള്‍ വരെ, ക്ലിക്കുകളൊന്നുമില്ലാതെ തന്നെ ഏത് ഫോണിലും എവിടെയും എങ്ങനെയും നുഴഞ്ഞുകയറാന്‍ പര്യാപ്തമായ സ്‌പൈവെയറാണിത്്. പെഗാസസ് എന്ന സ്‌പൈവെയര്‍ ബാധിച്ചുകഴിഞ്ഞാല്‍ ആ ഫോണ്‍ ഉപയോഗിച്ച് ചെയ്യുന്ന എന്തും സ്‌പൈവെയര്‍ നിയന്ത്രിക്കുന്നവര്‍ക്ക് ദൃശ്യമാകും. ഹാക്കര്‍മാര്‍ക്ക് ഫോണിന്റെ നിയന്ത്രണം പൂര്‍ണമായും ഏറ്റെടുക്കാനും കഴിയുമെന്നര്‍ത്ഥം.
ഓരോ വ്യക്തിയെയും സ്ഥാപനത്തെയും സംഘടനകളെയും എല്ലാം പേടിപ്പിക്കുന്ന ഒന്നാണ് പെഗാസസ്. ഗവണ്മെന്റുകളുടെ നിര്‍ദേശമനുസരിച്ച് ഗവണ്മെന്റ് ലിസ്റ്റ് ചെയ്ത ആളുകളുടെ വിവരങ്ങള്‍ അവര്‍ പോലും അറിയാതെ ചോര്‍ത്തുന്ന പ്രവൃത്തിയാണ് ഈ ചാര സോഫ്റ്റ്‌വെയര്‍ നിര്‍വഹിക്കുന്നത്. ഇത് സര്‍ക്കാറുകള്‍ക്കല്ലാതെ മറ്റൊരാള്‍ക്കും കൊടുക്കുകയുമില്ല. ഒരു ഗവണ്മെന്റിന് ഏതൊരാളുടെയും ഫോണിലെ എന്തും സംഭാഷണം ആകട്ടെ, ഫോട്ടോകളാകട്ടെ മറ്റു വിവരങ്ങളാകട്ടെ ഒരു ഫോണിനകത്തു എന്തൊക്കെയുണ്ടോ അതെല്ലാം ഉടമ അറിയാതെ തട്ടിയെടുത്തു ബന്ധപ്പെട്ട ആര്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തില്‍ അതെല്ലാം ഗവണ്മെന്റുകളുടെ കയ്യില്‍ എത്തിക്കുന്ന ജോലിയാണ് അവ ചെയ്യുന്നത്.
ഫോണില്‍ നുഴഞ്ഞുകയറാന്‍ അവര്‍ക്ക് ഒരു ബുദ്ധിമുട്ടുമില്ല. ഒരു എസ്.എം.എസ് അല്ലെങ്കില്‍ ഒരു വാട്‌സപ്പ് മെസ്സേജ് അല്ലെങ്കില്‍ മിസ്ഡ് കോളിന്റെ സ്വഭാവത്തില്‍ അവര്‍ക്ക് ഫോണില്‍ കയറാന്‍ സാധിക്കും. ഇത്തരം സാധ്യതകളൊന്നുമില്ലാതെതന്നെ ചില ടവറുകള്‍ കേന്ദ്രീകരിച്ചും അവര്‍ക്ക് വിവരങ്ങള്‍ ചോര്‍ത്താന്‍ സാധിക്കുന്നു എന്നാണ് ഇതു സംബന്ധിച്ച് വിദഗ്ധര്‍ നല്‍കുന്ന പുതിയ വിവരം. മറ്റൊന്ന് നിങ്ങളുടെ ഫോണ്‍ നിങ്ങള്‍ പോലും അറിയാതെ നിങ്ങളുടെ നിയന്ത്രണത്തില്‍നിന്നും പോകുന്നു. മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കള്‍ക്ക് പോലും ഇത് കണ്ടെത്താന്‍ കഴിയില്ല. സിസ്റ്റത്തിന്റെ ചില ലൂപ്‌ഹോള്‍സിലൂടെ അവര്‍ക്ക് കയറാന്‍ സാധിക്കുന്ന വിധത്തിലുള്ള സംവിധാനമാണ് ഈ ചാര സോഫ്റ്റ്‌വെയറിലൂടെ വിഭാവനം ചെയ്തിരിക്കുന്നത്. ഫോണുകളില്‍ ചാര സോഫ്റ്റ്‌വെയര്‍ സ്ഥാപിച്ച വിവരവും ഫോണിന്റെ ഉടമക്ക് അറിയാന്‍ കഴിയില്ല.
മറ്റൊരു പ്രത്യേകത ഇതിന്റെ ജോലി നിര്‍വഹിച്ചു കഴിഞ്ഞാല്‍ പിന്നെ അത് ഫോണിലോ സിസ്റ്റത്തിലോ ഉണ്ടാകില്ല എന്നതാണ്. ജോലി പൂര്‍ത്തിയാക്കി അത് അപ്രത്യക്ഷമാകുന്നു. ലോകത്തിലെ പല രാജ്യങ്ങളിലെയും പല പ്രമുഖരുടെയും വിവരങ്ങള്‍ ഇങ്ങനെ ഭരണകൂടങ്ങള്‍ ചോര്‍ത്താന്‍ ഉപയോഗിച്ചിരിക്കുന്നു എന്ന വാര്‍ത്ത ഭയപ്പെടുത്തുന്നതാണ്.
മാത്രമല്ല ഈ സോഫ്റ്റ്‌വെയറില്‍ ഒരാളെ കുടുക്കാനുള്ള എന്തെങ്കിലും കാര്യം ബോധപൂര്‍വ്വം ഇട്ടേച്ച്‌പോകാനും ഈ ചാര സോഫ്റ്റ്‌വെയര്‍മൂലം സാധിക്കുമെന്നും വിദഗ്ധര്‍ പറയുന്നുണ്ട്. അതിനാല്‍ ഒരു വ്യക്തിയെ ഭീകരവാദം പോലുള്ള കേസുകളില്‍ കുടുക്കാന്‍ ഭരണകൂടത്തിന് എളുപ്പം സാധിക്കും. സര്‍ക്കാറിന് തലവേദന സൃഷ്ടിക്കുന്ന പല സന്നദ്ധ പ്രവര്‍ത്തകരേയും രാഷ്ട്രീയ എതിരാളികളെയും കൃത്രിമ തെളിവുകള്‍ ഫോണില്‍ സൃഷ്ടിച്ച് അകത്തിടാന്‍ എളുപ്പമാണ്. രാജ്യത്ത് രാഹുല്‍ഗാന്ധി ഉള്‍പ്പെടെ നിരവധി രാഷ്ട്രീയ നേതാക്കള്‍, നാല്‍പതോളം മാധ്യമ പ്രവര്‍ത്തകര്‍, ഉന്നത തലത്തിലുള്ള സുരക്ഷാ ഉദ്യോഗസ്ഥര്‍, സുപ്രീംകോടതി ജഡ്ജി അങ്ങനെ എത്രയോ പേരുടെ വിവരങ്ങള്‍ ഇതിനകം അവര്‍ ശേഖരിച്ചു എന്നത് ഭയത്തിന്റെ ആഴം വര്‍ധിപ്പിക്കുന്നതാണ്.
അതിനാല്‍ ഇത്തരം ചാര പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്റെ ജനാധിപത്യ സ്വഭാവം തകര്‍ക്കുകമാത്രമല്ല, ഒരു രാജ്യത്തെതന്നെ നശിപ്പിക്കാനും ഇതു ധാരാളം മതി. ഈയൊരു സാഹചര്യത്തിലാണ് പാര്‍ലമെന്റില്‍ പ്രതിപക്ഷം ശക്തമായ നിലപാട് സ്വീകരിക്കുന്നത്. മോഷ്ടാക്കളെ നാം പേടിക്കുന്നു, പിശാചിനെ പേടിക്കുന്നു, ദുരന്തങ്ങളെ പേടിക്കുന്നു, ഗൂഢാലോചനകളെ പേടിക്കുന്നു, ആത്മവിശ്വാസം നഷ്ടപ്പെടുന്നതിനെ പേടിക്കുന്നു. അങ്ങനെ മനുഷ്യന്‍ പല വിധ സാങ്കല്‍പ്പിക പേടികളുടെ നടുവിലാണെങ്കില്‍ പെഗാസസ് ചാര സോഫ്റ്റ്‌വെയറിന്റെ ഫലമായി ഈ പറഞ്ഞ എല്ലാ പേടികളും ഇതിലൂടെ സംഭവ്യമായ ഗൗരവമായ പ്രശ്‌നമാണിത്. പ്രതിപക്ഷം ഒന്നായാണ് ഇതിനെതിരെ പ്രതികരിക്കുന്നത്. വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ടാണ് പാര്‍ലമെന്റില്‍ പ്രതിഷേധിക്കുന്നത്. എന്നാല്‍ എന്തോ മറച്ചുവെക്കാനുള്ള വ്യഗ്രതയാണ് സര്‍ക്കാര്‍ കാണിക്കുന്നത്. ഗവണ്മെന്റിന് ഇതില്‍ എന്താണ് മറച്ചുവെക്കാനുള്ളത്. സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ സമഗ്ര അന്വേഷണം വേണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന പ്രശനമായത്‌കൊണ്ട് ഒരു ജനതയെ മുഴുവന്‍ മുള്‍മുനയില്‍ നിര്‍ത്തുന്ന വിഷയമായതുകൊണ്ട് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും പങ്കെടുക്കുന്ന പാര്‍ലമെന്റ് സമ്മേളനം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നുണ്ട്. ഇതിന് സര്‍ക്കാര്‍ വഴങ്ങാതിരിക്കുമ്പോള്‍ എന്തോ ഒളിച്ചുവെക്കാന്‍ ഉണ്ടെന്ന സൂചനയാണ് ലഭിക്കുന്നത്. ആ ഒളിച്ചുവെക്കലില്‍ ദുരൂഹതയുണ്ട്. അതാണ് പുറത്തുവരേണ്ടത്. ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകുന്നത്‌വരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. ഇത് രാജ്യത്തിന്റെ ആഭ്യന്തര സംവിധാനത്തെക്കൂടി അപകടപ്പെടുത്തുന്ന വിഷയമായതുകൊണ്ട് ഇതിനെതിരെ ശബ്ദമുയര്‍ത്തേണ്ടതും പ്രതിഷേധിക്കേണ്ടതും പ്രതിപക്ഷത്തിന്റെ ബാധ്യതയാണ്.