പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍
ഐക്യരാഷ്ട്രസഭ ഔദ്യോഗികമായി അംഗീകാരം നല്‍കിയ ആറാമത്തെ ഭാഷയാണ് അറബിക്. ഇംഗ്ലീഷ്, സ്‌പെയിന്‍, ചൈനീസ്, റഷ്യ, ഫ്രഞ്ച് എന്നിവയാണ് മറ്റു അഞ്ച് ഭാഷകള്‍. 22 ലധികം രാഷ്ട്രങ്ങളില്‍ അറബി മാതൃഭാഷ കൂടിയാണ്. 42 കോടിയിലേറെ ജനങ്ങള്‍ നിത്യവും അറബി ഭാഷ സംസാരിക്കുന്നതായാണ് കണക്കാക്കുന്നത്. മുസ്‌ലിംകളുടെ ആരാധനാഭാഷകൂടിയാണിത്. പദ്യം, കവിത, നോവല്‍, കഥകള്‍, സംഗീതം തുടങ്ങിയ കലാസാഹിത്യ ആസ്വാദനങ്ങള്‍ അറബി ഭാഷയെ ജനപ്രിയമാക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
1988ല്‍ നജീബ് മഹ്ഫൂളിന് അറബി നോവലിന് സാഹിത്യത്തിനുള്ള നോബേല്‍ സമ്മാനം ലഭിച്ചതും അറബിയെ ജനപ്രിയമാക്കി. കേരളവും അറബിയും തമ്മിലുള്ള ബന്ധത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. മുന്‍സിഫ്, വക്കീല്‍, അദാലത്ത്, മുഖ്ദിയാര്‍, ഹരജി, കരാര്‍, അത്തര്‍ തുടങ്ങിയ അറബി പദങ്ങള്‍ മാറ്റിനിര്‍ത്തിയുള്ള സംസാരത്തെക്കുറിച്ച് ആലോചിക്കാന്‍പോലും കേരളീയര്‍ക്കാവില്ല. സഞ്ചാരിയായ ഇബ്‌നുബത്തൂത്തയുടെ കൃതിയില്‍ കേരളത്തില്‍ അറബി ഭാഷയുമായി നിലനിന്ന ഇഴയടുപ്പം സംബന്ധിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. സൈനുദ്ദീന്‍ മഖ്ദൂം, ഖാസി മുഹമ്മദ്, അഹമ്മദ്‌കോയ ശാലിയാത്തി, ഉമര്‍ ഖാസി തുടങ്ങിയവര്‍ അക്കാലത്ത് അറബി ഭാഷയില്‍ അഗാധ പാണ്ഡിത്യം നേടിയവരില്‍ പ്രമുഖരാണ്. സൈനുദ്ദീന്‍ മഖ്ദൂമിന്റെ തുഹ്ഫത്തുല്‍ മുജാഹിദീന്‍ എന്ന വിശ്വ പ്രസിദ്ധ അറബിഗ്രന്ഥം 36 ഭാഷകളിലാണ് വിവര്‍ത്തനം ചെയ്യപ്പെട്ടത്.
ബ്രട്ടീഷുകാരുടെ കാലത്ത്തന്നെ അറബി ഭാഷ ഉപയോഗിച്ചുള്ള മതപഠനത്തിന് അവസരമുണ്ടായിരുന്നു. ഓറിയന്റല്‍ സ്‌കൂളുകളുടെ ആരംഭം അങ്ങിനെയാണ്. ഡോ. ബിഷപ്പ് 1912ല്‍ തിരുവതാംകൂറില്‍ വിദ്യാഭ്യാസ ഡയറക്ടറായിരുന്ന കാലത്താണ് വിദ്യാലയങ്ങളില്‍ ഭാഷാപഠനത്തിന് വഴിതുറന്നത്. 25 മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളില്‍ ഒരു അധ്യാപകന്‍ എന്ന നിലയില്‍ 15 സ്‌കൂളുകളിലാണ് തുടക്കത്തില്‍ അറബി ഭാഷാപഠനത്തിന് അവസരം കിട്ടിയത്. സ്വതന്ത്ര്യാനന്തരം അറബിഭാഷ പഠനത്തിനുള്ള അവസരങ്ങള്‍ പലയിടങ്ങളിലും നഷ്ടപ്പെട്ടുതുടങ്ങി.
കേരളപ്പിറവി തൊട്ട് മുസ്‌ലിംലീഗ് പ്രസ്ഥാനവും സി.എച്ചും സീതി സാഹിബു മെല്ലാം നടത്തിയ അശ്രാന്ത പരിശ്രമങ്ങളുടെ ഭാഗമായാണ് ഇന്ന് നാം കാണുന്ന രീതിയില്‍ നമ്മുടെ സംസ്ഥാനത്ത് അറബിഭാഷാ പഠനം സാര്‍വത്രികമായത്. 1967ല്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ച് മുഹമ്മദ് കോയ സാഹിബാണ് അറബി അധ്യാപകരെ സ്‌പെഷലിസ്റ്റ് അധ്യാപകരില്‍നിന്ന് മോചിപ്പിച്ച് ഭാഷാഅധ്യാപകരാക്കി ഉയര്‍ത്തിയത്. അറബി അധ്യാപക തസ്തികക്ക് നൂറ് കുട്ടികള്‍ എന്ന സ്ഥാനത്ത് 28 കുട്ടികള്‍ മതിയെന്ന തീരുമാനത്തിലൂടെ അധ്യാപക തസ്തികകളുടെ എണ്ണം കൂട്ടാനും കഴിഞ്ഞു. മുസ്‌ലിം ജനവിഭാഗത്തിന്റെ പുരോഗതിക്ക് വിദ്യാഭ്യാസവും ഉദ്യോഗവും അനിവാര്യമാണെന്ന് പല പഠനങ്ങളും വിളിച്ചുപറയുന്നതിനും എത്രയോ പതിറ്റാണ്ടുകള്‍ക്കപ്പുറത്താണ് മുസ്‌ലിം ലീഗും സി.എച്ചും പുരോഗമനപരമായ നടപടികള്‍ സ്വപ്‌നം കണ്ടതും യാഥാര്‍ത്ഥ്യമാക്കിയതും.
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ 1977ലാണ് മതേതര ചിന്തകളില്‍ ആദ്യത്തെ വിള്ളല്‍വീണത്. സംഘ്പരിവാര്‍ ശക്തികളുടെ സഹായത്താല്‍ ആ വര്‍ഷത്തിലാണ് ആദ്യത്തെ കോണ്‍ഗ്രസിതര സര്‍ക്കാര്‍ ഡല്‍ഹിയില്‍ ഭരണത്തിലേറിയത്. ഫാസിസ്റ്റ് ശക്തികളെ പ്രീണിപ്പിക്കാന്‍ അന്ന് പലരും മത്സരിക്കുകയായിരുന്നു. 1980 ലെ നായനാര്‍ സര്‍ക്കാരിന്റെ അറബി ഭാഷാവിരോധവും അത്തരം ഒരു നീക്കത്തിന്റെ ഭാഗമായിരുന്നു. അറബി പഠനത്തിനായി പ്രത്യേക ക്ലാസ് മുറികള്‍ സ്ഥാപിക്കണം (അക്കമഡേഷന്‍), അറബി പഠിക്കുന്ന വിദ്യാര്‍ത്ഥിയുടെ രക്ഷിതാവ് കുട്ടിക്ക് മാതൃഭാഷ പഠിക്കാന്‍ താല്‍പര്യമില്ലെന്ന് സമ്മതപത്രം നല്‍കണം (ഡിക്ലറേഷന്‍), സര്‍വീസിലിരിക്കുന്ന ഭാഷാ അധ്യാപകരുടെ മുകളില്‍ പുതിയ യോഗ്യത നിശ്ചയിക്കല്‍ (ക്വാളിഫിക്കേഷന്‍) ഈ കരിനിയമങ്ങളിലൂടെ മുഖ്യമായും അറബി ഭാഷയെ സ്‌കൂളില്‍നിന്നും പടിയിറക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തിയത്. ഗൂഢ നീക്കത്തിനെതിരെ അറബി അധ്യാപകര്‍ നടത്തിയ സമരത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഈ സമരം സമുദായം ഏറ്റെടുത്തിരിക്കുന്നുവെന്ന സി.എച്ചിന്റെ പ്രഖ്യാപനവും തുടര്‍ന്ന് യൂത്ത്‌ലീഗ് നടത്തിയ സമരങ്ങളും ചരിത്രത്തിന്റെ ഭാഗമാണ്.1980 ജൂലൈ 30ന് ബദര്‍ദിനത്തില്‍ കലക്ട്രേറ്റുകള്‍ക്ക്മുന്നില്‍ നടന്ന സമരം തീര്‍ത്തും സമാധാനപരമായിരുന്നു.
യൂത്ത് ലീഗ് സമരത്തെ ചോരയില്‍ മുക്കി കൊല്ലാന്‍ ഭരണകൂടം മുന്‍കൂട്ടി തീരുമാനിച്ച രീതിയിലാണ് പൊലീസ് പലയിടത്തും പെരുമാറിയത്. മലപ്പുറത്ത് അകാരണമായി നടത്തിയ വെടിവെപ്പിലാണ് മജീദ്, റഹ്മാന്‍, കുഞ്ഞിപ്പ എന്നിവര്‍ രക്തസാക്ഷികളായത്. രക്തസാക്ഷിത്വത്തിന്റെ ചൂടാറും മുമ്പേ കരിനിയമങ്ങള്‍ തിരുത്തണമെന്നാവശ്യപ്പെട്ട് യൂത്ത്‌ലീഗ് സെക്രട്ടറിയേറ്റ് മാര്‍ച്ച് പ്രഖ്യാപിച്ചതും വാക്കുകളെ വെടിയുണ്ടകളാക്കി നിയമസഭയില്‍ സി.എച്ച് നടത്തിയ പോരാട്ടവും അവിസ്മരണീയമാണ്. നായനാര്‍ സര്‍ക്കാരിന് ഒടുവില്‍ തെറ്റുതിരുത്തേണ്ടിവന്നു. സംസ്ഥാന ഭരണകൂടം നടപ്പിലാക്കിയ ഭരണ പരിഷ്‌ക്കാരങ്ങള്‍ പൂര്‍ണ്ണമായും പിന്‍വലിക്കേണ്ടിവന്ന ഏക സമരം എന്ന പ്രത്യേകത അവകാശപ്പെടാന്‍ കഴിയുന്നത് ഭാഷാസമരത്തിനുമാത്രമായിരിക്കും. രക്തസാക്ഷികളെ പല ഘട്ടങ്ങളിലും രാഷ്ട്രീയ ചാഞ്ചാട്ടത്തിന്റെ പേരില്‍ പലരും വിസ്മരിക്കുമ്പോഴും മജീദ്, റഹ്മാന്‍, കുഞ്ഞിപ്പമാരുടെ ജ്വലിക്കുന്ന ഓര്‍മകള്‍ സമുദായത്തിന്റെ അവകാശ സംരക്ഷണ പോരാട്ടങ്ങള്‍ക്കുള്ള ഇന്ധനമാണ് ഇന്നും പകരുന്നത്.