X
    Categories: CultureMoreNewsViews

സര്‍ജിക്കല്‍ സ്‌ട്രൈക്ക് രാഷ്ട്രീയവല്‍ക്കരിച്ചതിനെതിരെ ദൗത്യത്തിന് നേതൃത്വം കൊടുത്ത സൈനികന്‍

ന്യൂഡല്‍ഹി: സര്‍ജിക്കല്‍ സ്‌ട്രൈക്ക് രാഷ്ട്രീയവല്‍ക്കരിച്ചതിനെതിരെ ദൗത്യത്തില്‍ പങ്കെടുത്ത സൈനികന്‍ രംഗത്ത്. സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ പേരില്‍ എക്കാലവും വീരവാദം പറയേണ്ട ആവശ്യമില്ലെന്ന് ഓപ്പറേഷനില്‍ പങ്കാളിയായ മുന്‍ സൈനിക ഓഫീസര്‍ ലെഫ്റ്റനന്റ് ജനറല്‍ ഡി.എസ്.ഹൂഡ പറഞ്ഞു. ചണ്ഡീഗഢില്‍ മിലറ്ററി ലിറ്ററേച്ചര്‍ ഫെസ്റ്റിവെലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരുപാട് വീരവാദം പറയേണ്ട ആവശ്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ആ സൈനിക ഓപ്പറേഷന്‍ വളരെ പ്രധാനപ്പെട്ടതായിരുന്നു. നമ്മള്‍ അതു ചെയ്യേണ്ടതുമായിരുന്നു. എന്നാല്‍ ഇന്ന് അത് എത്രത്തോളം രാഷ്ട്രീയവത്കരിച്ചിരിക്കുന്നു, ഇത് ശരിയാണോ തെറ്റാണോയെന്ന് രാഷ്ട്രീയക്കാരോട് തന്നെയാണ് ചോദിക്കേണ്ടത്.’ ഹൂഡ പറഞ്ഞു.

സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ വിജയം സംബന്ധിച്ച് തുടക്കത്തിലെ പുകഴ്ത്തലുകളും കൊട്ടിഘോഷിക്കലുകളും മനസിലാക്കാം. എന്നാല്‍ ഇത് പിന്നെയും പറഞ്ഞുകൊണ്ടിരിക്കുന്നു. അത് അനാവശ്യമാണ്. സര്‍ജിക്കല്‍ സ്‌ട്രൈക്ക് രഹസ്യമായി വെച്ചിരുന്നെങ്കില്‍ കൂടുതല്‍ നന്നായിരുന്നു എന്നും ഹൂഡ പറഞ്ഞു.

2016 സെപ്റ്റംബര്‍ 29ന് സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടന്നുവെന്നവകാശപ്പെടുന്ന സമയത്ത് നോര്‍ത്തേണ്‍ ആര്‍മി കമാന്‍ഡറായിരുന്നു ഹൂഡ. 19 ഇന്ത്യന്‍ പട്ടാളക്കാരുടെ ജീവനെടുത്ത ഉറി തീവ്രവാദ ആക്രമണത്തിന് മറുപടിയായിട്ടായിരുന്നു സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയത്. ഇതിനായുള്ള പദ്ധതി അംഗീകരിച്ചത് ലെഫ്റ്റനന്റ് ജനറല്‍ ഹൂഡയായിരുന്നു.

സൈന്യം നടത്തിയ മിന്നലാക്രമണത്തെ തങ്ങളുടെ രാഷ്ട്രീയ നേട്ടമായി ആഘോഷിക്കാനാണ് ബി.ജെ.പിയും മോദിയും ശ്രമിച്ചത്. മിന്നലാക്രമണം നടത്താന്‍ ധൈര്യം പകര്‍ന്നത് ആര്‍.എസ്.എസ് ആണെന്നായിരുന്നു അന്നത്തെ പ്രതിരോധമന്ത്രിയായിരുന്ന മനോഹര്‍ പരീക്കര്‍ പറഞ്ഞത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: