അമ്പലപ്പുഴ : ദേശീയ സൈക്കിള്‍ പോളോ മല്‍സരത്തിനായി നാഗ്പൂരിലെത്തി മരണപ്പെട്ട ഫാത്തിമനിദയുടെ മൃതദേഹം ഖബറടക്കി. ഇന്ന് രാവിലെ 6.30 ഓടെ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ എത്തിച്ച മൃതദേഹം എച്ച്.സലാം എം.എല്‍.എ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് മെഴ്‌സികുട്ടന്‍, ജില്ല പ്രസിഡന്റ് പി.ജോസഫ്, സെക്രട്ടറി എന്‍.പ്രദീപ്കുമാര്‍, സൈക്കിള്‍ പോളോ അസോസിയേഷന്‍ ഭാരവാഹികളായ കെ.എച്ച് സനൂപ്, കരമനഹരി, സക്കീര്‍ഹുസൈന്‍ എ.ആര്‍ രന്‍ജിത്ത് എന്നിവര്‍ ചേര്‍ന്നു ഏറ്റുവാങ്ങി.
8.45 ന് വണ്ടാനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ല കമ്മിറ്റിയുടെ കീഴിലുള്ള ശംസുല്‍ ഉലമ സ്മാരക സൗദത്തിലെത്തിച്ചു ശുദ്ധിയാക്കി. തുടര്‍ന്ന് നടന്ന മയ്യത്ത്‌നിസ്‌ക്കാരത്തിനും പ്രാര്‍ത്ഥനക്കും അബ്ദുല്‍റഹുമാന്‍ അല്‍ ഖാസിമി നേതൃത്വം നല്‍കി. 9.40 ന് നീര്‍ക്കുന്നം ഗവ.എസ്.ഡി.വി.യു.പി സ്‌കൂളില്‍ എത്തിച്ച മൃതദേഹത്തില്‍ മന്ത്രി പി.പ്രസാദ്, , ജില്ല കളക്ടര്‍ കൃഷ്ണതേജ, പഞ്ചായത്ത് പ്രസിഡന്റ് എസ്.ഹാരിസ് , ജനപ്രതിനിധികള്‍, സുന്നിമഹല്ല് ഫെഡറേഷന്‍ ജില്ല പ്രസിഡന്റ് ഇബ്രാഹിംകുട്ടിവിളക്കേഴo, അമ്പലപ്പുഴ താലൂക്ക് ജമാഅത്ത് അസോസിയേഷന്‍ പ്രസിഡന്റ് സി.എ സലീം, എ.ഡി.എം സന്തോഷ്‌കുമാര്‍ അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, വിവിധ രാഷ്ട്രീയ, മത, സാമുഹിക, സാംസ്‌കാരിക നേതാക്കന്‍മാര്‍ പ്രവര്‍ത്തകര്‍ ഉള്‍പ്പടെ ആയിരങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. 10.15 ന് വീട്ടിലെത്തിച്ചപ്പോള്‍ എ.എം ആരിഫ് എം.പി , ഷാനിമോള്‍ഉസ്മാന്‍, ബന്ധുക്കള്‍ നാട്ടുകാരടക്കം നൂറ്കണക്കിന് ആളുകള്‍ നിദയെ ഒരുനോക്ക് കാണാനെത്തി.
11 മണിയോടെ കാക്കാഴം ജുമാമസ്ജിദില്‍ മയ്യിത്ത് എത്തിയപ്പോള്‍ പ്രാര്‍ത്ഥനക്ക് ഇമാം കുഞ്ഞുമുഹമ്മദ്ബാഖവി നേതൃത്വം നല്‍കിയതിന് ശേഷം നിദഫാത്തിമയുടെ ഭൗതിക ശരീരം ഖബറടക്കി. പി.പി.ചിത്തരജ്ഞന്‍ എം.എല്‍.എ, എ.എ ഷുക്കൂര്‍, എ.എം.നസീര്‍, അഡ്വ.എ നിസാമുദ്ദീന്‍, അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് കവിത തുടങ്ങി നിരവധിയാളുകള്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തി.