ചണ്ഡീഗഢ്: ബലാത്സംഗക്കേസില്‍ ജയിലിലായ സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗുര്‍മീത് റാം റഹീമിന് കോടതി പത്തുവര്‍ഷം തടവുശിക്ഷ വിധിച്ചു. നിലവില്‍ സംഘര്‍ഷം നടക്കുന്നതിനാല്‍ ഗുര്‍മീതിനെ കോടതിയില്‍ ഹാജരാക്കാതെ ജഡ്ജി ഹരിയാനയിലെ റോത്തക്കിലെ സുനരിയ ജയിലിലെത്തി ശിക്ഷ പ്രഖ്യാപിക്കുകയായിരുന്നു. പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി ഹെലികോപ്റ്റര്‍ മാര്‍ഗ്ഗമാണ് ജയിലിലെത്തിയത്.കോടതിയില്‍ ഗുര്‍മീത് പൊട്ടിക്കരഞ്ഞു. മാപ്പുചോദിക്കുകയാണ്. ശിക്ഷയില്‍ ഇളവ് നല്‍കണമെന്നും ആവശ്യപ്പെട്ടു.
ശിക്ഷയില്‍ ഇളവ് വേണമെന്ന് ഗുര്‍മീതിന്റെ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു. മുമ്പ് ചെയ്ത കാരുണ്യപ്രവര്‍ത്തികള്‍ അംഗീകരിക്കണമെന്നും കോടതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണെന്ന് സി.ബി.ഐ വാദിച്ചു. ജീവപര്യന്തം ശിക്ഷ നല്‍കണമെന്നും കോടതിയില്‍ ആവശ്യപ്പെട്ടു. വിധി പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് ഉത്തരേന്ത്യ കനത്ത ജാഗ്രതയിലാണ്.
കഴിഞ്ഞ ദിവസം ഗുര്‍മീത് കുറ്റക്കാരനാണെന്ന് വിധിച്ച കോടതി നടപടിയെ തുടര്‍ന്ന് അഞ്ചു സംസ്ഥാനങ്ങളില്‍ സംഘര്‍ഷം ഉലെടുത്തിരുന്നു. ഇതില്‍ 37 പേര്‍ മരിച്ചിരുന്നു. എന്നാല്‍ ഇന്ന് ശിക്ഷ വിധിക്കുന്നതോടെ അഞ്ചു സംസ്ഥാനങ്ങളിലെ സംഘര്‍ഷം വ്യാപിക്കുമെന്ന് ഇന്റലിജന്റ്‌സ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളില്‍ സുരക്ഷ ശക്തമാക്കി. സംസ്ഥാനങ്ങളിലെ കലാപം തലസ്ഥാനത്തേക്കെത്തുന്നത് തടയാനുള്ള മുന്നൊരുക്കങ്ങളും നടത്തുന്നുണ്ട്. ഡല്‍ഹി അതിര്‍ത്ഥിയില്‍ വാഹനപരിശോധന കര്‍ശനമാക്കി. റോത്തക്കില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള വഴിയിലുടനീളം സുരക്ഷാ സേനകള്‍ വഴിയുറപ്പിച്ചിട്ടുണ്ട്. കൂടാതെ പ്രദേശത്തെ വിദ്യാലയങ്ങള്‍ക്ക് ഇന്ന് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഡല്‍ഹിറോത്തക്ഭട്ടിന്‍ഡ വഴിയുള്ള ട്രെയിന്‍ സര്‍വ്വീസ് നിര്‍ത്തിവെച്ചു. ഹരിയാനയിലും പഞ്ചാബിലും മൊബൈല്‍, ഇന്റര്‍നെറ്റ് സേവനം നാളെ രാവിലെ 11.30വരെ റദ്ദാക്കി.