ശാരി പിവി
അങ്ങനെ മലപ്പുറം ഉപ തെരഞ്ഞെടുപ്പ് കഴിഞ്ഞു. പതിവ് പോലെ തോറ്റതിനു ശേഷം എത്തുന്ന സി.പി.എമ്മിന്റെ ന്യായീകരണ തൊഴിലാളികള്‍ അരങ്ങിലെത്തി. ഇത്തവണ പതിവ് ചേരുവകളോടൊപ്പം മലപ്പുറത്തെ അപ്പാടെ വര്‍ഗീയ മേഖലയാക്കിയാണ് ന്യായീകരണമെന്ന് മാത്രം. എന്തു കൊണ്ട് തോറ്റുവെന്ന് ചോദിച്ചാല്‍ വാര്‍ഷിക പരീക്ഷക്ക് തോറ്റ വിദ്വാന്‍ എനിക്ക് ഓണപ്പരീക്ഷയേക്കാളും മാര്‍ക്കില്ലേ എന്നു ചോദിക്കും മട്ടിലാണ് സഖാക്കളുടെ ന്യായം. 2014ല്‍ തോറ്റതിനേക്കാളും ഭൂരിപക്ഷം കുറഞ്ഞില്ലേ എന്നാണ് ചോദ്യം. അപ്പോ എല്‍.ഡി.എഫ് ജയിച്ചോ എന്നു ചോദിച്ചാല്‍ വര്‍ഗാധിപത്യവും, കൊളോണിയല്‍ ചിന്താസരണികളും, അതായത് റാഡിക്കലായുള്ള മാറ്റമല്ലെന്ന ശങ്കരാടി സ്‌റ്റൈല്‍ മറുപടി. അപ്പോഴും യു.ഡി.എഫും കുഞ്ഞാലിക്കുട്ടിയും ജയിച്ചില്ലേ എന്നു ചോദ്യം ഉയരുമ്പോ ദാ വരുന്നു. ഉള്ളി സുരുവിന് പഠിച്ചു കൊണ്ട് മന്ത്രി വക അവലോകനം. വര്‍ഗാധിപത്യമല്ല, വര്‍ഗീയ മേഖലയുടെ ആധിപത്യമെന്ന്. (സി.പി.എം ആയി ജനിച്ചാല്‍ എന്തരോ, എന്തോ ആകുമെന്ന് നിയമസഭയില്‍ ഗീര്‍വാണം പറഞ്ഞ ഒരു മന്ത്രിയുണ്ടായിരുന്നു മലപ്പുറത്ത് ടിയാന്‍ വര്‍ഗീയ മേഖലയില്‍ പെടുമോ ആവോ?.) പോരാത്തതിന് സുഡാപ്പികളും, ഗ്യാസ് കുറ്റി മുതലാളിമാരായ വെല്‍ഫയറും തക്കം പാര്‍ത്തിരിക്കുകയായിരുന്നുവത്രേ!. ജമാഅത്തെ ഇസ്്‌ലാമിയുടെ വെല്‍ഫയര്‍ പാര്‍ട്ടിയും എസ്്.ഡി.പി.ഐയും യു.ഡി.എഫിന് വിശിഷ്യ മുസ്്‌ലിം ലീഗ് സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്തുവെന്ന് മുഖ്യന്‍ മുതല്‍ സകല ഞാഞ്ഞൂള്‍ നേതാക്കള്‍ വരെ പറഞ്ഞപ്പോഴാണ് ഇവരുടെയൊക്കെ തലക്കകത്ത് ഉള്ള ആള്‍ താമസത്തെ കുറിച്ച് മാലോകര്‍ക്ക് മനസിലായത്. രണ്ട് ലീഗ് വിരുദ്ധ പാര്‍ട്ടികള്‍ മത്സരിച്ചിരുന്നപ്പോള്‍ യു.ഡി.എഫിന് ഭൂരിപക്ഷം 1.94 ലക്ഷം മത്സരിക്കാതിരുന്നപ്പോള്‍ ഭൂരിപക്ഷം 1.71 ലക്ഷം അപ്പോള്‍ അരി ആഹാരം കഴിക്കുന്നവര്‍ക്ക് കണക്ക് കൂട്ടാമല്ലോ വോട്ട് എവിടേക്ക് പോയെന്ന്. ഗുരുവായൂര്‍, ഒറ്റപ്പാലം, തിരുവമ്പാടി ഉപ തെരഞ്ഞെടുപ്പുകളും രണ്ടായിരത്തി നാലിലെ മഞ്ചേരി അടക്കമുള്ള പൊതുതിരഞ്ഞെടുപ്പിലും തുടര്‍ന്ന് വന്ന കുറ്റിപ്പുറം, മങ്കട, തിരൂര്‍ അടക്കം 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ഇത്തരക്കാരുടെ കൊടി കൂട്ടികെട്ടിയത് ചെങ്കൊടിക്കൊപ്പമായിരുന്നെന്നത് സൗകര്യപൂര്‍വം ന്യായീകരണത്തൊഴിലാളികളങ്ങു മറന്നു. ഏറ്റവും ഒടുവില്‍ ജെ.സി.ബി നിരോധിച്ച് ഗിന്നസ് റെക്കോര്‍ഡിട്ട മുഖ്യന്‍ അധികാരത്തില്‍ വന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അഴീക്കോട് ,കോഴിക്കോട് സൗത്ത് ,കുറ്റിയാടി ,മണ്ണാര്‍ക്കാട്, താനൂര്‍, കൊടുവള്ളി ,തിരുവമ്പാടി എന്നിവിടങ്ങളിലൊക്കെ ലീഗിന്റെ പരാജയം ഉറപ്പിക്കാനുള്ള തത്രപ്പാടിലായിരുന്നു സുഡാപ്പിയും ഗ്യാസില്ലാ കുറ്റിയും. മൂല്യം നോക്കി വോട്ട് ചെയ്യുന്ന കാലത്തും നിര്‍ണായകമായ ഒരു തെരഞ്ഞെടുപ്പ് വിജയത്തിന്റെ ചെലവിലും ഈ വോട്ട് വരവായി കോണി ചിഹ്നത്തില്‍ വന്നത് ചരിത്രത്തില്‍ മൈക്രോസ്‌കോപ്പ് വെച്ചാല്‍ പോലും കാണില്ല. ജനാധിപത്യത്തിലെ സാമാന്യ പ്രക്രിയയാണ് തെരഞ്ഞെടുപ്പ് അവിടെ ഉന്നത അഭിപ്രായമെന്നത് ജനഹിതം തന്നെയാണ്, ഒരു പാര്‍ട്ടിയെ ജയിപ്പിച്ചു എന്നതുകൊണ്ട് ഒരു പ്രദേശത്തെ ജനതയെ മുഴുവന്‍ വര്‍ഗീയതയുടെ പേരില്‍ കുരിശിലേറ്റുകയെന്നത് ചിന്താഗതിയുടെ കുഴപ്പം തന്നെയാണ്. ജയിച്ചവന്‍ വര്‍ഗീയവാദിയും, തോറ്റവന്‍ മാനവികതയുടെ അപ്പോസ്തലനുമായി വിലയിരുത്തി തെരഞ്ഞെടുപ്പില്‍ പങ്കെടുത്ത ഒരു ജനതയുടെ മുഖത്ത് മുഴുവന്‍ കരിവാരിത്തേച്ച് അങ്ങനെ കേരളത്തിലെ സി.പി.എം നേതൃത്വം നല്‍കുന്ന എല്‍.ഡി.എഫ് തങ്ങളുടെ ഭാഗം ഭംഗിയാക്കി. 2014ല്‍ മുസ്്‌ലിം ലീഗ് നേതാവ് ഇ അഹമ്മദ് ജയിച്ച ഭൂരിപക്ഷം കിട്ടിയില്ല എന്നായി പിന്നീട് ന്യായീകരണ തൊഴിലാളികളുടെ പ്രചരണം. സി.പി.എമ്മുകാരുടെ വാദം കേട്ടാല്‍ ന്യായമായും തോന്നുക മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി മത്സരിച്ചത് ഇ അഹമ്മദിനോടാണെന്നാണ്. സംസ്ഥാന സര്‍ക്കാറിന്റെ വിലയിരുത്തലാവും തെരഞ്ഞെടുപ്പ് ഫലമെന്ന് മംഗള്‍യാന്‍ സഖാവ് ആദ്യമെ വെടിപൊട്ടിച്ചതാണ്. പക്ഷേ ഫലം പുറത്തു വന്നു തുടങ്ങിയപ്പോഴേ സംഗതി മുഖ്യന്‍ നൈസായി വെട്ടി. ഭരണ വിലയിരുത്തലല്ലെന്ന് ടിയാന്‍ ആണയിട്ടു. ഓരോ തെരഞ്ഞെടുപ്പ് വിജയം വരുമ്പോഴും ലീഗിന് വര്‍ഗീയ പട്ടം ചാര്‍ത്തി നല്‍കുക എന്നതാണല്ലോ പ്രധാനമായും സഖാക്കളുടെ ജോലി. എന്നാല്‍ ഇതിനെ അതിജീവിച്ച് മുസ്്‌ലിം ലീഗ് ഓരോ തവണയും കൂടുതല്‍ വിജയം നേടുമെന്നത് ഒരു പ്രപഞ്ച സത്യവുമാണ്. മലപ്പുറത്ത് കോണിക്ക് വോട്ടു ചെയ്തവരെല്ലാം വര്‍ഗീയവാദികളായ സ്ഥിതിക്ക് വേങ്ങരയില്‍ വരാന്‍ പോകുന്ന ഉപതെരഞ്ഞെടുപ്പില്‍ ഇടതു പക്ഷം വോട്ടു ചോദിക്കില്ലായിരിക്കും. മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി ജയിച്ചതോടെ സഖാക്കള്‍ കണ്ണു പൂട്ടിയതിനാല്‍ കാണാതിരുന്ന ചില കാര്യങ്ങളുണ്ട്. ഒന്ന് മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ പികെ കുഞ്ഞാലിക്കുട്ടി ജയിച്ചതോടെ തിരുത്തിയത് നേരത്തെ വയനാട് എംപി എംഐ ഷാനവാസിന്റെ റെക്കോര്‍ഡാണ്. സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഭൂരിപക്ഷമെന്ന ഷാനവാസിന്റെ റെക്കോര്‍ഡാണ് കുഞ്ഞാലിക്കുട്ടി മറികടന്നത്. ഒന്നാമത്തെ വലിയ ഭൂരിപക്ഷമെന്ന റെക്കോര്‍ഡ് മലപ്പുറത്തു നിന്നു തന്നെ ഇ അഹമ്മദ് നേടിയതാണ്. ഒപ്പം കേരളത്തില്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് ലോക്‌സഭയിലേക്ക് അഞ്ചുലക്ഷത്തില്‍ കൂടുതല്‍ വോട്ട് ലഭിക്കുന്നതും ഇതാദ്യമാണ്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ കണക്കുമായി നടക്കുന്ന ഇടതന്‍മാര്‍ 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിനെ കുറിച്ച് മിണ്ടില്ല. കാരണം അത് നഷ്ടക്കച്ചവടമാണ്. നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന് ഒരു വര്‍ഷം പിന്നിടും മുന്‍പെ എത്തിയ ഉപതെരഞ്ഞെടുപ്പില്‍ 29,572 വോട്ടുകളുടെ നഷ്ടമാണ് എല്‍ഡിഎഫിന് ഉണ്ടായിരിക്കുന്നത്. ഇതിപ്പോ മലപ്പുറമായാല്‍ എന്തു കൊണ്ടും പ്രശ്‌നമാണ്. കുട്ടികള്‍ എങ്ങാനും പഠിച്ച് ജയിച്ചാല്‍ കോപ്പിയടി, മത്സരിച്ചു ജയിച്ചാല്‍ വര്‍ഗീയത. സുബ്രഹ്മണ്യന്‍ സ്വാമിയെ തോല്‍പിക്കാന്‍ മത്സരിക്കുന്ന പാര്‍ട്ടി ഇനി വേങ്ങരയിലേക്ക് എന്ത് അച്ചാണാവോ പണിയിക്കുന്നത്.
……………………………………………………….
എല്‍ ഡി എഫ് വന്നിട്ട് ഒന്നും ശരി ആയില്ല എന്ന് പറയാന്‍ വരട്ടെ. വിപ്ലവകരമായ രണ്ടു തീരുമാനങ്ങള്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ എടുത്തു കഴിഞ്ഞു. ഇതില്‍ ഒന്ന് ലോക ചരിത്രത്തില്‍ ഇന്നോളം കണ്ടിട്ടില്ലാത്ത, എന്നാല്‍ ഏവര്‍ക്കും മാതൃകയാക്കാവുന്ന തീരുമാനമാണ്. മുന്നാറില്‍ മണ്ണുമാന്തിയുടെ ഉപയോഗത്തിനു നിരോധനം ഏര്‍പ്പെടുത്തി. കാരണം മൂന്നാറിലെ എല്ലാ പ്രശ്‌നങ്ങളുടേയും കാരണക്കാരനും കൊടും ഭീകരനുമാണ് ജെ.സി.ബി എന്നു പറയുന്ന മണ്ണുമാന്തി യന്ത്രം. സി.പി.ഐ സെക്രട്ടറി കാനം പറയുന്നത് മണ്ണുമാന്തി യന്ത്രം വേണ്ട കയ്യേറ്റം ഒഴിപ്പിക്കാന്‍ നിശ്ചയദാര്‍ഡ്യം മതിയെന്നാണ്. രണ്ടാമത്തെ തീരുമാനം അതിലും ബഹുജോറാണ് പ്രദേശിക രാഷ്ട്രീയ പ്രവര്‍ത്തകരെ വിശ്വാസത്തിലെടുത്ത് വേണം കൈയേറ്റം ഒഴിപ്പിക്കാന്‍. സിംപിളായി പറഞ്ഞാല്‍ ലോകചരിത്രത്തില്‍ ആദ്യമായാവും കൈയേറ്റകാരെ കൂടി വിശ്വാസത്തില്‍ എടുത്ത് കയ്യേറ്റം ഒഴിപ്പിക്കുന്നത്. മണ്ണുമാന്തി യന്ത്രം പോയതിനാല്‍ ഇനി കൈകൊണ്ടു മാന്തി വന്‍ തോതിലുള്ള അനധികൃത നിര്‍മ്മാണങ്ങള്‍ നീക്കുകയും, ഒഴിപ്പിക്കുകയും വേണമെന്നാണ് ഒരു ഭരണാധികാരി നിര്‍ദേശിക്കുന്നത്. അനധികൃതമായി സ്ഥാപിച്ച കുരിശ് നീക്കം ചെയ്ത സബ് കലക്ടറെ എവിടേക്കാണ് അയക്കേണ്ടതെന്ന് വണ്‍ ടൂ, ത്രീ മന്ത്രി പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്. ചെയ്ത രീതി തീരെ ശരിയായില്ല പോലും. കുരിശ് നീക്കിയത് ബാബരി മസ്ജിദ് തകര്‍ത്ത പോലെയാണത്രേ!. (അപ്പോള്‍ കയ്യേറ്റ ഭൂമിയിലാണ് ബാബരി മസ്ജിദെന്ന് പറയാതെ പറഞ്ഞു വെച്ചതിനാല്‍ സംഘികളുടെ പിന്തുണയും താമസിയാതെ വരും.) അതിനാല്‍ ടിയാനെ ഊളമ്പാറയിലേക്ക് അയക്കണമെന്നാണ് തിട്ടൂരം. മണിമുഴക്കത്തിന് പിറകെ ആരെയാണ് അയക്കേണ്ടതെന്ന് പൊമ്പിളൈ ഒരുമൈ കൂട്ടം പിന്നാലെ പ്രഖ്യാപിച്ചിട്ടുമുണ്ട്. അല്ലെങ്കിലും അനധികൃതമായി സ്ഥാപിച്ച കുരിശ് നീക്കം ചെയ്യേണ്ടത് അങ്ങനെ ആയിരുന്നില്ല. പാര്‍ട്ടിക്കാര്‍ പറയും പോലെ ചുവട്ടില്‍ കുറെ വെള്ളം ഒഴിക്കുക, കുറച്ച് കഴിയുമ്പോള്‍ കുതിര്‍ന്ന് തനിയെ വീഴുമായിരുന്നു. അല്ലേല്‍ പാര്‍ട്ടിക്കാര്‍ എല്ലാവരും വന്ന് ആഞ്ഞ് ഉന്തിത്തള്ളിയിടുമായിരുന്നു. ഈ അവസരമാണ് സബ് കലക്ടര്‍ കളഞ്ഞു കുളിച്ചത്. അതിനാല്‍ സബ് കലക്ടറെ മാറ്റുക തന്നെ വേണം. ആളുകള്‍ക്ക് വിസ കൊടുക്കുന്ന സംഘികളെ പോലെ കേരളത്തിലും സ്ഥലം മാറ്റം ഫ്രീയായി സംഘടിപ്പിച്ചു കൊടുക്കപ്പെടുകയാണ് മതേതരത്വത്തിന്റെ അപ്പോസ്തലന്‍മാര്‍ ചമയുന്നവര്‍. നാട്ടു ഭാഷയും നാട്ടുമനസുമായി ഒരു മന്ത്രിയെന്നായിരുന്നു സഖാക്കള്‍ ടിയാനെ കുറിച്ച് പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ വായില്‍ തോന്നുന്നത് കോതക്ക് പാട്ടെന്ന മട്ടില്‍ എന്തും ഏതും വിളിച്ചു പറയുന്ന പരുവമാണിപ്പോള്‍. അതിനാല്‍ ഈ ഡെക്കറേഷന്‍ കൊണ്ടൊന്നും ടിയാനുണ്ടാക്കുന്ന വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ കഴിയില്ല. ഈ പോക്ക് പോയാ താമസിയാതെ ഭരണിപ്പാട്ട് വകുപ്പെന്ന ഒരു വകുപ്പ് കൂടി ഉടന്‍ സൃഷ്ടിക്കാവുന്നതുമാണ്. അല്ലെങ്കില്‍ എല്ലാത്തിനും ഉപദേശകരുള്ള മന്ത്രിസഭയില്‍ മര്യാദ ഉപദേശിക്കാനും ഒരാളാവാം. വിവരമില്ലായ്മ ഒരു തെറ്റൊന്നുമല്ല, എന്നാല്‍ അത് ഒരു അലങ്കാരമായി കൊണ്ടു നടക്കുന്നത് നാട്ടു നടപ്പില്ലാത്തതാണ്. ഇനി പോയി പോയി മൂന്നാറിലെ തണുപ്പു കൂടി നിരോധിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കാതിരുന്നാല്‍ മതിയായിരുന്നു. ഇനി അങ്ങിനൊരു കുരിശു മാത്രമേ സര്‍ക്കാര്‍ വക കിട്ടാന്‍ ബാക്കിയുള്ളൂ.
ലാസ്റ്റ് ലീഫ്:
ഉദ്യോഗസ്ഥര്‍ സമൂഹ മാധ്യമങ്ങള്‍ സെല്‍ഫ് പ്രമോഷന് വേണ്ടി ഉപയോഗിക്കരുതെന്ന് പ്രധാനമന്ത്രി. അതിനൊക്കെ പേറ്റന്റുള്ളവര്‍ വേറെയില്ലേ.