ഷംസീര്‍ കേളോത്ത്
ന്യൂഡല്‍ഹി: വിവിപാറ്റ് (വോട്ടര്‍ വെരിഫൈഡ് പേപ്പര്‍ ഓഡിറ്റ് ട്രയല്‍) രസീതുകള്‍ എണ്ണുന്നതില്‍ നിലവില്‍ കമ്മീഷന്‍ സ്വീകരിച്ചതാണ് ഏറ്റവും അനുയോജ്യമായ രീതിയെന്ന് തെരഞ്ഞടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയെ അറിയിച്ചു. അമ്പത് ശതമാനം വിവിപാറ്റ് രസീതുകളും എണ്ണുക പ്രായോഗിക ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്ന് ഡെപ്യൂട്ടി തെരഞ്ഞടുപ്പ് കമ്മീഷണര്‍ സുദീപ് ജയിന്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടത് പോലെ ഒരോ ബൂത്തിലേയും പകുതിയോളം വിവിപാറ്റുകള്‍ എണ്ണിനോക്കണമെങ്കില്‍ ആറു ദിവസമെങ്കിലും എടുക്കും. ഇത് ഫലമറിയുന്നത് വൈകിപ്പിക്കുമെന്നും കമ്മീഷന്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.
എല്ലാ ബൂത്തിലെയും അമ്പത് ശതമാനം വിവിപാറ്റ് രസീതുകളെങ്കിലും എണ്ണി നോക്കണമെന്ന് ആവശ്യപ്പെട്ട് ഇരുപെത്തിയൊന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്നാണ് കൂടുതല്‍ വിവിപാറ്റ് രസീതുകള്‍ എണ്ണിനോക്കുന്നതിനെ പറ്റി നിലപാടറിയിക്കാന്‍ മാര്‍ച്ച് 25ന് സുപ്രീംകോടതി തെരഞ്ഞടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടത്. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ആവശ്യത്തെ അപ്പാടെ തള്ളിക്കൊണ്ടുള്ള നിലപാടാണ് അമ്പത് പേജുള്ള സത്യവാങ്മൂലത്തില്‍ തെരഞ്ഞടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയില്‍ സ്വീകരിച്ചിരിക്കുന്നത്. ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ (ഐഎസ്‌ഐ) സമവാക്യപ്രകാരം ആകെയുള്ള 10.35 ലക്ഷം വിവിപാറ്റ്- ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ 479 എണ്ണം പരിശോധിച്ചാല്‍ തന്നെ 99.99 ശതമാനം പിശകില്ലന്ന് ഉറപ്പിക്കാനാവും. ഐ.എസ്.ഐ നിര്‍ദ്ദേശിച്ചതിനെക്കാള്‍ എട്ടിരട്ടി വിവിപാറ്റുകള്‍ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ പരിശോധിക്കുന്നതെന്നും കമ്മീഷന്‍ കോടതിയെ അറിയിച്ചു.
വോട്ടിംഗ് മെഷീന്‍ അട്ടിമറി: അമ്പത് ശതമാനം വിവിപാറ്റ് എണ്ണാന്‍ ആറ് ദിവസമെടുക്കുമെന്ന് കമ്മീഷന്‍
Tags: loksabha election 2019