കോഴിക്കോട്: ജീവിതാനുഭവങ്ങളുടെ ഉഷ്ണമേഖലയില്‍ നിന്ന് കഥയുടെ തെളിനീരുറവകള്‍ കണ്ടെടുത്ത വൈക്കം മുഹമ്മദ് ബഷീറിന്റെ ഓര്‍മകള്‍ക്ക് കാല്‍നൂറ്റാണ്ട് തികയുമ്പോള്‍ സര്‍ക്കാര്‍ ഒരുക്കുന്നത് അവഗണനയുടെ സ്മാരകം. ബഷീറിന് സ്മാരകം പണിയാന്‍ 2008ല്‍ അനുവദിച്ച 50 ലക്ഷം രൂപ തിരിച്ചെടുത്താണ് സാംസ്‌കാരിക വകുപ്പ് മഹാനായ എഴുത്തുകാരനോടുള്ള ക്രൂരമായ കൃതഘ്‌നതക്ക് അടിവരയിട്ടത്.
തലയോലപ്പറമ്പ് എന്ന ജന്മഗ്രാമത്തില്‍ നിന്ന് ബേപ്പൂരില്‍ എത്തി ഇവിടെ സ്ഥിരതാമസമാക്കിയ ബഷീറിന് സ്വദേശത്തേക്കാള്‍ പ്രിയങ്കരമായിരുന്നു കോഴിക്കോട്. ബേപ്പൂരിലെ വൈലാലില്‍ വീട് അക്ഷരസനേഹികളുടെ തീര്‍ത്ഥാടനകേന്ദ്രമായി ഇന്നും നിലനില്‍ക്കുന്നു. എന്നാല്‍, ബഷീറിന് ഉചിതമായ സ്മാരകം പണിയുകയെന്നത് സാംസ്‌കാരിക കേരളത്തിന്റെ ബാധ്യതയും ഉത്തരവാദിത്വവും ഇനിയും നിറവേറ്റപ്പെട്ടില്ല എന്നതാണ് എല്ലാവരെയും വേദനിപ്പിക്കുന്നത്.
2008ല്‍ ബഷീര്‍ സ്മാരക ഉപദേശക സമിതി രൂപീകരിക്കുമ്പോള്‍ അന്നത്തെ സാംസ്‌കാരികവകുപ്പ് മന്ത്രി എം.എ ബേബി ചെയര്‍മാനും എം.ടി വാസുദേവന്‍ നായര്‍ വൈസ് ചെയര്‍മാനും കെ.ജെ തോമസ് സെക്രട്ടറിയുമായിരുന്നു. ജില്ലാ കലക്ടര്‍ ആയിരുന്നു ട്രഷറര്‍. ബഷീര്‍ കുടുംബത്തിലെ അംഗം എന്ന നിലയില്‍ മകന്‍ അനീസ് ബഷീറും കമ്മിറ്റിയില്‍ ഉണ്ടായിരുന്നു. സ്മാരകം പണിയാന്‍ സ്ഥലം കണ്ടെത്താന്‍ പല പ്രകാരത്തില്‍ ശ്രമം നടന്നുവെങ്കിലും ഒന്നും ഫലപ്രദമായില്ല. കോര്‍പറേഷന്റെയോ സര്‍ക്കാറിന്റെയോ സ്ഥലം കണ്ടെത്താനായിരുന്നു ശ്രമം. അശോകപുരത്ത് സര്‍ക്കാര്‍ അധീനതയിലുള്ള ഒരു ഏക്കര്‍ സ്ഥലം കണ്ടെത്തിയിരുന്നു. അപ്പോഴാണ് കോസ്റ്റല്‍ ഗാര്‍ഡിന്റെ ക്വാട്ടേഴ്‌സിനുവേണ്ടി അതേ ഭൂമി കൈമാറിയത്. ക്വാട്ടേഴ്‌സ് പണിയാനാണ് ഭൂമി മാറ്റിയത് എന്ന് ബഷീര്‍ സ്മാരകസമിതിക്ക് അറിയില്ലായിരുന്നു. കോസ്റ്റ് ഗാര്‍ഡിന്റെ പുതിയ പ്രോജക്ട് വരുന്നു എന്നായിരുന്നു പ്രചാരണം. പ്രോജക്ട് ഗുണം ചെയ്യുമെന്ന വിശ്വാസത്തില്‍ ബഷീര്‍ സ്മാരകസമിതി സ്മാരകത്തിനായി വാശി പിടിച്ചില്ല. എന്നാല്‍ പ്രോജക്ടിന് പകരം ക്വാട്ടേഴ്‌സ് ആണ് വന്നത് എന്നുമാത്രം. അങ്ങനെ ബഷീര്‍ സ്മാരക ശ്രമത്തിനു പിന്നില്‍ കബളിപ്പിക്കലിന്റെ അന്തര്‍നാടകവും അരങ്ങേറി.
സ്മാരക നിര്‍മാണത്തിന് സര്‍ക്കാര്‍ അനുവദിച്ച പണം ട്രഷറിയില്‍ കിടക്കുകയായിരുന്നു ഇതുവരെ. 2018 ആയപ്പോഴേക്ക് പണം ചെലവിടാത്തതിന്റെ പേരില്‍ ഓഡിറ്റ് ഒബ്ജക്ഷന്‍ വന്നു എന്നാണ് ഔദ്യോഗിക ഭാഷ്യം. ഏതായാലും തുക സാംസ്‌കാരികവകുപ്പ് തിരിച്ചെടുത്തു. 2016ല്‍ പുതിയ സര്‍ക്കാര്‍ വന്നശേഷം ബഷീര്‍ സ്മാരക ഉപദേശക സമിതി പുന:സംഘടിപ്പിച്ചിട്ടില്ല. ഫലത്തില്‍ ഇപ്പോള്‍ കമ്മിറ്റിയില്ല. ഈ സാഹചര്യത്തില്‍ ബഷീറിന്റെ സ്മാരകം ഇനി ഉയരുമോ എന്ന കാര്യത്തില്‍ സംശയം ഏറെയുണ്ട്. ബഷീറിന്റെ രചനകളുടെ കൈയെഴുത്ത് പ്രതികളും അദ്ദേഹം ഉപയോഗിച്ച വസ്തുക്കളും ലഭിച്ച പുരസ്‌കാരങ്ങളും എല്ലാം ഒരുക്കി മ്യൂസിയം, ഓഡിറ്റോറിയം, എഴുത്തുകാര്‍ക്ക് രചന നടത്താനും വിശ്രമിക്കാനുമായി ഏതാനും മുറികള്‍ എന്നിവയായിരുന്നു സ്മാരകത്തിന്റെ ഭാഗമായി വിഭാവനം ചെയ്തിരുന്നത്. ആര്‍ക്കിടെക്ട് ആര്‍.കെ രമേശ് സ്‌കെച്ച് തയാറാക്കിയിരുന്നു. എന്നാല്‍ സ്ഥലം കിട്ടാതായതോടെ എല്ലാം നിലച്ചു. കമ്മിറ്റി പുന:സംഘടിപ്പിക്കുകയും ബഷീര്‍ സ്മാരകത്തിന് ഉചിതമായ സ്ഥലം കണ്ടെത്തുകയും വേണം. ആനക്കുളം സാംസ്‌കാരിക നിലയമോ പബ്ലിക് ലൈബ്രറിയുടെ ഭാഗമോ ഇതിന് പ്രയോജനപ്പെടുത്താവുന്നതാണെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. വൈലാലില്‍ വീട്ടിലെ മുറിയിലാണ് ഇപ്പോള്‍ ബഷീറിന്റെ കൈയെഴുത്ത് പ്രതികളും പുരസ്‌കാരങ്ങളും മറ്റും സൂക്ഷിച്ചിരിക്കുന്നത്. അവയെല്ലാം കൂടുതല്‍ സൗകര്യത്തോടെ സംരക്ഷിക്കപ്പെടണം. ജൂലൈ അഞ്ചിന് ബഷീറിന്റെ ചരമവാര്‍ഷിക ദിനം കടന്നുവരുമ്പോള്‍ സാംസ്‌കാരികവകുപ്പ് ഉണര്‍ന്നു പ്രവര്‍ത്തിക്കണം എന്നാണ് കലാസ്‌നേഹികളുടെ ആഗ്രഹം.
- 5 years ago
ചന്ദ്രിക വെബ് ഡെസ്‌ക്
Categories:
Video Stories