X
    Categories: CultureNewsViews

രാഹുല്‍ പറഞ്ഞ ദക്ഷിണേന്ത്യ വയനാടോ….


ലുക്മാന്‍ മമ്പാട്
കോഴിക്കോട്: ദക്ഷിണേന്ത്യയില്‍ മല്‍സരിക്കുന്നതില്‍ തെറ്റില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞത് വയനാട്ടിലേക്ക് വരാനാണോ…? വയനാട്ടില്‍ രാഹുല്‍ഗാന്ധിയെ വരവേല്‍ക്കാന്‍ ഒരുക്കം സജീവം. അമേഠിയിലും വയനാട്ടിലും രാഹുല്‍ഗാന്ധി മത്സരിക്കാന്‍ തത്വത്തില്‍ ധാരണയായെങ്കിലും ഇക്കാര്യത്തില്‍ വിവിധ വശങ്ങള്‍ ചര്‍ച്ച ചെയ്ത ശേഷം പ്രഖ്യാപനം നടത്തിയാല്‍ മതിയെന്നാണ് ഹൈക്കമാന്റ് നിലപാട്. ശരത് പവാറും യെച്ചൂരിയും ഇടപെട്ട് രാഹുലിനെ പിന്തിരിപ്പിച്ചെന്നും കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെ ഹൈക്കമാന്റ് ശാസിച്ചെന്നും തുടങ്ങിയ ഒരു വിഭാഗം സി.പി.എം-ബി.ജെ.പി മാധ്യമങ്ങളുടെ കൂലിയെഴുത്തുകള്‍ തകൃതിയാണെങ്കിലും രാഹുല്‍ വയനാട്ടില്‍ മത്സരത്തിന് എത്തുമെന്ന് തന്നെയാണ് യു.ഡി.എഫ് പ്രതീക്ഷ. ദക്ഷിണേന്ത്യയില്‍ മത്സരിക്കണമെന്നത് ന്യായമാണെന്ന് ഇന്നലെ ഒരു ഹിന്ദി പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ രാഹുല്‍ പറഞ്ഞിരുന്നു.
വിവിധ നേതാക്കളുടെ പ്രതികരണങ്ങള്‍ എടുത്ത് തെറ്റായി വ്യാഖ്യാനിക്കാനും പ്രശ്‌നങ്ങളുണ്ടെന്ന് വരുത്താനുമാണ് ചിലരുടെ ശ്രമം. രാഹുല്‍ വയനാട്ടില്‍ വരുന്നതോടെ ദക്ഷിണേന്ത്യയില്‍ ബി.ജെ.പിയുടെ നില കൂടുതല്‍ പരിതാപകരമാവും. കൂടാതെ, തൊട്ടടുത്ത തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് മുന്നണിയില്‍ രാഹുല്‍ഗാന്ധിയുടെ ചിത്രങ്ങള്‍ വെച്ച് വോട്ട് ചോദിക്കുന്ന സി.പി.എമ്മിന്റെ കേരളത്തിലെ കാപട്യം കൂടുതല്‍ വെളിവാകുകയും ചെയ്യും. മോദിയുടെ മുഖ്യ എതിരാളിയും ഫാഷിസ്റ്റ് മുന്നണിയുടെ മുന്നണിപ്പോരാളിയുമായ രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിച്ചേക്കുമെന്ന വാര്‍ത്തകള്‍ വന്നതോടെ ബി.ജെ.പിയെക്കാള്‍ അദ്ദേഹത്തെ എതിര്‍ത്ത് രംഗത്തെത്തിയത് സി.പി.എമ്മാണ്. ഇക്കാര്യത്തില്‍ കേരള മുഖ്യമന്ത്രിയും സി.പി.എം പി.ബി അംഗവുമായ പിണറായി വിജയനാണ് രാഹുല്‍ ഗാന്ധിക്കെതിരെ ആദ്യമായി അപക്വവും പക ധ്വനിപ്പിക്കുന്നതുമായ പ്രസ്താവന നടത്തിയത്. രാഹുല്‍ കേരളത്തില്‍ മത്സരിക്കുന്നതിന്റെ സന്ദേശം എന്താണെന്നും ഇടതുപക്ഷത്തെ ശത്രുപക്ഷത്തു നിര്‍ത്തുകയാണെന്നുമായിരുന്നു പിണറായിയുടെ വ്യാഖ്യാനം. എന്നാല്‍, ദേശീയതലത്തില്‍ കോണ്‍ഗ്രസുമായി സഖ്യമോ നീക്കുപോക്കോ ഉണ്ടാക്കുകയാണ് കരണീയമെന്നും ബി.ജെ.പിയെ മുഖ്യ ശത്രുവായി കാണണമെന്നുമുള്ള ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാട് അട്ടിമറിക്കാന്‍ മുന്നില്‍ നിന്ന വ്യക്തിയാണ് പിണറായി വിജയന്‍ എന്നതാണ് കൗതുകകരം.
ബി.ജെ.പിയെയും കോണ്‍ഗ്രസിനെയും ഒരുപോലെ ശത്രുവായി കണ്ട് വാക്കും പ്രവര്‍ത്തിയുമായി മുന്നോട്ടുപോകുന്ന കാരാട്ട് പക്ഷക്കാരായ പിണറായി കോടിയേരിമാര്‍ കേരളത്തില്‍ രാഹുല്‍ മത്സരിക്കുന്നതിന്റെ സന്ദേശവും യുക്തിയും ചോദ്യം ചെയ്യുമ്പോള്‍ അവര്‍ സ്വയം കുഴിച്ച കുഴിയില്‍ വീഴുകയായിരുന്നു. യു.പി.എ കക്ഷികളോ പരസ്യമായി സഖ്യത്തിലോ നീക്കുപോക്കിലോ ഏര്‍പ്പെടുകയോ ചെയ്യാത്ത ഏതു മണ്ഡലത്തിലും മത്സരിക്കാന്‍ രാഹുല്‍ഗാന്ധിക്ക് സാങ്കേതികമായും ധാര്‍മ്മികമായും അവകാശമുണ്ട്.
എന്നാല്‍, രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തോടെ എല്‍.ഡി.എഫിന്റെ കേരളത്തിലെ ഒരേയൊരു പ്രചാരണ ആയുധമായ കോലീബി നുണ പറയാന്‍ പോലുമാവാത്ത വിധം പൊട്ടിപ്പാളീസാവുമെന്നതാണ് സി.പി.എമ്മിന്റെ അങ്കലാപ്പ്. രാഹുലിന്റെ വരവോടെ കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാ സംസ്ഥാനങ്ങളില്‍ വലിയ തരംഗമുണ്ടാവുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ദക്ഷിണേന്ത്യയില്‍ നിന്ന് കോണ്‍ഗ്രസ്സ് പ്രസിഡന്റുമാര്‍ മത്സരിച്ചപ്പോഴെല്ലാം ഭരണം ലഭിച്ചിരുന്നുവെന്ന ചരിത്രവും അവര്‍ അടിവരയിടുന്നു.
സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, എന്‍.സി.പി അധ്യക്ഷന്‍ ശരത്പവാര്‍, ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍ തുടങ്ങിയവര്‍ രാഹുലിനെ പിന്തിരിപ്പിച്ചെന്നും അവരാണ് സൂപ്പര്‍ ഹൈക്കമാന്റ് എന്നുമാണ് ഒടുവിലെ വസ്തുതയുടെ പിന്‍ബലമില്ലാത്ത കെട്ടുകഥ. വയനാടിനൊപ്പം കര്‍ണാടകയിലെ ബിദാര്‍ മണ്ഡലവും രാഹുലിനായി പരിഗണിക്കുന്നതായും പ്രചാരണമുണ്ട്. എന്നാല്‍, ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റാണ് ബിദാര്‍. രാഹുല്‍ഗാന്ധി ദക്ഷിണേന്ത്യയില്‍ മത്സരിക്കുന്നതോടെ ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള ഹിന്ദി ബെല്‍റ്റില്‍ വിള്ളല്‍ വീഴാതിരിക്കാന്‍ പ്രിയങ്ക കൂടി മത്സരിക്കുകയെന്ന തന്ത്രപ്രധാന നീക്കത്തിനാണ് കോണ്‍ഗ്രസ് ശ്രമം. വിവിധ സാധ്യതകള്‍ പരിശോധിച്ച് തീര്‍പ്പിലെത്തി ഇക്കാര്യത്തില്‍ വ്യക്തത ഉണ്ടാവുന്നതോടെ രാഹുലിന്റെ വയനാട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിത്വവും പ്രഖ്യാപിക്കും. ഒറ്റ മണ്ഡലത്തിലെ മാത്രം സ്ഥാനാര്‍ത്ഥിത്വം എന്നതു ഒഴിവാക്കാന്‍ ഔദ്യോഗിക പ്രഖ്യാപനം മാറ്റിവെച്ച വടകരയിലെ കെ മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വവും നീളില്ല. അതേസമയം, എന്തെങ്കിലും കാരണത്താല്‍ രാഹുല്‍ വന്നില്ലെങ്കിലും യു.ഡി.എഫിന് നല്ല ജയസാധ്യതയുള്ള സിറ്റിംഗ് സീറ്റാണ് വയനാട് എന്നതാണ് വിലയിരുത്തല്‍. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി രണ്ടാം റൗണ്ട് പ്രചാരണം തുടങ്ങിയിട്ടുണ്ടെങ്കിലും ഒറ്റ റൗണ്ടില്‍ തന്നെ അതിനെ മറികടക്കാനുള്ള രാഷ്ട്രീയ ശക്തി മേഖലയില്‍ യു.ഡി.എഫിനുണ്ട്. രാഹുല്‍ നേരിട്ട് മത്സരിച്ചാലും ഇല്ലെങ്കിലും സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും രാഹുല്‍ ഗാന്ധിയുടെ കരങ്ങള്‍ക്ക് ശക്തിപകരാന്‍ കൂടിയാണ് യു.ഡി.എഫ് വോട്ടു ചോദിക്കുന്നത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: