X
    Categories: CultureNewsViews

കെ.എം മാണി: മുസ്‌ലിം ലീഗിന്റെ ആത്മ മിത്രം

കോഴിക്കോട്: എന്നും മുസ് ലിം ലീഗ് വിളിച്ചാല്‍ വിളിപ്പുറത്തായിരുന്നു കെ. എം മാണി, ഒപ്പം കേരള കോണ്‍ഗ്രസും. രാഷ്ട്രീയ നീക്കിന്റെ ഭാഗമായി യുഎഡിഎഫിനോട് അകലം പാലിച്ച കെ. എം മാണിയിലേക്ക് പാലമിട്ടതും മുസ്ലിം ലീഗായിരുന്നു. മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി. കെ കുഞ്ഞാലിക്കുട്ടിയുടെ മധ്യസ്ഥതയില്‍ യുഡിഎഫ് നേതാക്കള്‍ മാണിയുമായി നടന്ന ചര്‍ച്ചയില്‍ മഞ്ഞുരുകി. വീണ്ടും കേരള കോണ്‍ഗ്രസ് കരുത്തോടെ യുഎഡിഎഫില്‍ തിരിച്ചെത്തി.
2016 ഓഗസ്റ്റില്‍ ചരല്‍ കുന്നില്‍ നടന്ന കേരള കോണ്‍ഗ്രസ് സമ്മേളനത്തിലാണ് യുഎഫിഎഫിനോട് അകലം പാലിക്കാന്‍ തീരുമാനിച്ചത്. ഇതോടെ നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കാനും തീരുമാനിച്ചു. മാസങ്ങളോളം യുഡിഎഫില്‍ നിന്നകന്ന കേരള കോണ്‍ഗ്രസിനെ ലീഗ് തിരിച്ചെത്തിച്ചു. ഇരു പാര്‍ട്ടിയുടെയും നേതാക്കളും നിരന്തരമായി ചര്‍ച്ച നടത്തിയിരുന്നു. ഒടുവില്‍ കേരള കോണ്‍ഗ്രസ് യുഡിഎഫിലെത്തി.
ഇന്നും ഇന്നലെയും തുടങ്ങിയതല്ല, ലീഗിന് കേരള കോണ്‍ഗ്രസുമായുള്ള ബന്ധം. പതിറ്റാണ്ടുകള്‍ പഴക്കമുള്ള ബന്ധം ഇന്നും നേതാക്കള്‍ ഊഷ്മളതയോടെ മുന്നോട്ട് കൊണ്ടു പോകുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പു പി. കെ കുഞ്ഞാലിക്കുട്ടി നടത്തിയ കേരള യാത്രയുടെ കോട്ടയത്തെ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്തത് കെ. എം മാണിയായിരുന്നു. കേരള രാഷ്ട്രീയത്തില്‍ തന്റെ ഏറ്റവും വിശ്വസ്തര്‍ മുസ്‌ലിം ലിഗാണെന്ന് അദ്ദേഹം പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു.
യുഎഡിഎഫില്‍ നിന്നകന്നപ്പോഴും മലപ്പുറം ഉപതെരഞ്ഞെടുപ്പിലും വേങ്ങര ഉപതെരഞ്ഞെടുപ്പിലും ലീഗിന് പിന്തുണ നല്‍കുകയും യുഡിഎഫ് യോഗങ്ങളില്‍ കെ. എം മാണി സജീവമാകുകയും ചെയ്തു. ലീഗ് നേതാക്കള്‍ എന്നും സഹോദരനായാണ് കെ. എം മാണിയെ കണ്ടത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: