തിരുവനന്തപുരം: പുനഃസംഘടിപ്പിക്കാനുള്ള നിര്‍ദേശം കടലാസില്‍ കെ.എസ്.ആര്‍.ടി.സിയെ മൂന്നു ലാഭകേന്ദ്രങ്ങളായി പുനഃസംഘടിപ്പിക്കുമെന്ന സര്‍ക്കാര്‍ വാഗ്ദാനം കടലാസില്‍ ഉറങ്ങുന്നു. നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന കോര്‍പറേഷനെ രക്ഷപ്പെടുത്താനുള്ള അവസാനവഴിയും ഇതോടെ അടഞ്ഞിരിക്കുകയാണ്. ഇതിനിടെ കോര്‍പറേഷനെ പ്രതിസന്ധിയിലേക്ക് കരകയറ്റാന്‍ ശ്രമിച്ച സി.എം.ഡി ടോമിന്‍ തച്ചങ്കരിയെ മാറ്റി കൊച്ചി പൊലീസ് കമ്മീഷണറായിരുന്ന ദിനേശിനെ കൊണ്ടു വന്നതാണ് സര്‍ക്കാര്‍ ചെയ്ത ഏക നേട്ടം.
കെ.എസ്.ആര്‍.ടി.സിയെ കരകയറ്റാനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച പ്രൊഫ. സുശീല്‍ ഖന്നയുടെ റിപ്പോര്‍ട്ടിലെ പ്രധാന ശിപാര്‍ശകളിലൊന്നാണ് നിലവിലുള്ള കോര്‍പറേഷനെ മൂന്നായി വിഭജിക്കണമെന്നുള്ളത്. തമിഴ്‌നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ മാതൃകയില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ആസ്ഥാനമായി മൂന്ന് കോര്‍പറേഷന്‍ രൂപീകരിച്ച് നിലവിലെ ജീവനക്കാരെ പുനര്‍വിന്യസിക്കാനായിരുന്നു ആലോചന. കഴിഞ്ഞ മാര്‍ച്ചില്‍ ഒരു പാക്കേജായിട്ടായിരിക്കും ഇതെല്ലാം അവതരിപ്പിക്കുകയെന്ന് ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ച് ഒരു വര്‍ഷമായിട്ടും പദ്ധതി നടപ്പായില്ല. പെന്‍ഷന്‍ കൃത്യമായി നല്‍കുന്നതിന് പുതിയ സംവിധാനമുണ്ടാക്കുമെന്ന് പറഞ്ഞതും നടപ്പായില്ല. ഒരു വര്‍ഷത്തെ പെന്‍ഷനായി 720 കോടി രൂപയാണ് കെ.എസ്.ആര്‍.ടി.സിക്ക് വേണ്ടത്. ഇതിനായി ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് ലഭ്യമാക്കുമെന്ന് പറഞ്ഞ 3500 കോടി രൂപയുടെ താഴ്ന്ന നിരക്കിലുള്ള ദീര്‍ഘകാല വായ്പയും കിട്ടിയില്ല. എല്ലാ ജില്ലകളിലും ജില്ലാ സഹകരണ ബാങ്കുകളും പ്രധാന സഹകരണ ബാങ്കുകളും ചേര്‍ന്ന് കണ്‍സോര്‍ഷ്യമുണ്ടാക്കിയാകും പെന്‍ഷനും കുടിശ്ശികയും നല്‍കുക. പലിശ സഹിതം ആറുമാസത്തിനുള്ളില്‍ വായ്പ സര്‍ക്കാര്‍ തിരിച്ചടക്കുമെന്നും വാഗ്ദാനം ചെയ്തിരുന്നു.
ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്നും ലഭിക്കുന്ന വായ്പ പയോഗപ്പെടുത്തി കോര്‍പറേഷന്റെ നിലവിലുള്ള ഹ്രസ്വകാല വായ്പകള്‍ തിരിച്ചടക്കാനായിരുന്നു ലക്ഷ്യം. പതിമാസം 60 കോടിയുടെ ഇളവു ഇതിലൂടെ ലഭിക്കുമെന്നായിരുന്നു കണക്ക് കൂട്ടല്‍. കെ.എസ്.ആര്‍.ടി.സിയുടെ പുന:സംഘടനക്കായി 1000 കോടിയുടെ സഹായം ലഭ്യമാക്കുമെന്ന് ഈ ബജറ്റില്‍ പ്രഖ്യാപനമുണ്ടെങ്കിലും മുന്‍കാല അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ തൊഴിലാളികള്‍ക്ക് പ്രതീക്ഷയില്ല. 1000 കോടി രൂപ ആദ്യവര്‍ഷത്തില്‍ സര്‍ക്കാര്‍ പുനരുദ്ധാരണ പാക്കേജ് പ്രകാരം നല്‍കാമെന്ന് ഏറ്റിരുന്നു. ഇതിനകം 921 കോടി രൂപ പെന്‍ഷന്‍, ശമ്പളം, കെടിഡിഎഫ്‌സി തിരിച്ചടവ് എന്നീ ഇനങ്ങളിലായി ചെലവഴിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നു. തൊഴിലാളികളും മാനേജ്‌മെന്റും യോജിച്ച് ഈ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുകയാണെങ്കില്‍ 2019-20ല്‍ കെ.എസ്.ആര്‍.ടി.സി ഇന്നത്തെ പരിതാപകരമായ അവസ്ഥയില്‍ നിന്ന് കരകയറുമെന്നാണ് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.
- 6 years ago
ചന്ദ്രിക വെബ് ഡെസ്‌ക്