X
    Categories: CultureNewsViews

കൈവിടില്ല കോഴിക്കോട്

എം.കെ രാഘവന്‍ എം.പിയുടെ ജനഹൃദയ യാത്രക്ക് കൊടുവള്ളിയില്‍ നല്‍കിയ സ്വീകരണത്തില്‍നിന്ന്‌

ലുഖ്മാന്‍ മമ്പാട്
കോഴിക്കോട്: ഇടതിനെക്കാള്‍ വലതിനെ ജയിപ്പിച്ച ചരിത്രമാണ് കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലത്തിനുള്ളത്. പലപ്പോഴായി പുനരേകീകരണം നടന്ന മണ്ഡലത്തെ ഒരേ അളവുകോല്‍ കൊണ്ട് അളക്കാനാവില്ല. ഇടതു മുന്‍തൂക്കമുളള ബേപ്പൂരും കുന്ദമംഗലവും കോഴിക്കോട്ടേക്ക് ചേര്‍ക്കപ്പെടുകയും യു.ഡി.എഫിന് മേല്‍ക്കൈയുള്ള തിരുവമ്പാടി വയനാട് മണ്ഡലത്തിലേക്കു മാറ്റുകയും ചെയ്തതോടെ വലിയ ആത്മവിശ്വാസത്തോടെയാണ് എല്‍.ഡി.എഫ് 2009ല്‍ സിറ്റിംഗ് സീറ്റില്‍ മത്സരത്തിനിറങ്ങിയത്. പക്ഷെ, അവരുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് യു.ഡി.എഫ് വെന്നിക്കൊടി നാട്ടി.
തദ്ദേശ സ്ഥാപന ഭരണത്തിന്റെയും അസംബ്ലി മണ്ഡലത്തിന്റെയും കണക്കെടുത്താല്‍ ഇടതുമുന്നണിക്കും സി.പി.എമ്മിനും സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സ്വാധീനമുള്ള മണ്ഡലങ്ങളിലൊന്നാണ് കോഴിക്കോട്. ഡോ.എം.കെ മുനീറിന്റെ കോഴിക്കോട് സൗത്ത് മണ്ഡലം ഒഴിച്ചാല്‍ ഇവിടുത്തെ ഏഴ് നിയമസഭാ മണ്ഡലങ്ങളും എല്‍.ഡി.എഫിന് ഒപ്പമാണ്. കണ്ണൂര്‍ കഴിഞ്ഞാല്‍ സി.പി.എമ്മിന് ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ളതും ഇവിടെയാണ്. നിയമസഭയിലെ കണക്ക് വെച്ച് നോക്കിയാല്‍ കിട്ടുന്ന ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷം തെറ്റുന്നുവെന്നതാണ് കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പിലും കണ്ടത്.
1951ല്‍ അച്യുതന്‍ ദാമോദരന്‍ മേനോന്‍ (കിസാന്‍ മസ്ദൂര്‍ പ്രജാ പാര്‍ട്ടി), 1957ല്‍ കെ.പി കുട്ടികൃഷ്ണന്‍ നായര്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), 1962ല്‍ സി.എച്ച് മുഹമ്മദ്‌കോയ (മുസ്‌ലിംലീഗ്), 1967ല്‍ ഇബ്രാഹിം സുലൈമാന്‍ സേട്ട് (മുസ്‌ലിംലീഗ്), 1971ല്‍ ഇബ്രാഹിം സുലൈമാന്‍ സേട്ട് (മുസ്‌ലിംലീഗ്), 1977ല്‍ വി.എ സയ്യിദ് മുഹമ്മദ് (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), 1980ല്‍ ഇ.കെ. ഇമ്പിച്ചി ബാവ (സി.പി. എം), 1984 ല്‍ കെ. ജി അടിയോടി (ഇന്ത്യന്‍ നാഷണ ല്‍ കോണ്‍ഗ്രസ്), 1989ല്‍ കെ മുരളീധരന്‍ (ഇന്ത്യന്‍ നാഷണല്‍ കോ ണ്‍ഗ്രസ്), 1991 ല്‍ കെ. മുരളീധരന്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), 1996ല്‍ എം.പി. വീരേന്ദ്രകുമാര്‍ (ജനതാദള്‍), 1998ല്‍ പി ശങ്കരന്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), 1999ല്‍ കെ മുരളീധരന്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), 2004ല്‍ എം.പി വീരേന്ദ്രകുമാര്‍ (ജനതാദള്‍ സെക്യുലര്‍), 2009ല്‍ എം.കെ രാഘവന്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), 2014 ല്‍ എം.കെ രാഘവന്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്) എന്നിവരാണ് ഇതുവരെ മണ്ഡലത്തെ പ്രതിനിധീകരിച്ചത്.
ഐക്യ കേരളത്തിന് മുമ്പുള്ള രണ്ട് തെരഞ്ഞെടുപ്പുകളില്‍ ആദ്യതവണ ജയിച്ച കിസാന്‍ മസ്ദൂര്‍ പ്രജാ പാര്‍ട്ടി ഇപ്പോഴില്ല. രണ്ടാം തെരഞ്ഞെടുപ്പില്‍ വിജയം കോണ്‍ഗ്രസിനായിരുന്നെങ്കിലും കേരള രൂപീകരണത്തിന് ശേഷമുള്ള മൂന്നു തെരഞ്ഞെടുപ്പുകളിലും തുടര്‍ച്ചയായി മുസ്‌ലിം ലീഗാണ് വിജയിച്ചത്.
മണ്ഡല പുനര്‍ നിര്‍ണ്ണയത്തോടെ മണ്ഡലം കോണ്‍ഗ്രസ് നേടി. തുടര്‍ന്ന് സി.പി.എം പിടിച്ചെടുത്തു. എന്നാല്‍, തുടര്‍ച്ചയായി നാലു തവണ കോണ്‍ഗ്രസ് മണ്ഡലം കൈവശം വെച്ചു. ശേഷം ജനതാദള്‍. തുടര്‍ന്ന് രണ്ടു തവണ കോണ്‍ഗ്രസ്, വീണ്ടും ജനതാദള്‍. ഇപ്പോഴത്തെ കോഴിക്കോട് മണ്ഡലം രൂപീകരിച്ച 2009ല്‍ കണ്ണൂരില്‍ നിന്നെത്തിയ കോണ്‍ഗ്രസ് നേതാവ് എം.കെ രാഘവന്‍, സി.പി.എം യുവ നേതാവ് പി.എ മുഹമ്മദ് റിയാസിനെ അടിയറവ് പറയിച്ച് മണ്ഡലം പിടിച്ചെടുത്തു. 2014ല്‍ രണ്ടാം അങ്കത്തില്‍ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും ഇപ്പോഴത്തെ എല്‍.ഡി.എഫ് കണ്‍വീനറുമായ എ വിജയരാഘവനെ വീണ്ടും ഭൂരിപക്ഷം 16883 ആയി വര്‍ധിപ്പിച്ച് എം.കെ രാഘവന്‍ തോല്‍പ്പിച്ചു.
സൗമ്യമായ പെരുമാറ്റവും ജനങ്ങള്‍ക്കിടയിലെ പ്രവര്‍ത്തനങ്ങളും വികസന പദ്ധതികള്‍ കൊണ്ടു വന്ന് നടപ്പാക്കുന്നതിലെ സജീവതയുമാണ് എം.കെ രാഘവനെ കോഴിക്കോട്ടുകാര്‍ക്ക് പ്രിയങ്കരനാക്കിയത്. കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് ക്യാന്‍സര്‍ സെന്റര്‍ എത്തിച്ചതും റെയില്‍വെസ്‌റ്റേഷന്‍ അന്താരാഷ്ട്ര നിലവാരത്തിലെത്തിച്ചതും വിമാനത്താവളത്തെ തകര്‍ക്കാനുള്ള ശ്രമം പ്രതിരോധിക്കുന്നതില്‍ മുന്നില്‍ നിന്നതും എം.കെ രാഘവനാണ്.
കേരളത്തെ ഭീതിയിലാഴ്ത്തിയ നിപ്പ പ്രതിരോധത്തിന് യുദ്ധകാലാടിസ്ഥാനത്തില്‍ കേന്ദ്ര സംഘത്തെ എത്തിച്ചതും പ്രളയ കാലത്ത് സ്വന്തം ചെലവില്‍ വിപുലമായി ആശ്വാസമെത്തിച്ചതും ജനങ്ങള്‍ക്കിടയിലെ സ്വീകാര്യത വര്‍ധിപ്പിച്ചു. രാജ്യത്തെ ഏറ്റവും ചെലവേറിയ ബേപ്പൂര്‍-ബീച്ച്-എരഞ്ഞിപ്പാലം ഫ്‌ളൈഓവര്‍ കം ആറുവരി റോഡ് ഉള്‍പ്പെടെ ഒട്ടേറെ പദ്ധതികളാണ് അംഗീകാരം നേടി പ്രവര്‍ത്തി തുടങ്ങാനിരിക്കുന്നത്. നോര്‍ത്ത് മണ്ഡലം എം.എല്‍.എ എ പ്രദീപ്കുമാറിനെയാണ് സി.പി.എം കളത്തിലിറക്കിയത്. 13 വര്‍ഷമായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന പ്രദീപിന് എടുത്തു പറയാവുന്ന വികസനപദ്ധതികളൊന്നുമില്ല. കഴിഞ്ഞതവണ ബി.ജെ.പി യുടെ സി.കെ പത്മനാഭന്‍ 115760 വോട്ട് നേടിയിരുന്നു. ബി.ജെ.പി സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
ജനുവരി ഒന്ന് വരെയുള്ള കണക്കനുസരിച്ച് കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ 12,64,844 വോട്ടര്‍മാരാണുള്ളത്. സ്ത്രീ വോട്ടര്‍മാര്‍ക്കാണ് (6,51,560) മേല്‍ക്കൈ. പുരുഷന്മാര്‍ 6,13,276. എട്ട് ട്രാന്‍സ് ജെന്‍ഡറും ഉണ്ട്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: