X

ലുലു ഗ്രൂപ്പിൻ്റെ 246 മത് ഹൈപ്പർ മാർക്കറ്റ് അബുദാബിയിൽ പ്രവർത്തനമാരംഭിച്ചു

അബുദാബി: ലുലു ഗ്രൂപ്പിൻ്റെ 246 മത് ഹൈപ്പർ മാർക്കറ്റ് അബുദാബിയിൽ പ്രവർത്തനമാരംഭിച്ചു. അബുദാബി നഗരത്തിലെ ബൈനൽ ജസ്രൈനിലെ റബ്ദാൻ മാളിലാണ് പുതിയ ഹൈപ്പർമാർക്കറ്റ്.

ബൈനൽ ജസ്രൈൻ കോ ഓപ്പറേറ്റീവ് ബോർഡ് ചെയർമാൻ ശൈഖ് ഹമദ് ബിൻ ബുത്തി അൽ ഹമദാണ് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെയും മറ്റ് വിശിഷ്ടാതിഥികളുടെയും സാന്നിധ്യത്തിൽ ഹൈപ്പർമാർക്കറ്റിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. 80,000 ചതുരശ്രയടി വിസ്തീർണ്ണത്തിലുള്ള ഹൈപ്പർമാർക്കറ്റ് പുതുതായി ആരംഭിച്ച റബ്ദാൻ മാളിലാണ് സ്ഥിതി ചെയ്യുന്നത്. ഗ്രോസറി, ഫ്രഷ് ഉൽപ്പന്നങ്ങൾ, ഇലക്ടോണിക്സ്, ഗാർമെൻ്റ്സ് , ഫാഷൻ, ഗൃഹോപകരണങ്ങൾ, സ്റ്റേഷനറി ഉൾപ്പെടെ വിശാലമായ ശേഖരമാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുള്ളത്.

സഹകരണ രംഗത്തെ പ്രമുഖ സ്ഥാപനമായ ബൈനൽ ജസ്രൈനുമായി ചേർന്ന് അബുദാബിയിൽ അബുദാബിയിൽ പുതിയ ഹൈപ്പർ മാർക്കറ്റ് ആരംഭിക്കാനായതിൽ സന്തോഷമുണ്ടെന്ന് എം.എ. യൂസഫലി പറഞ്ഞു.
അബുദാബി എമിറേറ്റിലെ നാല്പതാമത്തെതുമായ ഹൈപ്പർമാർക്കറ്റ് ബൈനൽ ജസ്രൈനിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്നവർക്കായി ഏറ്റവും മികച്ച ഷോപ്പിംഗ് അനുഭവം നൽകാൻ സാധിക്കും. യു.എ.ഇ.യിൽ കൂടുതൽ ഹൈപ്പർ മാർക്കറ്റുകൾ ആരംഭിക്കുന്നതിനുള്ള പദ്ധതികൾ നടപ്പിലാക്കി വരികയാണ്. ഇതിനായി എല്ലാ സൗകര്യങ്ങളും ചെയ്തു തരുന്ന യു.എ.ഇ. ഭരണകർത്താക്കൾക്ക് നന്ദി പറയുന്നുവെന്നും യൂസഫലി പറഞ്ഞു.

മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസി സമൂഹത്തിൻ്റെ നിർലോഭമായ പിന്തുണയും ലുലു ഗ്രൂപ്പിൻ്റെ വളർച്ചയ്ക്ക് പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും യൂസഫലി കൂട്ടിച്ചേർത്തു. ലുലു ഗ്രൂപ്പ് സി.ഇ.ഒ സൈഫി രൂപാവാല, എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ. അഷ്റഫ് അലി എന്നിവരും സംബന്ധിച്ചു.

webdesk12: