മോദിയുടെ ജന്മദിനത്തിൽ പുതിയ പാർലമെന്റ് മന്ദിരത്തിൽ ഉപരാഷ്ട്രപതി ദേശീയ പതാക ഉയർത്തി ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറാണ് പതാക ഉയർത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനമായ സെപ്തംബർ 17ന് തന്നെ പാർലമെന്റിന്റെ പുതിയ കെട്ടിടത്തിൽ പതാക ഉയർത്തിയതിൽ പ്രതിപക്ഷ പാർട്ടികൾ വിമർശനം ഉന്നയിച്ചിരുന്നു.ചടങ്ങിൽ ലോക്സഭാ സ്പീക്കർ ഓം ബിർള, പാർലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി, രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ ഹരിവൻഷ് നാരായൺ സിങ്, സ്റ്റേറ്റ് പാർലമെന്ററി കാര്യമന്ത്രിമാരായ അർജുൻ റാം മെഘാവാൾ, വി മുരളീധരൻ, ലോക്സഭാ രാജ്യസഭാ അംഗങ്ങൾ എന്നിവർ പങ്കെടുത്തു. കോൺഗ്രസ് പ്രവർത്തക സമിതി യോഗം ഹൈദരാബാദിൽ നടക്കുന്നതിനാൽ മല്ലികാർജുൻ ഖാർഗെ ചടങ്ങിൽ പങ്കെടുത്തില്ല.
ഇതിനിടെ പാർലമെൻ്റിൻ്റെ പ്രത്യേക സമ്മേളനം സെപ്തംബർ 18 മുതൽ 22 വരെ വിളിച്ച് ചേർത്തിട്ടുണ്ട്. ഓഗസ്റ്റ് 19 മുതൽ പുതിയ പാർലമെൻ്റ് മന്ദിരത്തിൽ സമ്മേളനം ചേരുമെന്ന് റിപ്പോർട്ടുകളുണ്ട്. 19 ഗണേശ ചതുർഥി ആയതിനാൽ അന്ന് പുതിയ കെട്ടിടത്തിലേക്കു മാറുമെന്നാണ് സൂചന. പ്രത്യേക പാർലമെൻ്റ് സമ്മേളനത്തിന് മുന്നോടിയായി എല്ലാ കക്ഷി നേതാക്കളെയും ഉൾപ്പെടുത്തിയുള്ള യോഗം ഇന്ന് 4.30ന് നടക്കും.