X

നവവധുവിന്റെ മരണം: തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചെന്ന് പൊലീസ്

തിരുവനന്തപുരം: പാലോട് നവവധു ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് .ഇന്ദുജയുടെ ഫോണ്‍ ഫോര്‍മാറ്റ് ചെയ്ത നിലയിലാണെന്ന് പൊലീസ് കണ്ടെത്തി. രണ്ടാംപ്രതി അജാസാണ് ഫോണ്‍ ഫോര്‍മാറ്റ് ചെയ്ത് തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് പൊലീസ് പറഞ്ഞു. ഇന്ദുജയുടെ ഫോണിന്റെ പാസ്സ്വേര്‍ഡ് അജാസിന് അറിയാമായിരുന്നു. മരിക്കുന്നതിന് മുന്‍പ് ഇന്ദുജ സംസാരിച്ചത് അജാസിനോടാണെന്നും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

അതേസമയം, ഇന്ദുജ മരിക്കുന്നതിന്റെ തലേ ദിവസവും തന്നെ വിളിച്ചിരുന്നുവെന്ന് സഹോദരന്‍ ഷിനു വെളിപ്പെടുത്തി. വീട്ടിലെ കാര്യങ്ങളാണ് ഇന്ദുജ സംസാരിച്ചിരുന്നത്. ഇന്ദുജയ്ക്ക് അഭിജിത്തുമായുള്ള പ്രണയത്തെ പറ്റി അറിയില്ലായിരുന്നു. വീട്ടില്‍ നിന്ന് ഇറങ്ങി പോയതിന് ശേഷമാണ് വിവരം അറിയുന്നതെന്നും സഹോദരന്‍ പറഞ്ഞു.

കൊന്നമൂട് സ്വദേശിനിയായ ഇന്ദുജയെ പാലോടുള്ള ഭര്‍തൃ വീട്ടിലെ മുറിയിലെ ജനലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭര്‍ത്താവ് അഭിജിത്ത് ഉച്ചയ്ക്ക് വീട്ടില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയപ്പോഴാണ് വിവരം അറിഞ്ഞത് . ഈ സമയം അഭിജിത്തിന്റെ അമ്മൂമ്മ മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്

ഉടന്‍ തന്നെ ഇന്ദുജയെ നെടുമങ്ങാട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവം ആത്മഹത്യയെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. രണ്ടര വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ മൂന്ന് മാസം മുന്‍പായിരുന്നു ഇന്ദുജയുടെയും അഭിജിത്തിന്റെയും വിവാഹം. സംഭവത്തില്‍ ഭര്‍ത്താവ് അഭിജിത്തും സുഹൃത്ത് അജാസും അറസ്റ്റിലാണ്. . കേസില്‍ അഭിജിത്താണ് ഒന്നാം പ്രതി. അജാസ് രണ്ടാം പ്രതിയാണ്. ഇതിനിടെ ഇന്ദുജയെ സുഹൃത്ത് അജാസ് മര്‍ദിച്ചിരുന്നുവെന്ന് അഭിജിത്ത് വെളിപ്പെടുത്തി.

ഇന്ദുജയെ മരിച്ച നിലയില്‍ കണ്ടെത്തുന്നതിന് രണ്ട് ദിവസം മുന്‍പ് കാറില്‍ വെച്ച് അജാസ് മര്‍ദിച്ചിരുന്നുവെന്നും അഭിജിത്ത് പറഞ്ഞിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇന്ദുജയ്ക്ക് അവസാനമായി വന്ന കോള്‍ അജാസിന്റേതാണെന്ന് വ്യക്തമായി. ഇതിന് പിന്നാലെ അജാസിനെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. അഭിജിത്തിനും അജാസിനുമെതിരെ ആത്മഹത്യാപ്രേരണക്കുറ്റത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

webdesk18: