ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ പ്രവര്‍ത്തക സമിതിയുടെ ആദ്യ യോഗം നിയസഭാ തിരഞ്ഞെടുപ്പ് ആസന്നമായ തെലങ്കാനയിലെ ഹൈദരാബാദില്‍ ഈ മാസം 16, 17 തീയതികളില്‍ നടക്കും. പ്രവര്‍ത്തക സമിതിക്കു ശേഷം നടക്കുന്ന പൊതു റാലിയില്‍ തെലങ്കാനയ്ക്കുള്ള കോണ്‍ഗ്രസിന്റെ അഞ്ച് വാഗ്ദാനങ്ങള്‍ പ്രഖ്യാപിക്കും. ഇതിനു പുറമെ തിരഞ്ഞെടുപ്പ് അടുത്ത മധ്യപ്രദേശില്‍ ഇന്ത്യ നേതാക്കന്‍മാരെ വിളിച്ച് ചേര്‍ത്ത് യോഗവും ആദ്യ റാലിയും നടത്താനും കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്. പ്രവര്‍ത്തക സമിതിയിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ടവരുടെ ആദ്യ യോഗം 16,ന് നടക്കുമെന്നും ജനറല്‍ അംഗങ്ങള്‍, സ്ഥിരം ക്ഷണിതാക്കള്‍, പ്രത്യേക ക്ഷണിതാക്കള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുമെന്നും യോഗ വിവരം അറിയിച്ച സംഘടനാ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി കെ.സി വേണുഗോപാല്‍ അറിയിച്ചു.
17ന് നടക്കുന്ന യോഗത്തില്‍ പ്രവര്‍ത്തക സമിതി അംഗങ്ങള്‍ സംസ്ഥാന പ്രസിഡന്റുമാര്‍, നിയമസഭാ കക്ഷി നേതാക്കള്‍, പാര്‍ലമെന്ററി പാര്‍ട്ടി ഓഫീസ് ചുമതലയുള്ളവര്‍ എന്നിവരും പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനു ശേഷം ഹൈദരാബാദില്‍ നടക്കുന്ന പൊതു റാലിയില്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവര്‍ പങ്കെടുക്കുമെന്നും വേണുഗോപാല്‍ പറഞ്ഞു. കര്‍ണാടകയില്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കാന്‍ സഹായിച്ച അഞ്ച് വാഗ്ദാനങ്ങളുടെ ചുവട് പിടിച്ച് തെലങ്കാനയിലും അഞ്ച് വാഗ്ദാനങ്ങള്‍ കോണ്‍ഗ്രസ് റാലിയില്‍ പ്രഖ്യാപിക്കും. അടുത്ത ദിവസം പ്രവര്‍ത്തകര്‍ വീടുകള്‍ തോറും കയറി അഞ്ച് വാഗ്ദാനങ്ങള്‍ ജനങ്ങളെ പരിചയപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.