എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത് പൂക്കാട്ടുപടിയില്‍ പട്ടാപ്പകല്‍ പത്തൊമ്പതുകാരിയെ യുവാവ് കുത്തിക്കൊന്നുവെന്ന വാര്‍ത്ത ആരെയും ഞെട്ടിപ്പിക്കുന്നതാണ്. മോഷണ ശ്രമത്തിനിടെയാണ് എടത്തിക്കോട് അന്തിനാട് വീട്ടില്‍ തമ്പിയുടെ മകള്‍ നിമിഷ അതിദാരുണമായി കൊലചെയ്യപ്പെട്ടത്. വാഴക്കുളം എം.ഇ.എസ് കോളജിലെ അവസാന വര്‍ഷ ബി.ബി.എ വിദ്യാര്‍ത്ഥിനിയാണ് നിമിഷ. കേസില്‍ പശ്ചിമബംഗാള്‍ സ്വദേശി ബിജുവിനെ പൊലീസ് പിടികൂടിയിട്ടുണ്ട്. മുത്തശ്ശിയുടെ സ്വര്‍ണമാല പൊട്ടിച്ചെടുക്കുന്നത് ചെറുക്കുന്നതിനിടെയാണ് നിമിഷക്ക് കുത്തേറ്റത്. രാവിലെ പത്തുമണിയോടെയാണ് സംഭവം. കഴുത്തിലേറ്റ മാരകമായ മുറിവാണ് മരണത്തിന് കാരണമായത്. നിമിഷയുടെ പിതാവിന്റെ സഹോദരന്‍ ഏലിയാസിനും കുത്തേറ്റെങ്കിലും ഭാഗ്യംകൊണ്ടുമാത്രം രക്ഷപ്പെട്ടു. വീടിന്റെ വാതില്‍പടിയില്‍ ചോരവാര്‍ന്ന് കിടന്ന പെണ്‍കുട്ടിയെ ബന്ധുവും അയല്‍വാസിയും ചേര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്ഥലമാണ് പെരുമ്പാവൂര്‍. എറണാകുളം ജില്ലയിലെ കാക്കനാടിനോട് ചേര്‍ന്ന വ്യവസായ മേഖലയിലെ തൊഴിലവസരങ്ങളാണ് ഇവരെ കൂട്ടത്തോടെ പ്രദേശത്ത് കേന്ദ്രീകരിക്കാന്‍ കാരണമാക്കിയത്. കേരളത്തില്‍ മൊത്തം അരക്കോടിയോളം ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിച്ച് ജോലി ചെയ്യുന്നുണ്ടെന്നാണ് ഏകദേശ കണക്ക്. മലയാളികള്‍ ഗള്‍ഫിലുള്ളതിന്റെയത്രയോളം വരുമിത്. നാട്ടിലെ പട്ടിണിയും തൊഴിലില്ലായ്മയുംകൊണ്ട് മൈലുകള്‍ താണ്ടിയെത്തുന്ന ഇവരില്‍ ചിലരാണ് കൊലപാതകങ്ങള്‍ക്കും പിടിച്ചുപറിക്കും തയ്യാറാകുന്നത് എന്നത് വലിയ ആശങ്കക്കും ഭീതിക്കും കാരണമായിട്ട് നാളുകളേറെയായി. 2016 ഏപ്രില്‍ 28ന് ഇവിടെയടുത്തുതന്നെ നിയമ വിദ്യാര്‍ത്ഥിയായ ദലിത് പെണ്‍കുട്ടി ജിഷയെ ലൈംഗികാക്രമത്തിലൂടെ നിഷ്ഠൂരമായി കൊലപ്പെടുത്തിയത് ഏറെ ചര്‍ച്ചചെയ്തതാണ് നാം. അതിന്റെപേരില്‍ അധികാരത്തിലേറിയ സര്‍ക്കാരാണ് സംസ്ഥാനം ഭരിക്കുന്നത്. നിമിഷയുടെ വീടിന് വെറും 15 കിലോമീറ്റര്‍ മാത്രം അകലെയാണ് ജിഷയുടെ കുടില്‍നിന്നിരുന്ന കനാല്‍ പുറമ്പോക്ക്. ഒരു പശ്ചിമബംഗാള്‍ സ്വദേശിയാണ് അതിലും അറസ്റ്റിലായി ജയിലില്‍ കഴിയുന്നത്. തിരുവുല്വാമലയില്‍ ഗോവിന്ദസ്വാമി എന്ന ഒറ്റക്കൈയന്‍ ഭിക്ഷാടകന്‍ മറ്റൊരു യുവതിയെ ലൈംഗികമായി ആക്രമിച്ച് കൊലപ്പെടുത്തിയതും രാജ്യത്തുതന്നെ അപൂര്‍വ സംഭവമായിരുന്നു. ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ സൗമ്യ തനിച്ചിരുന്ന കമ്പാര്‍ട്ട്‌മെന്റിലേക്ക് കടന്നുചെന്ന് പുറത്തേക്ക് വലിച്ചിട്ടശേഷം റെയില്‍വെപാളത്തിരികെ കാമകേളിക്ക് വിധേയനാക്കിയായിരുന്നു ആ അരുംകൊല. എന്തുകൊണ്ട് ഇത്തരം അക്രമങ്ങള്‍ വര്‍ധിക്കുന്നുവെന്ന ചോദ്യം ചോദിക്കുന്നതിനുമുമ്പുതന്നെ പശ്ചിമബംഗാള്‍ സ്വദേശിയെ മലയാളികള്‍തന്നെ കൊല്ലത്ത് അടിച്ചുകൊന്ന സംഭവവും നമ്മുടെ മനോമുകുരങ്ങളില്‍ തെളിഞ്ഞുവരുന്നുണ്ട്. അട്ടപ്പാടിയില്‍ വിശന്നുവലഞ്ഞ് നടന്ന ആദിവാസി യുവാവ് കൊല്ലപ്പെടുന്നതും ഇതേ ഭരണ കാലത്താണ്. ഇതേ മാസം തന്നെയാണ് എറണാകുളം നഗരത്തില്‍ മഹാരാജാസ് കോളജില്‍ ഭരിക്കുന്ന കക്ഷിയുടെ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് പത്തൊമ്പതുകാരനായ അഭിമന്യു കത്തിക്കുത്തേറ്റ് മരിച്ചത്. ഇടുക്കി വട്ടവട സ്വദേശിയായ അഭിമന്യു തീരെ സാമ്പത്തികശേഷി കുറഞ്ഞ സാഹചര്യത്തില്‍നിന്നാണ് എറണാകുളം പോലൊരു നഗരത്തിലേക്ക് ഭാവിജീവിതം സ്വപ്‌നം കണ്ട് പഠനത്തിനെത്തിയത്. ഈ സംഭവം ജൂലൈ രണ്ടിന് അര്‍ധരാത്രി നടക്കുമ്പോള്‍ പൊലീസുകാരാരും സ്ഥലത്തുണ്ടായിരുന്നില്ല. ഒറ്റക്കുത്തിന് അഭിമന്യുവിനെ കൊലപ്പെടുത്തിയവരില്‍ മൂന്നു പേരെ കൂടിനിന്നിരുന്ന വിദ്യാര്‍ത്ഥികളാണ് പൊലീസിനെ പിടിച്ചേല്‍പിച്ചത്. പ്രധാനപ്രതിയാരെന്നോ കുത്തിയത് ആരെന്നോ ഇനിയും കേരള പൊലീസിന് നിജപ്പെടുത്താന്‍ കഴിഞ്ഞിട്ടുമില്ല. കൊല്ലത്ത് ബംഗാള്‍ മാള്‍ഡ സ്വദേശി മണിക് റോയിയെ (50) കൊലപ്പെടുത്തിയത് ഒരു മാസം മാത്രം മുമ്പായിരുന്നു. കോഴിയെ മോഷ്ടിച്ചു എന്ന കുറ്റത്തിനായിരുന്നു രണ്ട് നാട്ടുകാര്‍ ചേര്‍ന്ന് പൊതിരെ മര്‍ദിച്ചതും പിന്നീട് ആസ്പത്രിയില്‍വെച്ച് മരണമടഞ്ഞതും. മധ്യവയസ്‌കനായ ശശിധരക്കുറുപ്പ്, യുവാവായ ആസിഫ് എന്നിവരെ പൊലീസ് ഇതുസംബന്ധിച്ച് അറസ്റ്റ് ചെയ്‌തെങ്കിലും പ്രതികള്‍ ശിക്ഷിക്കപ്പെടുമെന്ന് ഒരുറപ്പുമില്ല. കേരളത്തെ സ്ത്രീ സൗഹൃദമാക്കുമെന്ന് വാദ്ഗാനം നല്‍കിയ പ്രകടന പത്രികയെക്കുറിച്ച് ഇടതുമുന്നണി ചിന്തിക്കുന്നുണ്ടെന്നുപോലും സംശയിക്കുന്ന തരത്തിലാണ് കൊച്ചി നഗരത്തില്‍ പ്രശസ്ത നടിക്കെതിരെപോലും തട്ടിക്കൊണ്ടുപോകലും ലൈംഗികാക്രമണവും ഉണ്ടായത്. മുന്നൂറിലധികം പൊലീസ് സേനയുമായി മുഖ്യമന്ത്രി അപ്രമാദിച്ച് നടക്കുമ്പോഴാണ് കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്ന് പുഴയിലെറിഞ്ഞത്. നിയമം നടപ്പാക്കാതെ പ്രതികളെ കോടതികളിലേക്ക് എസ്‌കോര്‍ട്ട് ചെയ്യുന്ന സംവിധാനമായി മാത്രം പൊലീസ് മാറിയതിന്റെ മാരണമാണ് ഇന്ന് കേരളം അനുഭവിച്ചുകൊണ്ടിരിക്കുന്നത്.
ഏതോ സര്‍വേയുടെ പേരില്‍ ഭരണ നിര്‍വഹണത്തില്‍ കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്തെന്ന് ജനങ്ങളുടെ നികുതിപ്പണം കൊടുത്ത് വ്യാജ പരസ്യം വഴി ജനങ്ങളെ വിഡ്ഢികളാക്കുമ്പോള്‍ തന്നെയാണ് ഇതേ ഭരണത്തിനുകീഴില്‍ കണ്ണറയ്ക്കുന്ന അരുംകൊലകള്‍ നിത്യേനയെന്നോണം അരങ്ങുതകര്‍ത്താടിക്കൊണ്ടിരിക്കുന്നത്. കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ 2016ല്‍ മുന്‍കൊല്ലത്തെ അപേക്ഷിച്ച് 2.6 ശതമാനം വര്‍ധനവാണ് രാജ്യത്തുണ്ടായത്. ആ വര്‍ഷം രാജ്യത്ത് രണ്ടാം സ്ഥാനമാണ് കൊച്ചു സംസ്ഥാനമായ കേരളത്തിന്്. 974.9 ഐ.പി.സി കുറ്റകൃത്യങ്ങളാണ് ഡല്‍ഹിയിലേതെങ്കില്‍ കേരളത്തില്‍ ലക്ഷത്തിന് 727.6 എണ്ണമായിരുന്നു. ദേശീയ ശരാശരി 233.6 മാത്രവും. ചരിത്രത്തിലാദ്യമായി 77541 ക്രിമിനല്‍ കേസുകളാണ് 2016ല്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകളില്‍ പകുതി പോലും ശിക്ഷിക്കപ്പെടുന്നില്ല. 2016ല്‍ ഐ.പി.സി കുറ്റങ്ങളില്‍ വെറും 46.8 ശതമാനത്തിനു മാത്രമാണ് ശിക്ഷ ലഭിച്ചത്. കുറ്റപത്രം നല്‍കിയത് 72.9 ശതമാനത്തില്‍മാത്രവും. ഇന്നലത്തെ സംഭവത്തില്‍ നാട്ടുകാരാണ് പ്രതി ബിജുവിനെ ഓടിച്ചിട്ടുപിടിച്ച് പൊലീസിനെ ഏല്‍പിച്ചത്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കെതിരെ സംഭവത്തിനുശേഷം വ്യാപകമായി അക്രമത്തിന് നാട്ടുകാര്‍ മുതിര്‍ന്നെങ്കിലും പൊലീസിന്റെ ഇടപെടല്‍മൂലം തല്‍ക്കാലത്തേക്ക് അവരുടെ വികാരം ശമിപ്പിക്കാനായി. നൂറോളം ഇതര സംസ്ഥാന തൊഴിലാളികള്‍ ആക്രമണം ഭയന്ന് എടത്തല പൊലീസ് സ്റ്റേഷനില്‍ അഭയം തേടിയതായാണ് വാര്‍ത്ത. ഇവിടെയെല്ലാം നാം വേവലാതിപ്പെടേണ്ട പ്രധാന വസ്തുത കൊല്ലപ്പെടുന്നത് ആരെന്നതിനേക്കാള്‍, നാട്ടില്‍ കൊലപാതകം ഒരു കൂസലുമില്ലാതെ ആവര്‍ത്തിക്കുന്നു എന്നതിനെക്കുറിച്ചാണ്. ക്രമസമാധാനം ഇത്രമേല്‍ വഷളായ സന്ദര്‍ഭം കേരളത്തില്‍ മുമ്പുണ്ടായിട്ടില്ല. നാട്ടില്‍ ഒരു ഭരണകൂടമുണ്ടോ എന്ന് തോന്നിപ്പിക്കുംവിധമാണ് ഈ ആള്‍ക്കൂട്ട ഭ്രാന്തന്മാരുടെ പെരുമാറ്റം. പലപ്പോഴും ഉത്തരവാദപ്പെട്ട ഭരണാധികാരികള്‍ തന്നെ ഈ ക്രിമിനലുകള്‍ക്ക് പ്രോല്‍സാഹനം നല്‍കുന്നു. ഇതില്‍ ഇരയാക്കപ്പെടുന്നവര്‍ മഹാഭൂരിപക്ഷവും ദലിതുകളോ ആദിവാസികളോ ആണെന്നതാണ് സങ്കടകരം. നാടിന്റെ കൈത്താങ്ങ് വേണ്ടവര്‍ക്കുതന്നെ നാട്ടിലെ ഭരണകൂടത്തിന്റെ വീഴ്ചകള്‍കാരണം ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെടുന്നുവെന്നത് നിസ്സാരകാര്യമല്ല.
- 6 years ago
chandrika
Categories:
Video Stories