ന്യൂഡല്‍ഹി: 11 പേര്‍ കൂട്ട ആത്മഹത്യ ചെയ്ത ഭാട്ടിയ കുടുംബത്തിലെ അവസാന അംഗമായ വളര്‍ത്തു നായ ടോമി ചത്തു. ഹൃദയാഘാതമാണ് മരണകാരണം. ജൂലൈയ് ഒന്നിനാണ് ബുരാരിയില്‍ ഒരു കുടുംബത്തിലെ 11 പേരെ ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തിയത്. ഇവരുടെ മരണത്തിന് ശേഷം പനി ബാധിച്ച് അവശനായ ടോമിയെ മൃഗസംരക്ഷകനായ സഞ്ജയ് മൊഹപത്രയെ ഏല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്നാണ് കുടുംബത്തിലെ അവസാന അംഗമായ വളര്‍ത്തു നായുടെ മരണം.
കുടുംബത്തിലെ 11 പേരെ മരണത്തിലെ ദുരൂഹത ബാക്കിവെച്ചാണ് വളര്‍ത്തു നായ കൂടി മരണപ്പെട്ടത്. അതേസമയം കേസില്‍ അന്വേഷണം തുടരുകയാണ്.
കുടുംബം ‘കൂട്ട മോക്ഷപ്രാപ്തിക്കു’ വേണ്ടി ഒരുമിച്ച് ആത്മഹത്യ ചെയ്തതാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഇക്കാര്യം ബലപ്പെടുത്തുന്ന കൂടുതല്‍ തെളിവുകള്‍ പൊലീസിനു ലഭിച്ചിട്ടുണ്ട്. ആത്മഹത്യയ്ക്ക് അര്‍ധരാത്രി ഒരുക്കം നടത്തുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയാണിത്.
സംഭവത്തില്‍ പങ്കുള്ള ആള്‍ദൈവത്തെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഗീതാ മാ എന്ന പേരില്‍ അറിയപ്പെടുന്ന ആള്‍ദൈവത്തെ സംഭവത്തില്‍ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ചോദ്യം ചെയ്യലിനിടെ ആത്മഹത്യക്ക് പ്രേരിപ്പിച്ചത് താനാണെന്ന് ഇവര്‍ പൊലീസിനോട് കുറ്റസമ്മതം നടത്തിയതായാണ് സൂചന ലഭിക്കുന്നത്.
മരിച്ച കുടുംബത്തിലെ ആരെയും നേരിട്ട് കണ്ടിട്ടില്ലങ്കിലും ഇവരെ പിതാവ് വഴി പരിചയമുണ്ടായിരുന്നുവെന്നും തന്റെ താന്ത്രികാചാരങ്ങളെപ്പറ്റി അറിഞ്ഞ കുടുംബം നേരില്‍ക്കാണാന്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നുവെന്നും കൂട്ടമരണം നടന്ന ശനിയാഴ്ച അവര്‍ തന്നെ വന്നു കാണാന്‍ അവരോട് ആവശ്യപ്പെട്ടിരുന്നതായും ഗീതാ മാ വീഡിയോയില്‍ പറയുന്നുണ്ട്.
മരിക്കുന്നതിന് ഒരാഴ്ച മുന്‍പ് കുടുംബാംഗമായ ലളിത് ഭാട്ടിയയുടെ നേതൃത്വത്തില്‍ കുടുംബാംഗങ്ങള്‍ ആത്മാവിനെ സ്വതന്ത്രമാക്കുന്ന ബാധ് തപസ്യ നടത്തിയിരുന്നതായുള്ള ഡയറിക്കുറിപ്പുകള്‍ കണ്ടെത്തിയിരുന്നു. പത്തുവര്‍ഷം മുന്‍പ് മരണപ്പെട്ട പിതാവിന്റെ ആത്മശാന്തിക്ക് വേണ്ടിയാണ് ഇവര്‍ ചടങ്ങുകള്‍ നടത്തിയെന്നാണ് ലഭിച്ച വിവരം. ഇതോടെ കുടുംബത്തിലെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടുമെന്നായിരുന്നു ഇവരുടെ വിശ്വാസം. ബാധ് തപസ്യയുടെ അവസാനദിവസം ആല്‍മരത്തിന്റെ വേരുകള്‍ക്ക് സമാനമായി കുടുംബാംഗങ്ങള്‍ താഴേക്ക് തൂങ്ങിക്കിടക്കണമെന്നും ഡയറിയിലുണ്ട്. ജൂണ്‍ 30ന് നടന്ന കൂട്ടമരണം ഇത്തരത്തില്‍ സംഭവിച്ചതാണോയെന്നാണ് പൊലീസ് പരിശോധിച്ച് വരികയാണ്.
ജൂണ്‍ 30നു രാവിലെയാണ് ബുറാരിയില്‍ ഒരു കുടുംബത്തിലെ 11 പേരെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന അംഗമായ നാരായണി ദേവി(77), ഇവരുടെ മകള്‍ പ്രതിഭ (57), ആണ്‍മക്കളായ ഭുവ്നേഷ് (50), ലളിത് ഭാട്ടിയ (45), ഭുവ്നേഷിന്റെ ഭാര്യ സവിത(48), ഇവരുടെ മൂന്നു മക്കളായ മീനു(23), നിധി(25), ധ്രുവ് (15), ലളിതിന്റെ ഭാര്യ ടിന (42), മകള്‍ ശിവം(12), പ്രതിഭയുടെ മകള്‍ പ്രിയങ്ക(33) എന്നിവരാണു മരിച്ചത്.
മരണത്തില്‍ പുറത്തു നിന്നുള്ളവരുടെ സാന്നിധ്യം പൊലീസ് ആദ്യം തള്ളികളഞ്ഞിരുന്നു. മരണം നടന്ന വീടിന് സമീപത്തെ വീട്ടില്‍ നിന്നും ശേഖരിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ നിഗമനം. എന്നാല്‍ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഗീതാ മാ പറയുന്ന വീഡിയോ ചാനല്‍ പുറത്തുവിട്ടിതോടെ ഇവരെ പൊലീസ് പിടികൂടുകയായിരുന്നു.