കോഴിക്കോട്: കോഴിക്കോട് കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തില്‍ മാതാവ് അറസ്റ്റില്‍. കരിപ്പൂര്‍ വിമാനത്താവളത്തിലെ കഫ്റ്റീരിയ ജീവനക്കാരിയായ 21 വയസുകാരിയെയാണ് പന്നിയങ്കര പോലീസ് അറസ്റ്റുചെയ്തത്. ബംഗളൂരുവിലെ ആസ്പത്രിയില്‍ പ്രസവത്തിനുശേഷം കോഴിക്കോട്ടെത്തി കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് പോലീസിന്റെ കണ്ടെത്തല്‍. തിരുവണ്ണൂരില്‍ പള്ളിമുറ്റത്താണ് നാല് ദിവസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
തിരുവണ്ണൂര്‍ മാനാരിയിലെ പള്ളിക്കുമുന്നിലാണ് കുട്ടിയെ ഉപേക്ഷിച്ചത്. കുഞ്ഞിന്റെ പിതാവും വിമാനത്താവളത്തിലെ ജീവനക്കാരനാണെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് പള്ളിയുടെ പടിക്കെട്ടില്‍ ചെരിപ്പ് സൂക്ഷിക്കുന്ന ഭാഗത്ത് കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിനെ ഉപേക്ഷിച്ചപ്പോള്‍ പൊതിഞ്ഞ പുതപ്പിനകത്ത് ഒരു കുറിപ്പുമുണ്ടായിരുന്നു:’ഈ കുഞ്ഞിന് നിങ്ങള്‍ ഇഷ്ടമുള്ള പേരിടണം. അള്ളാഹു തന്നതാണെന്നു കരുതി നിങ്ങള്‍ ഇതിനെ നോക്കണം. ഞങ്ങള്‍ക്കു തന്നത് അള്ളാഹുവിനു തന്നെ തിരികെ കൊടുക്കുന്നു. കുഞ്ഞിന് ബിസിജിയും പോളിയോ വാക്‌സിനും ഹെപ്പറ്റൈറ്റിസ് ബി1 വാക്‌സിനും കൊടുക്കണം’ എന്നൊക്കെയായിരുന്നു കുറിപ്പില്‍.
വനിതാ പോലീസും ശിശുസംരക്ഷണ സമിതി പ്രവര്‍ത്തകരുമെത്തി കുഞ്ഞിനെ ഏറ്റെടുത്ത് കോട്ടപ്പറമ്പ് ജില്ലാ വനിതാ ശിശു ആസ്പത്രിയിലേക്ക് എത്തിച്ചിരുന്നു. 2.7 കിലോ ഗ്രാം ഭാരമുള്ള കുഞ്ഞ് ആരോഗ്യവതിയാണെന്നാണ് വിവരം.