ഖബറടക്കാന്‍ കൊണ്ടുവന്ന നവജാതശിശുവിന് ജീവന്റെ തുടിപ്പ്

കോഴിക്കോട്: ഖബറടക്കാന്‍ കൊണ്ടുവന്ന നവജാത ശിശുവിന് കുളിപ്പിക്കുന്നതിനിടെ ജീവന്റെ തുടിപ്പുള്ളതായി കണ്ടെത്തല്‍. തുടര്‍ന്ന് കുട്ടിയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് കണ്ണംപറമ്പിലാണ് സംഭവം.

നഗരത്തിലെ ഒരു സ്വകാര്യ ആസ്പത്രിയില്‍ നിന്ന് ഡോക്ടര്‍മാര്‍ മരിച്ചെന്ന് സാക്ഷ്യപ്പെടുത്തിയ 22 ആഴ്ച പ്രായമുള്ള, മാസം തികയാതെ പ്രസവിച്ച ആണ്‍കുട്ടിയിലാണ് ജീവന്റെ തുടിപ്പ് കണ്ടെത്തിയത്.

കണ്ണംപറമ്പ് ഖബര്‍സ്ഥാനു സമീപത്തുള്ള മുറിയില്‍ കുളിപ്പിക്കാന്‍ കിടത്തിയ കുട്ടിയുടെ തലയില്‍ തൊട്ടപ്പോള്‍ ശരീരമാകെ അനങ്ങിയതായി ബന്ധുക്കള്‍ പറഞ്ഞു. കുട്ടിയെ ഇപ്പോള്‍ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പ്രസവവേദനയെത്തുടര്‍ന്ന് പേരാമ്പ്ര സ്വദേശിനിയെ ഇന്നലെയാണ് കോഴിക്കോട്ടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.

സസ്‌പെന്റഡ് ആനിമേഷന്‍ എന്ന മരണതുല്യമായ അബോധാവസ്ഥയാണെന്നാണ് സംഭവത്തെക്കുറിച്ച് ഡോക്ടര്‍മാര്‍ പറയുന്നത്. ഇത്തരം അവസ്ഥയില്‍ ശ്വസനവും മിടിപ്പും ഉണ്ടാവില്ല. ഇതാണ് മരിച്ചതായി വിധിയെഴുതാന്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത്.

chandrika:
whatsapp
line