X

ആശുപത്രിയിലെത്തുന്നതിന് മുമ്പ് വീട്ടില്‍ പ്രസവിച്ചു; ഡോക്ടര്‍ വന്നില്ല; നവജാത ശിശു മരിച്ചു

കണ്ണൂര്‍: കണ്ണൂര്‍ പാനൂരില്‍ വേദന കൂടി യുവതി വീട്ടില്‍ പ്രസവിച്ചു. പരിശോധനക്ക് ഡോക്ടറെ ലഭിക്കാത്തതിനെ തുടര്‍ന്ന് നവജാത ശിശു മരിച്ചു. പാനൂര്‍ പൊലീസ് സ്റ്റേഷനു സമീപത്തെ മാണിക്കോത്ത് ഹനീഫ-സമീറ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്.

വ്യാഴാഴ്ച രാവിലെ സമീറക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുമ്പോഴേക്കും വീട്ടില്‍ വെച്ച് തന്നെ പ്രസവം നടന്നു. ഉടന്‍ തന്നെ വീട്ടുകാര്‍ പാനൂര്‍ സി.എച്ച്.സിയില്‍ എത്തി ഡോക്ടറോട് വരാന്‍ ആവശ്യപ്പെട്ടെങ്കിലും ഡോക്ടര്‍ വരാന്‍ തയാറായില്ല. ഇതിനെ തുടര്‍ന്ന് വാക്കു തര്‍ക്കവും ബഹളവുമായി.

പൊലീസും ഫയര്‍ഫോഴ്‌സ് അധികൃതരും ബന്ധപ്പെട്ടിട്ടും കോവിഡ് നിബന്ധനകള്‍ ചൂണ്ടിക്കാട്ടി ഡോക്ടര്‍ വീട്ടിലേക്ക് വരാന്‍ തയ്യാറായില്ലെന്ന് വീട്ടുകാര്‍ പറഞ്ഞു. കോവിഡ് സാഹചര്യത്തില്‍ വീടുകളില്‍ പോയി പരിശോധന നടത്താറില്ലെന്നാണ് ഡോക്ടര്‍ നിലപാടെടുത്തത്. ഉടനെ സമീപത്തെ ക്ലിനിക്കില്‍ നിന്നും നേഴ്‌സുമാര്‍ എത്തി പൊക്കിള്‍കൊടി മുറിച്ചു മാറ്റിയെങ്കിലും കുഞ്ഞ് മരിച്ചിരുന്നു.

സമീറയെ തലശേരി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എട്ടാംമാസത്തിലാണ് പ്രസവം നടന്നതെന്ന് വിട്ടുകാര്‍ പറഞ്ഞു. ആരോഗ്യമന്ത്രിയുടെ മണ്ഡലത്തില്‍ ഉള്‍പ്പെട്ട പാനൂരില്‍ ഡോക്ടറുടെ സേവനം ലഭിക്കാതെ നവജാത ശിശു മരിച്ച സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

chandrika: