വെല്ലിങ്ടണ്‍: ഇസ്‌ലാം ഭീതി ഇല്ലാതാക്കാന്‍ പൊലീസ് യൂണിഫോമില്‍ ഹിജാബിന് ഇടം നല്‍കി ന്യൂസിലാന്‍ഡ്. വൈവിധ്യം നിറഞ്ഞ സമൂഹത്തില്‍ കൂടുതല്‍ ഇഴുകിച്ചേര്‍ന്നു ജീവിക്കാനുള്ള സാഹചര്യമുണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് സര്‍ക്കാര്‍ നടപടി.
മുസ്‌ലിം പൊലീസ് ഉദ്യോഗസ്ഥയായ സീന അലി ഹിജാബ് യൂണിഫോം ധരിച്ച് നില്‍ക്കുന്ന ഫോട്ടോ ന്യൂസിലാന്‍ഡ് പൊലീസ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. അമ്പത് മുസ്‌ലിംകള്‍ കൊല്ലപ്പെട്ട ക്രൈസ്റ്റ്ചര്‍ച്ച് മസ്ജിദിലെ ഭീകരാക്രമണത്തിന് ശേഷമാണ് മുപ്പതുകാരിയായ സീന പൊലീസില്‍ പ്രവേശിച്ചത്.
സീനയുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ന്യൂസിലാന്‍ഡ് റോയല്‍ പൊലീസ് ചരിത്രപരമായ ഈ തീരുമാനത്തിലെത്തിയത്. സീനയ്ക്ക് പരിശീലനത്തിനിടെ ഹലാല്‍ ഇറച്ചിയും പ്രാര്‍ത്ഥനയ്ക്കായി പ്രത്യേക മുറിയും സജ്ജമാക്കിയിരുന്നു.
ന്യൂസിലാന്‍ഡ് ജനസംഖ്യയിലെ ഒരു ശതമാനം മാത്രമാണ് മുസ്‌ലിംകള്‍. ദക്ഷിണേഷ്യയില്‍ നിന്നും കിഴക്കന്‍ യൂറോപ്പില്‍ നിന്നും കുടിയേറിയവരാണിവര്‍.