ഓക്‌ലാന്‍ഡ്: ന്യൂസിലാന്‍ഡ് പൊതു തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ജസീന്ദ ആര്‍ഡെന് വന്‍ ജയം. മൂന്നില്‍ രണ്ട് വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ ജസീന്ദയുടെ ലേബര്‍ പാര്‍ട്ടിക്ക് 49.2 ശതമാനം വോട്ടാണ് ലഭിച്ചത്. 120 അംഗ സഭയില്‍ 64 ഇടത്തെങ്കിലും ലേബര്‍ പാര്‍ട്ടി ജയിക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ പറയുന്നത്.
പ്രതിപക്ഷ നേതാവ് ജുഡിത് കോളിന്‍സ് തോല്‍വി സമ്മതിച്ചു. ‘നിങ്ങളുടെ ഫലത്തിന് നന്ദി. ലേബര്‍ പാര്‍ട്ടിക്ക് മികച്ച ഫലമാണിത്. വളരെ കഠിനമായ പ്രചാരണമായിരുന്നു’ – എന്നാണ് ഫലങ്ങളോട് കോളിന്‍സ് പ്രതികരിച്ചത്. കോളിന്‍സ് നേതൃത്വം നല്‍കുന്ന നാഷണല്‍ പാര്‍ട്ടി 35 സീറ്റില്‍ ഒതുങ്ങുമെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെ എങ്കില്‍ 20 വര്‍ഷത്തിനിടെയുള്ള പാര്‍ട്ടിയുടെ മോശം പ്രകടനമാകും ഇത്.
നേരത്തെ, എല്ലാ അഭിപ്രായ സര്‍വേകളും ജസീന്ദയ്ക്ക് വന്‍ ഭൂരിപക്ഷം പ്രവചിച്ചിരുന്നു. ജസീന്ദയുടെ നേതൃശേഷിയാണ് ഫലത്തില്‍ പ്രകടമായത് എന്ന് ലേബര്‍ പാര്‍ട്ടി പ്രസിഡണ്ട് ക്ലൈരെ സാബോ പ്രതികരിച്ചു. കോവിഡ് മഹാമാരി കൈകാര്യം ചെയ്ത പ്രധാനമന്ത്രിയുടെ രീതി ആഗോള തലത്തില്‍ തന്നെ പ്രശംസയ്ക്ക് വിധേയമായിരുന്നു.
സെപ്തംബറില്‍ നടക്കേണ്ടിയിരുന്ന പൊതു തെരഞ്ഞെടുപ്പ് കോവിഡ് പശ്ചാത്തലത്തില്‍ ഒരു മാസത്തേക്ക് നീട്ടിയിരുന്നു. പത്തു ലക്ഷത്തിലേറെ പേരാണ് ഒക്ടോബര്‍ മൂന്നിന് നടന്ന തെരഞ്ഞെടുപ്പില്‍ വോട്ടു രേഖപ്പെടുത്തിയത്.
ലേബര്‍ പാര്‍ട്ടിക്ക് 49 ഉം നാഷണല്‍ പാര്‍ട്ടിക്ക് 27 ഉം എടിസി ന്യൂസിലാന്‍ഡ്, ഗ്രീന്‍ പാര്‍ട്ടികള്‍ക്ക് എട്ടും ശതമാനം വോട്ടാണ് കിട്ടിയത് എന്ന് ഇലക്ടോറല്‍ കമ്മിഷന്‍ പറയുന്നു. അമ്പത് വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ ജനപിന്തുണയാണ് ഇപ്പോള്‍ ലേബര്‍ പാര്‍ട്ടിക്ക് ലഭിച്ചിട്ടുള്ളത് എ്ന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.