വെല്ലിങ്ടണ്‍: എലികളെ ഉന്മൂലനം ചെയ്ത് പക്ഷികളെ സംരക്ഷിക്കാനുള്ള പദ്ധതിയുമായി ന്യൂസിലാന്‍ഡ്. പ്രിഡേറ്റര്‍ ഫ്രീ മിറമര്‍ എന്നാണ് പദ്ധതിക്ക് നല്‍കിയിരിക്കുന്ന പേര്. 2050ഓളം രാജ്യത്തെ മുഴുവന്‍ എലികളെയും ഉന്മൂലനം ചെയ്യാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയും കെണിവെച്ച് പിടിച്ചുമാണ് എലിവേട്ട. അതിന് പ്രത്യേക സന്നദ്ധ പ്രവര്‍ത്തകരെ നിയോഗിച്ചിട്ടുണ്ട്. എലികളെ കണ്ടെത്തിയാല്‍ ആപ്പിലൂടെ വിവരമറിയിക്കാം.
ന്യൂസിലാന്‍ഡില്‍ എലികളുടെ പക്ഷിവേട്ട കാരണം പ്രതിവര്‍ഷം 26 ദശലക്ഷം പക്ഷികളെ നഷ്ടപ്പെടുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വേട്ടക്കാരില്ലാത്ത രാജ്യമെന്ന പദ്ധതിയെക്കുറിച്ച് രാജ്യം ചിന്തിച്ചു തുടങ്ങിയത്. ഒരുകാലത്ത് ന്യൂസിലാന്‍ഡില്‍ പക്ഷികള്‍ക്ക് ഭീതിയില്ലാതെ ജീവിക്കാന്‍ പറ്റിയിരുന്നു. പക്ഷേ, യൂറോപ്യന്‍ അധിനിവേശത്തോടെ പക്ഷികളെ സസ്തനികളും യൂറോപ്യന്‍മാരോടൊപ്പം ന്യൂസിലാന്‍ഡിലെത്തി. തദ്ദേശീരായ പക്ഷികളുടെ വംശനാശത്തിന് ഇത് കാരണമായി.